ദക്ഷിണാഫ്രിക്കയോട് വമ്പന്‍ തോല്‍വി വഴങ്ങി ഇന്ത്യ എ

അര്‍ധ സെഞ്ചറി നേടിയ ആയുഷ് ബദോനി (66 പന്തില്‍ 66), ഇഷാന്‍ കിഷന്‍ (67 പന്തില്‍ 53) എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങിയെങ്കിലും വലിയ വിജയലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല.

author-image
Biju
New Update
south 3

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു വമ്പന്‍ തോല്‍വി. 73 റണ്‍സ് വിജയമാണ് രാജ്‌കോട്ടില്‍ നടന്ന മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തില്‍ അടി പതറുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തപ്പോള്‍, മറുപടിയില്‍ ഇന്ത്യ എ ടീം 49.1 ഓവറില്‍ 252 റണ്‍സടിച്ച് ഓള്‍ഔട്ടായി.

അര്‍ധ സെഞ്ചറി നേടിയ ആയുഷ് ബദോനി (66 പന്തില്‍ 66), ഇഷാന്‍ കിഷന്‍ (67 പന്തില്‍ 53) എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങിയെങ്കിലും വലിയ വിജയലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഋതുരാജ് ഗെയ്ക്വാദ് (30 പന്തില്‍ 25), മാനവ് സുതര്‍ (33 പന്തില്‍ 23), പ്രസിദ്ധ് കൃഷ്ണ (28 പന്തില്‍ 23) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 57 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ തിലക് വര്‍മയുടേതുള്‍പ്പടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായത് മത്സരത്തില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായി. 98 പന്തുകളില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇഷാന്‍ കിഷന്‍- ആയുഷ് ബദോനി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ കരുത്തായത്. 210 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദാണു പരമ്പരയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലുയാന്‍-ഡ്രെ പ്രിട്ടോറിയസ് (98 പന്തില്‍ 123), റിവാള്‍ഡോ മൂണ്‍സാമി (130 പന്തില്‍ 107) എന്നിവരുടെ സെഞ്ചറിയാണ് സന്ദര്‍ശകരെ മികച്ച സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ തിലക് വര്‍മ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ പ്രിട്ടോറിയസും മൂണ്‍സാമിയും ചേര്‍ന്ന് 241 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പ്രിട്ടോറിയസ്, ട്വന്റി20 ശൈലിയില്‍ അടിച്ചുകളിച്ചപ്പോള്‍ തനത് ഏകദിന ശൈലിയിലായിരുന്നു മൂണ്‍സാമിയുടെ ഇന്നിങ്‌സ്. ആറു സിക്‌സും ഒന്‍പത് ഫോറുമാണ് പ്രിട്ടോറിയസിന്റെ ബാറ്റില്‍നിന്നു പിറന്നത്. മൂണ്‍സാമി രണ്ടു സിക്‌സും 13 ഫോറുമടിച്ചു.

38-ാം ഓവറിലാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്കു സാധിച്ചത്. 37.1 ഓവറില്‍ മൂണ്‍സാമിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറില്‍ തന്നെ പ്രിട്ടോറിയസിനെയും പ്രസിദ്ധ്, തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ചു. പിന്നീടെത്തിയ റൂബിന്‍ ഹെര്‍മന്‍ (11), സിനെതെംബ ക്വെഷിലെ (1), ക്യാപ്റ്റന്‍ മാര്‍ക്വസ് അക്കര്‍മാന്‍ (16) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും ഡയാന്‍ ഫോറസ്റ്റര്‍ (20), ഡെലാനോ പോട്ട്ഗീറ്റര്‍ (30*) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടത്തി.

ബ്യോണ്‍ ഫോര്‍ട്ടുയിന്‍ (2*) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആകെ എട്ടു ബോളര്‍മാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. ഖലീല്‍ അഹമ്മദ് പത്ത് ഓവറില്‍ 82 റണ്‍സ് വഴങ്ങിയപ്പോള്‍ ഹര്‍ഷിത് റാണ 10 ഓവറില്‍ 47 റണ്‍സെ വഴങ്ങിയുള്ളൂ.