/kalakaumudi/media/media_files/2025/06/21/ind-vs-eng-2025-06-21-21-33-00.webp)
ind vs eng
ഓവല്‍:ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 224 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ. 204-6 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായത്. 57 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയാണ് കരുണ്‍ നായര്‍ തുടങ്ങിയത്. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും ജോഷ് ടംഗിനെതിരെ ബൗണ്ടറി നേടിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. എന്നാല്‍ ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ എല്‍ബിഡബ്ല്യൂ അപ്പീല്‍ അതിജീവിച്ച കരുണിന് അധികം ആയുസുണ്ടായില്ല. ജോഷ് വൈഡ് ബൗണ്ടറി വഴങ്ങിയതിന് പിന്നാലെ കരുണ്‍ നായരെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചു. 109 പന്തില്‍ എട്ട് ബൗണ്ടറിയോടെയാണ് കരുണ്‍ 57 റണ്‍സടിച്ചത്. ഏഴാം വിക്കറ്റില്‍ സുന്ദറിനൊപ്പം 65 റണ്‍സിന്റെ കൂട്ടുകെട്ടിലും കരുണ്‍ പങ്കാളിയായി.
218-7ലേക്ക് വീണ ഇന്ത്യക്ക് തൊട്ടടുത്ത ഓവറില്‍ സുന്ദറിനെ(26)യും നഷ്ടമായി. പൊരുതി നിന്ന സുന്ദറിനെ അറ്റ്കിന്‍സണിന്റെ പന്തില്‍ ജാമി ഓവര്‍ടണ്‍ പിടികൂടി. ഇന്ത്യ 220-8ലേക്ക് വീണു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. സിറാജിനെ ബൗള്‍ഡാക്കിയ അറ്റ്കിന്‍സണ്‍ പിന്നാലെ പ്രസിദ്ധിനെയും വീഴ്ത്തി ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.
ഇംഗ്ലണ്ടിനായി അറ്റ്കിന്‍സണ്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തപ്പോള്‍ ജോഷ് ടംഗ് 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.