/kalakaumudi/media/media_files/2025/11/18/india-pak-3-2025-11-18-05-56-38.jpg)
ദോഹ: യുഎഇക്കെതിരെ തകര്‍ത്തടിച്ച ഇന്ത്യ എ ടീമിന് പക്ഷേ പാക്കിസ്ഥാനെതിരെ സ്‌കോര്‍ ഉയര്‍ത്താനായില്ല. എട്ട് വിക്കറ്റ് തോല്‍വിയിലേക്കാണ് പാക്കിസ്ഥാനെതിരെ ജിതേഷ് ശര്‍മ നയിക്കുന്ന ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് 2025ലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വീണത്. ചിരവൈരികള്‍ക്കെതിരായ തോല്‍വി ഇന്ത്യ എ ടീമിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ?
ദോഹയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 137 റണ്‍സ് എന്ന വിജയ ലക്ഷ്യം 40 പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആണ് പാക്കിസ്ഥാന്‍ മറികടന്നത്. ഇതോടെ പാക്കിസ്ഥാന്‍ എ സെമി ഫൈനല്‍ ഉറപ്പിച്ചു. ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരവും ജയിച്ച് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ എ.
ഇന്ത്യ എ ടീം ആദ്യ മത്സരത്തില്‍ യുഎഇയെ തകര്‍ത്തിരുന്നു. 42 പന്തില്‍ നിന്ന് വൈഭവ് സൂര്യവന്‍ഷി 144 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയില്‍ നിന്നും മിന്നും ബാറ്റിങ് വന്നു. എന്നാല്‍ പാക്കിസ്ഥാനെതിരായ കളിയില്‍ അവശ്വസനീയമായ വിധത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു. 91-2 എന്ന നിലയില്‍ നിന്നാണ് 136ന് ഇന്ത്യ എ ഓള്‍ഔട്ടായത്.
28 പന്തില്‍ നിന്ന് വൈഭവ് സൂര്യവന്‍ഷി 45 റണ്‍സ് അടിച്ചെടുത്തിരുന്നു. മൂന്ന് സിക്‌സും അഞ്ച് ഫോറുമാണ് വൈഭവിന്റെ ബാറ്റില്‍ നിന്ന് വന്നത്. നമന്‍ ധീര്‍ 35 റണ്‍സും നേടി. ഒമ്പതാം ഓവറില്‍ നമന്‍ പുറത്തായതിന് പിന്നാലെ പത്താം ഓവറില്‍ വൈഭവും വീണു. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം പാക്കിസ്ഥാന്‍ ബോളിങ്ങിന് മുന്‍പില്‍ മുട്ടുമടക്കി. ഇടംകൈയ്യന്‍ ഓപ്പണറായ മാസ് സദഖത്തിന്റെ 79 റണ്‍സ് ആണ് പാക്കിസ്ഥാനെ അനായാസം ജയം പിടിക്കാന്‍ തുണച്ചത്.
ജിതേഷ് ശര്‍മയ്ക്കും സംഘത്തിനും ചൊവ്വാഴ്ചത്തെ മത്സരം നിര്‍ണായകമാണ്. ഒമാന്‍ ആണ് ഇന്ത്യ എ ടീമിന്റെ എതിരാളികള്‍. ഒമാനും ഇന്ത്യക്കും രണ്ട് പോയിന്റ് വീതമാണ് ഇപ്പോള്‍ ഉള്ളത്. ഒമാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ എയ്ക്ക് സെമിയിലെത്താം. വെള്ളിയാഴ്ചയാണ് സെമി ഫൈനല്‍. ഒമാന്‍-ഇന്ത്യ മത്സരത്തിലെ വിജയി വെള്ളിയാഴ്ച സെമിയില്‍ പാക്കിസ്ഥാനെ നേരിടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
