/kalakaumudi/media/media_files/2025/08/03/gill-2025-08-03-17-15-17.webp)
ഓവല്‍:ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഓവല്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചും ആദ്യ ഇന്നിംഗ്‌സില്‍ നാലും വിക്കറ്റെടുത്ത സിറാജാണ് അവസാന ദിനം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച സിറാജ് രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
പരമ്പരയിലാകെ 185.3 ഓവര്‍ പന്തെറിഞ്ഞ സിറാജ് 23 വിക്കറ്റുമായി വിക്കറ്റ് വേട്ടയിലും ഒന്നാമനായി. നാലാം ദിനം ഹാരി ബ്രൂക്കിന്റെ നിര്‍ണായക ക്യാച്ചെടുക്കുന്നതില്‍ സിറാജ് വരുത്തിയ പിഴവ് ഇന്ത്യയുടെ വിധിയെഴുതിയെന്ന് കരുതിയെങ്കിലും അവസാന ദിനം ഹൃദയം കൊണ്ട് പന്തെറിഞ്ഞ സിറാജ് ഇന്ത്യയെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ചു.
ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിന്റെ പരമ്പരയുടെ താരമായപ്പോള്‍ നായകന്‍ ശുഭ്മാന്‍ ഗില്ലാണ് പരമ്പരയില്‍ ഇന്ത്യയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് ടെസ്റ്റില്‍ നിന്ന് നാലു സെഞ്ചുറി ഉള്‍പ്പെടെ 754 റണ്‍സടിച്ചാണ് ഗില്‍ ഇന്ത്യയുടെ പരമ്പരയിലെ താരമായത്. ബ്രൂക്ക് ആകട്ടെ അഞ്ച് ടെസ്റ്റില്‍ നിന്വന് 481 റണ്‍സാണ് നേടിയത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 537 റണ്‍സടിച്ച ജോ റൂട്ടാണ് പരമ്പരയിലെ റണ്‍വേട്ടയില്‍ ഗില്ലിന് പിന്നില്‍ രണ്ടാമത് എത്തിയത്.
ഓവലില്‍ അവസാന ദിനം ജയത്തിലേക്ക് 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും ജാമി ഓവര്‍ടണുമായിരുന്നു ക്രീസില്‍. അവസാന ദിനം ആദ്യ രണ്ട് പന്തുകളും ഓവര്‍ടണ്‍ ബൗണ്ടറി കടത്തിയതോടെ ഇന്ത്യ കളി കൈവിട്ടെന്ന് കരുതിയെങ്കിലും സ്മിത്തിനെ വീഴ്ത്തിയ സിറാജ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെ ഓവര്‍ടണെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ജോഷ് ടംഗിനെ പ്രസിദ്ധ് ബൗള്‍ഡാക്കി. പൊരുതി നോക്കിയ ഗുസ് അറ്റ്കിന്‍സണെ മനോഹരമായൊരു യോര്‍ക്കറില്‍ ബൗള്‍ഡാക്കി സിറാജ് ഇന്ത്യക്ക് ആറ് റണ്ണിന്റെ നാടകീയ ജയം സമ്മാനിച്ചു.