/kalakaumudi/media/media_files/2025/07/29/sunil-gavaskar-2025-07-29-19-17-00.webp)
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പതിനഞ്ചോവര്‍ ശേഷിക്ക ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ സമനില ഓഫര്‍ നിരസിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ഓഫര്‍ നിരസിച്ച രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും ഇംഗ്ലണ്ട് താരങ്ങള്‍ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഗാവസ്‌കറുടെ പ്രതികരണം. ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടത്തിന് വേണ്ടി കളിച്ചുവെന്നുള്ള വിമര്‍ശനം മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഉന്നയിച്ചിരുന്നു. മുന്‍ താരം ജോനാതന്‍ ട്രോട്ട് അതിലൊരാളാണ്.
താരങ്ങള്‍ ക്ഷീണിതരാണെന്നും അതുകൊണ്ടാണ് നേരത്തെ നിര്‍ത്താന്‍ ശ്രമിച്ചതെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഇന്ത്യന്‍ താരങ്ങളെ പ്രതിരോധിച്ച് ഗവാസ്‌കര്‍ രംഗത്ത് വന്നത്. ''ടെസ്റ്റില്‍ സെഞ്ച്വറി നേടുക എളുപ്പമല്ല. സെഞ്ച്വറിക്ക് സാധ്യത ഉള്ളപ്പോള്‍ അത് നഷ്ടപ്പെടുത്തേണ്ട കാര്യമില്ല. മികച്ച ബൗളര്‍മാരെ നേരിട്ടാണ് ജഡേജയും വാഷിംഗ്ടണും സമനില ഉറപ്പാക്കിയത്. ഇരുവരും സെഞ്ച്വറി അര്‍ഹിച്ചിരുന്നു. ഇംഗ്ലണ്ട് പാര്‍ട് ടൈം ബൗളര്‍മാര്‍ക്ക് പന്ത് കൊടുക്കാതെ പൊരുതുകയാണ് വേണ്ടിയിരുന്നത്. താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ സെഞ്ച്വറിക്ക് ശേഷവും ബാറ്റിംഗ് തുടരാന്‍ ആവശ്യപ്പെടുമായിരുന്നു. ശേഷിക്കുന്ന ഓവറുകള്‍കൂടി കളിക്കുമ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും കൂടുതല്‍ ക്ഷീണിതരാകുമായിരുന്നു. ഇംഗ്ലണ്ട് ടീം ആഗ്രഹിക്കും പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയില്ല.'' ഗാവസ്‌കര്‍ പറഞ്ഞു.
ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ജഡേജയും സ്റ്റോക്സും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരും സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യ സമനിലക്ക് സമ്മതിച്ച് കൈകൊടുത്തത്.
സമനിലയല്ലാതെ മറ്റൊരു ഫലത്തിന് സാധ്യതയില്ലെന്ന് ഉറപ്പായതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അടുത്തെത്തി കൈ കൊടുത്ത് സമനിലയില്‍ പിരിയാനായി താന്‍ ശ്രമിച്ചതെന്ന് സ്റ്റോക്സ് പറഞ്ഞു. തന്റെ ബൗളര്‍മാരെ കൂടുതല്‍ പന്തെറിയിച്ച് തളര്‍ത്താതിരിക്കാനും പരിക്കേല്‍ക്കാതിരിക്കാനുമുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് സമനിലക്കായി കൈ കൊടുക്കാന്‍ പോയതെന്നും സ്റ്റോക്സ് വ്യക്തമാക്തി.