/kalakaumudi/media/media_files/2024/12/27/p1Y1mMCgmJ77ej6fKC5e.jpg)
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ പരമ്പരയുടെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കുമായിരുന്നു. സാധാരണ ടെസ്റ്റ് പരമ്പരകളില്‍ ഇരു ടീമിുകളില്‍ നിന്നുമായി ഒരു താരത്തെ മാത്രമാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കുക. അപൂര്‍വമായി മാത്രമെ ഇതിന് മാറ്റം വരാറുള്ളു. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ രണ്ട് ടീമിന്റെയും ഓരോ താരങ്ങളെ വീതം പരമ്പരയുടെ താരങ്ങളായി തെരഞ്ഞെടുക്കുന്നതാണ് പതിവ്. എതിര്‍ ടീം പരിശീലകരാണ് ഓരോ ടീമിന്റെയും പരമ്പരയുടെ താരങ്ങളുടെ പേര് നിര്‍ദേശിക്കുക.
ഇതനുസരിച്ച് ഇന്ത്യയുടെ പരമ്പര താരമായി ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആദ്യം നിര്‍ദേശിച്ചത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ആയിരുന്നെങ്കിലും അഞ്ചാം ദിനം പേര് മാറ്റിയെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. നാലാം ദിനത്തിലെ കളിക്കുശേഷം പരമ്പരയിലെ ഇന്ത്യയുടെ താരമായി മക്കല്ലം തെരഞ്ഞെടുത്തത് ഗില്ലിനെയായിരുന്നു. എന്നാല്‍ അഞ്ചാം ദിനത്തിലെ മുഹമ്മദ് സിറാജിന്റെ ബൗളിംഗ് കണ്ടശേഷം മക്കല്ലം പരമ്പരയുടെ താരമായി മുഹമ്മദ് സിറാജിന്റെ പേര് നിര്‍ദേശിച്ചു.
പക്ഷെ അപ്പോഴേക്കും സമ്മാനദാനച്ചടങ്ങിലെ അവതാരകനായ മൈക്കല്‍ ആതര്‍ട്ടണ്‍ ഗില്ലിനോട് ചോദിക്കാനുള്ള ചോദ്യങ്ങളെല്ലാം തയാറാക്കിവെച്ചിരുന്നു. ഗില്ലിനെ മാറ്റി സിറാജിനെ തെരഞ്ഞെടുത്താല്‍ വീണ്ടും ചോദ്യങ്ങളെല്ലാം ആദ്യമുതല്‍ തയാറാക്കേണ്ടിവരുമെന്നും ഇതിന് സമയമുണ്ടായിരുന്നില്ലെന്നും അതിനാലാണ് സിറാജിനെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കാതിരുന്നതെന്ന് കാര്‍ത്തിക് പറഞ്ഞു.
നാലാം ദിനം തന്നെ കളി തീര്‍ന്നിരുന്നെങ്കില്‍ ശുഭ്മാന്‍ ഗില്‍ തന്നെയാവുമായിയിരുന്നു പരമ്പരയില്‍ ഇന്ത്യയുടെ താരം. എന്നാല്‍ മത്സരം അഞ്ചാം ദിനത്തിലേക്ക് നീളുകയും മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുമായി ഇന്ത്യക്ക് വിജയം സമ്മാനിക്കുകയും ചെയ്തതോടെ മക്കല്ലത്തിന്റെ മനസുമാറി. അഞ്ചാം ദിനം കളി തീരാന്‍ 30-40 മിനിറ്റ് മാത്രം ബാക്കിയിരിക്കെ മക്കല്ലം പരമ്പരയുടെ താരമായി സിറാജിന്റെ പേര് നിര്‍ദേശിച്ചു. എന്നാല്‍ അവസാന നിമിഷം മാറ്റിയാല്‍ ചോദ്യങ്ങളെല്ലാം പൊളിച്ചുപണിയേണ്ടിവരുമെന്നതിനാല്‍ ഗില്ലിനെ തന്നെ പരമ്പരയുടെ താരമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. മത്സരത്തിനുശേഷം സിറാജിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് മക്കല്ലം സംസാരിക്കുകയും ചെയ്തു. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഹാരി ബ്രൂക്കിനെയാണ് ഇംഗ്ലണ്ടിന്റെ പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാലു സെഞ്ചുറി ഉള്‍പ്പെടെ 754 റണ്‍സടിച്ചാണ് ഗില്‍ പരമ്പരയുടെ താരമായത്. 23 വിക്കറ്റുമായി മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്നു.