ഓവലിലെ ത്രില്ലര്‍ ജയത്തോടെ റെക്കോര്‍ഡിട്ട് ഗില്ലിന്റെ യുവ ഇന്ത്യ

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ വിജയ മാര്‍ജിനാണ് ഇംഗ്ലണ്ടിനെതിരെ ഇന്ന് നേടിയ 6 റണ്‍സിന്റെ ജയം

author-image
Jayakrishnan R
New Update
TEAM INDIA



ഓവല്‍:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആറ് റണ്‍സിന്റെ അവിസ്മരണീയ ജയവുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പര സമനിലയാക്കിയതോടെ(2-2) ശുഭ്മാന്‍ ഗില്ലിന്റെ യുവ ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ 3-1ന് നഷ്ടമാകുമായിരുന്ന പരമ്പരയാണ് അവസാന ദിനത്തില്‍ മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും വീരോചിത പ്രകടനങ്ങളിലൂടെ ഇന്ത്യ 2-2 സമനിലയാക്കിയത്.

നാലു വിക്കറ്റ് ശേഷിക്കെ അവസാന ദിനം 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ദിനം മൂന്ന് വിക്കറ്റെടുത്ത സിറാജും ഒരു വിക്കറ്റെടുത്ത പ്രസിദ്ധും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിന് ആറ് റണ്‍സകലെ എറിഞ്ഞിട്ട് ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ടെസ്റ്റ് പരമ്പര സമനിലയാക്കി. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് 2-1ന് പിന്നില്‍ നിന്നശേഷം അവസാന ടെസ്റ്റ് ജയിച്ച് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര സമനിലയാക്കുന്നത്. ഇതിന് പുറമെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് വിദേശത്ത് ഒരു പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ജയിക്കുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ വിജയ മാര്‍ജിനാണ് ഇംഗ്ലണ്ടിനെതിരെ ഇന്ന് നേടിയ 6 റണ്‍സിന്റെ ജയം. 2004ല്‍ വാങ്കഡെയില്‍ ഓസ്‌ട്രേലിയക്കെതിരെ 13 റണ്‍സിന് ജയിച്ചതായിരുന്നു ടെസ്റ്റ് ചരിത്രത്തില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും ചെറിയ വിജയ മാര്‍ജിന്‍. 1972ല്‍ കൊല്‍ക്കത്തയില്‍ 28 റണ്‍സിന് ജയിച്ചതായിരുന്നു ഇംഗ്ലണ്ടിനെതിരായ ഇതിന് മുമ്പത്തെ ഏറ്റവും ചെറിയ വിജയം. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ചെറിയ തോല്‍വിയാണിത്. 2023ലെ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ ഒരു റണ്ണിനും 1902ലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് റണ്ണിനും തോറ്റിരുന്നു. 1885ല്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയിലും ഇംഗ്ലണ്ട് ആറ് റണ്‍സിന് തോറ്റിട്ടുണ്ട്.

2018ല്‍ ഹോം സീരീസില്‍ ഇന്ത്യക്കെതിരെ 4-1ന് ജയിച്ച് പരമ്പര നേടിയശേഷം ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. ഓവലില്‍ ജയിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് 3-1ന് പരമ്പര സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നു. ഇതിനുശേഷം 2021ല്‍ ഇംഗ്ലണ്ടില്‍ നടന്ന പരമ്പര ഇന്ത്യ 2-2 സമനിലയാക്കിയപ്പോള്‍ 2024ല്‍ ഇന്ത്യയില്‍ നടന്ന പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു.

cricket sports