ഓവല്‍( ഇംഗ്ലണ്ട് ): ഈ പര്യടനത്തെ രണ്ട് രീതിയില്‍ നമുക്ക് സമീപിക്കാം. ഒന്ന്, ഏറ്റവും പരിചയസമ്പത്തുള്ള മൂന്ന് താരങ്ങളില്ലാതെയാണ് നമ്മള്‍ ഇറങ്ങുന്നത് എന്നത്. രണ്ട്, രാജ്യത്തിനായി മികവ് പുലര്‍ത്താനും പ്രത്യേകതയുള്ള നിമിഷങ്ങള്‍ സൃഷ്ടിക്കാനും വലിയൊരു അവസരം മുന്നില്‍ ഒരുങ്ങിയിരിക്കുന്നു'' - ലീഡ്സില്‍ ഒന്നാം ടെസ്റ്റിനിറങ്ങും മുന്‍പ് ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ താരങ്ങളോട് പറഞ്ഞ വാചകങ്ങളാണിത്.
ആന്‍ഡേഴ്സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിനും പരിശീലകനെന്ന നിലയില്‍ ഗംഭീറിനും മുന്നിലുള്ള വെല്ലുവിളി തുല്യമായിരുന്നു. ഒരു പരമ്പര നഷ്ടം ഗംഭീറിന്റെ പരിശീലക കസേരയ്ക്ക് പോലും ഇളക്കം നല്‍കാന്‍ പോന്നതായിരുന്നു. കാരണം, ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് സംഭവിച്ച ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫിയും ന്യൂസിലന്‍ഡ് പരമ്പരയും ഇന്ത്യക്ക് ദുസ്വപ്നങ്ങളായി പരിണമിച്ചിരുന്നു.
ന്യൂസിലന്‍ഡിനെതിരായ പരമ്പര സ്വന്തം നാട്ടില്‍ 0-3നാണ് പരാജയപ്പെട്ടത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത് 24 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. 12 വര്‍ഷത്തിന് ശേഷം ഇന്ത്യയിലും പരമ്പര നഷ്ടമായി. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി ഓസ്‌ട്രേലിയയും നേടിയെടുത്തു. ഇന്ത്യയുടെ ടെസ്റ്റിലെ വര്‍ഷങ്ങള്‍ നീണ്ട ആധിപത്യത്തെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു ഗംഭീറിന് കീഴില്‍. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
അങ്ങനെ തിരിച്ചടികളുടെ കയത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റേണ്ട ഉത്തരവാദിത്തം ഗംഭീറിനുണ്ടായിരുന്നു, ഒപ്പം ശുഭ്മാന്‍ ഗില്ലെന്ന യുവനായകനും. ഈ ഉത്തരവാദിത്തത്തിന്റെ സമ്മര്‍ദം കൊടുമുടി കയറിയ നിമിഷങ്ങളായിരുന്നു ഓവല്‍ ടെസ്റ്റിലെ അവസാന ദിനം ഇന്ത്യന്‍ ഡ്രെസിങ്ങ് റൂമില്‍ കണ്ടതും. ഓരോ പന്തും അക്ഷമനായി വീക്ഷിക്കുന്ന ഇരിപ്പുറയ്ക്കാത്ത ഗംഭീറിനേയും പരിശീലക സംഘത്തേയുമായിരുന്നു ദൃശ്യമായത്.
ഒടുവില്‍ മുഹമ്മദ് സിറാജിന്റെ യോര്‍ക്കര്‍ ഗസ് അറ്റ്കിന്‍സണിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുമ്പോള്‍ നിര്‍വികാരനായി കൂടുതല്‍ സമയവും കാണപ്പെടുന്ന ഗംഭീറായിരുന്നില്ല ഓവലില്‍. ആവേശം അലതല്ലുകയായിരുന്നു അയാളുടെ ശരീരത്തിലൂടെ. മാസങ്ങള്‍ക്ക് മുന്‍പ് ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നേടുമ്പോള്‍ പോലും ഗംഭീറില്‍ നിന്ന് ഇത്തരമൊരു പ്രതികരണം കണ്ടിരുന്നില്ല. ഒരുപക്ഷേ, ഗംഭീറെന്ന പരിശീലകന്‍ ടീമില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ കൂടെ ഫലം ഓവലില്‍ കണ്ടു.
പരമ്പരയിലുടനീളം ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ഗംഭീര്‍ താരങ്ങളെ പ്രതിരോധിച്ച വിധം തന്നെ ഉദാഹരണമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പരിചയസമ്പത്തുകുറഞ്ഞ ബൗളിങ് നിരയിലെ ആത്മവിശ്വാസമാണ്. ജസ്പ്രിത് ബുമ്രയേയും മുഹമ്മദ് സിറാജിനേയും ശാര്‍ദൂല്‍ താക്കൂറിനേയും മാറ്റി നിര്‍ത്തിയാല്‍ പേസ് നിരയിലുള്ള ഒരാള്‍ക്ക് പോലും പത്ത് ടെസ്റ്റുകളുടെ പോലും പരിചയസമ്പത്തുണ്ടായിരുന്നില്ല.
നിതീഷ് അഞ്ച് ടെസ്റ്റുകള്‍, പ്രസിദ്ധ് നാല്, ഹര്‍ഷിത് റാണ രണ്ട്, അര്‍ഷദീപാണെങ്കില്‍ അരങ്ങേറ്റം കാത്തിരിക്കുന്നയാളും. പരമ്പരയുടെ തുടക്കത്തില്‍ ബുമ്രയുടെ ജോലിഭാരം വര്‍ധിക്കുകയും മറ്റ് പേസര്‍മാര്‍ക്ക് വിക്കറ്റെടുക്കാന്‍ സാധിക്കാതെയും പോയ സാഹചര്യങ്ങളില്‍ ഗംഭീര്‍ ഒരുതരത്തിലുമുള്ള വിമര്‍ശനങ്ങള്‍ക്ക് തയാറാകതെ പൂര്‍ണമായും താരങ്ങളെ പിന്തുണയ്ക്കുകയായിരുന്നു. തന്റെ പരിശീലന കരിയറിലുടനീളം ഗംഭീര്‍ തുടര്‍ന്ന ശൈലി ആവര്‍ത്തിച്ചു.
''നേരത്തെ 40ലധികം ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള നാല് പേസര്‍മാരായിരുന്നു ടീമിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. അവര്‍ക്ക് സമയം നല്‍കേണ്ടതുണ്ട്. ഓരോ മത്സരത്തിന് ശേഷവും അവരെ അളക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ ഒരു ബൗളിങ് നിരയെ വാര്‍ത്തെടുക്കും. ടീമിലുള്ള ബൗളര്‍മാര്‍ക്ക് പരിചയസമ്പത്ത് കുറവായിരിക്കാം, പക്ഷേ മികവുണ്ട്. 20 വിക്കറ്റുകളെടുക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന ഉറപ്പിലാണ് ടീമിലെടുത്തത്,'' ഗംഭീര്‍ ആദ്യ ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനുപുറമെ ബുമ്രയുടെ കാര്യത്തില്‍ കൃത്യമായ കരുതലെടുക്കാനും ഗംഭീര്‍ തയാറായി. അഞ്ചാം ടെസ്റ്റിന് ബുമ്രയടക്കമുള്ള പേസര്‍മാര്‍ പൂര്‍ണമായും സജ്ജമാണെന്ന് വ്യക്തമാക്കിയ ശേഷവും ബുമ്രയെ കളിപ്പിക്കാന്‍ തായാറായില്ല. ബുമ്ര മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുകയുള്ളുവെന്ന നിലപാട് തുടര്‍ന്നു. വരും മാസങ്ങളില്‍ ഏഷ്യ കപ്പ് ഉള്‍പ്പെടെ നിരവധി നിര്‍ണായക മത്സരങ്ങള്‍ നടക്കാനിരിക്കെ ബുമ്രയുടെ കാര്യത്തില്‍ ഒരു റിസ്‌ക്ക് എടുക്കാതെ തന്നെ മുന്നോട്ട് പോകുക എന്നതായിരുന്നു തീരുമാനം. അത് വിജയകരമായി നടപ്പിലാക്കാനും കഴിഞ്ഞു.
ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളായിരുന്നു ഗംഭീറെന്ന പരിശീലകന് നേരെ ഉയര്‍ന്ന വലിയ വിമര്‍ശനം. പ്രത്യേകിച്ചും വിക്കറ്റ് ടേക്കിങ് സ്പിന്നറായ കുല്‍ദീപ് യാദവിനേയും പേസറായ അര്‍ഷദീപ് സിങ്ങിനേയും കളിപ്പിക്കാത്തതില്‍. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏക ലോകോത്തര സ്പിന്നറാണ് കുല്‍ദീപ്. ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കാന്‍ കഴിയുന്നതാരം. വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും എല്ലാ വിക്കറ്റുകളിലും ബാറ്റര്‍മാരെ പുറത്താക്കാന്‍ മികവുള്ളവരല്ല. ഓവലില്‍ പേസര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ മാത്രമായിരുന്നു ഇരുവരേയും ഗില്‍ ഉപയോഗിച്ചതുതന്നെ.
അതുകൊണ്ട് കുല്‍ദീപിനെ എന്തുകൊണ്ട് ഒരു മത്സരത്തില്‍പ്പോലും കളിപ്പിച്ചില്ല എന്ന ചോദ്യം ഉയരുന്നു. പ്രത്യേകിച്ചും മാഞ്ചസ്റ്ററില്‍, സ്പിന്നിന് അനുകൂലമായ സാഹചര്യമുണ്ടായിരുന്നിട്ടും കുല്‍ദീപിന്റെ സ്ഥാനം പുറത്തായിരുന്നു. കുല്‍ദീപ് കളിച്ചിരുന്നേല്‍ മത്സരഫലം ഇന്ത്യയ്ക്ക് ഒപ്പമാകുമായിരുന്നുവെന്ന വിലയിരുത്തലുകളും വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഒന്ന്, മൂന്ന് ടെസ്റ്റുകളിലെ തോല്‍വിയുടെ കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നത് ടീം തിരഞ്ഞെടുപ്പ് തന്നെയാണ്.
ടീമിന്റെ വിജയത്തിന് മുകളില്‍ മറ്റൊന്നിനേയും പരിഗണിക്കാത്ത ശൈലിയാണ് ഗംഭീറിന്റേത്. അതിനായി താരങ്ങള്‍ ഏതറ്റം വരെ പോരാടുന്നതിലും ഗംഭീര്‍ പൂര്‍ണ പിന്തുണ നല്‍കും. റിഷഭ് പന്ത് വലം കാലില്‍ ഗുരുതര പരുക്കേറ്റതിന് ശേഷവും കളത്തിലെത്തിയതിനേയും ഗംഭീര്‍ അത്തരത്തില്‍ തന്നെയായിരുന്നു സ്വീകരിച്ചത്. വരും തലമുറയ്ക്ക് പന്ത് പ്രചോദനമാകുമെന്നായിരുന്നു ഗംഭീര്‍ ഡ്രസിങ് റൂമില്‍ പറഞ്ഞതും. സായ് സുദര്‍ശനേയും കരുണ്‍ നായരിനേയും പിന്തുണച്ചത്, പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരങ്ങള്‍ നല്‍കി മാച്ച് വിന്നറാക്കി മാറ്റിയെടുത്തതിലെല്ലാം ഗംഭീറിന്റേയും പരിശീലകസംഘത്തിന്റേയും ഗില്ലിന്റേയും പങ്ക് ചെറുതല്ല.
2-2ന് പരമ്പര സമനിലയിലായെങ്കിലും ജയത്തോളം പോന്ന നേട്ടവുമായാണ് ഗംഭീര്‍ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങുന്നത്. പ്രത്യേകിച്ചും രോഹിത് ശര്‍മ, വിരാട് കോലി, രവി അശ്വിന്‍ തുടങ്ങിയ ഇതിഹാസങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ അസാധ്യമെന്ന് പലരും വിലയിരുത്തിയത് സാധ്യമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് മികച്ചൊരു തുടക്കം ഇതിലൂടെ ലഭ്യമാകുകയും ചെയ്തു. തന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ ഗംഭീറിനും സാധിച്ചു.