എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ജയം. ഇന്ന് യുഎഇയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറില്‍ 107 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ എ 10.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 24 പന്തില്‍ 58 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വെടിക്കെട്ടാണ് ഇന്ത്യന്‍ വിജയം വേഗത്തിലാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ യുഎഇ ബാറ്റിങ് തിരഞ്ഞെടുത്തു. രാഹുല്‍ ചോപ്രയുടെ അര്‍ധ സെഞ്ച്വറിയാണ് യുഎഇ സ്‌കോര്‍ 100 കടത്തിയത്. 50 പന്തില്‍ 50 റണ്‍സാണ് രാഹുല്‍ ചോപ്ര നേടിയത്. ക്യാപ്റ്റന്‍ ബേസില്‍ ഹമീദ് 12 പന്തില്‍ 22 റണ്‍സും നേടി. യുഎഇ നിരയില്‍ മൂന്ന് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യ എയ്ക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ എ ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെന്ന നിലയിലായിരുന്നു. പിന്നാലെ 20 പന്തില്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേരിട്ടു. 24 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം അഭിഷേക് 58 റണ്‍സെടുത്ത് പുറത്തായി. 18 പന്തില്‍ 21 റണ്‍സുമായി തിലക് വര്‍മ ശക്തമായ പിന്തുണ നല്‍കി. ഇരുവരും പുറത്തായെങ്കിലും നേഹല്‍ വദേരയും ആയുഷ് ബഡോനിയും ചേര്‍ന്ന് ഇന്ത്യ എയെ ലക്ഷ്യത്തിലെത്തിച്ചു.
ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ എ പാകിസ്താന്‍ എയെ പരാജയപ്പെടുത്തിയിരുന്നു. മറ്റെന്നാള്‍ ഒമാനെതിരെയാണ് ഇന്ത്യ എയുടെ അടുത്ത മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ടീം എമേര്‍ജിങ് ഏഷ്യാ കപ്പിന്റെ സെമി ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.
എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ജയം
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറില്‍ 107 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ എ 10.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
New Update