ഓവലില്‍ ധ്രുവ് ജുറെല്‍ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്

ധ്രുവ് ജുറെല്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ച അഞ്ച് ടെസ്റ്റിലും ഇന്ത്യ ജയിച്ചുവെന്നതാണ് ആ റെക്കോര്‍ഡ്.

author-image
Jayakrishnan R
New Update
DRUV JUREL



 

ഓവല്‍:ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി ഇറങ്ങിയത് ധ്രുവ് ജുറെലായിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ റിഷഭ് പന്തിന്റെ കാല്‍പ്പാദത്തില്‍ പന്തുകൊണ്ട് പരിക്കേറ്റതോടെയാണ് ധ്രുവ് ജുറെലിന് ആദ്യമായി പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ഇതിനിടെ നാലാം ടെസ്റ്റില്‍ റിഷഭ് പന്തിന് പകരക്കാരനായി വിക്കറ്റ് കീപ്പറായി ധ്രുവ് കളിച്ചിരുന്നെങ്കിലും പ്ലേയിംഗ് ഇലവലിനെത്തുന്നത് ആദ്യമായിട്ടായിരുന്നു.

ബാറ്റിംഗില്‍ 19ഉം 34ഉം റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ജുറെല്‍ വിക്കറ്റിന് പിന്നിലും മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഇന്നലെ അവസാന ഓവറുകളില്‍ ഗുസ് അറ്റ്കിന്‍സണും പരിക്കേറ്റ കൈയുമായി ക്രിസ് വോക്‌സും ക്രീസില്‍ നില്‍ക്കെ വോക്‌സിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം ധ്രുവ് ജുറെല്‍ പാഴാക്കിയത് ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചിരുന്നു. പിന്നാലെ അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയ സിറാജ് ഇന്ത്യക്ക് ആറ് റണ്‍സിന്റെ ആവേശജയം സമ്മാനിച്ചപ്പോള്‍ ജുറെല്‍ സ്വന്തമാക്കിയത് മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ റെക്കോര്‍ഡാണ്.

ധ്രുവ് ജുറെല്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ച അഞ്ച് ടെസ്റ്റിലും ഇന്ത്യ ജയിച്ചുവെന്നതാണ് ആ റെക്കോര്‍ഡ്. അങ്ങനെ ഓവലിലും ഇന്ത്യയുടെ ഭാഗ്യതാരമായി ജുറെല്‍ മാറി. കളിച്ച 10 ടെസ്റ്റുകളിലും ജയിച്ച വെസ്റ്റ് ഇന്‍ഡീസ് താരം എല്‍ഡൈന്‍ ബാപ്റ്റിസ്റ്റിന്റെ പേരിലാണ് 100 ശതമാന വിജയം നേടിയ താരത്തിനുള്ള നിലവിലെ റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഹോം സീരീസിലാണ് ജുറെല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

അന്ന് ജുറെലിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 434 റണ്‍സിന്റെ പടുകൂറ്റന്‍ ജയം നേടിയപ്പോള്‍ ജുറെല്‍ കളിച്ച രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം നേടി. ജുറെല്‍ കളിച്ച മൂന്നാം ടെസ്റ്റിലാകട്ടെ 64 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തു. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് ജുറെല്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ മത്സരം ജയിച്ചു. അതിനുശേഷം നടന്ന നാലു ടെസ്റ്റിലും ജുറെലിന് അവസരം ലഭിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ജുറെലിന്, റിഷഭ് പന്തിന് പരിക്കേറ്റതോടെയാണ് ഓവലില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

 

cricket sports