പാക്ക് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയ്ക്ക് വമ്പന്‍ ജയം

ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം 28 പന്തുകളും 7 വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ 6ന് 208. ഇന്ത്യ 15.2 ഓവറില്‍ 3ന് 209

author-image
Biju
New Update
bat2

റായ്പുര്‍: ഒളിഞ്ഞിരുന്ന നിധി വീണ്ടുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ട്വന്റി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ആവേശവും ആത്മവിശ്വാസവും വാനോളമുയര്‍ത്തി ഇഷാന്‍ കിഷന്റെയും (32 പന്തില്‍ 76) സൂര്യകുമാര്‍ യാദവിന്റെയും (37 പന്തില്‍ 82 നോട്ടൗട്ട്) വെടിക്കെട്ട് അര്‍ധ സെഞ്ചറികള്‍. സൂപ്പര്‍ ബാറ്റര്‍മാര്‍ ഫോമിലേക്കു തിരിച്ചെത്തിയപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ ഉജ്വല വിജയം.

ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം 28 പന്തുകളും 7 വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ 6ന് 208. ഇന്ത്യ 15.2 ഓവറില്‍ 3ന് 209. ശിവം ദുബെയും (18 പന്തില്‍ 36 നോട്ടൗട്ട്) ഇന്ത്യന്‍ ബാറ്റിങ്ങില്‍ തിളങ്ങി. 5 മത്സര പരമ്പരയില്‍ ഇതോടെ ഇന്ത്യ 20ന് മുന്നിലെത്തി. മൂന്നാം ട്വന്റി20 നാളെ ഗുവാഹത്തിയില്‍.

ട്വന്റി20യില്‍ ഇന്ത്യ ചേസ് ചെയ്തു കീഴടക്കുന്ന ഉയര്‍ന്ന വിജയ ലക്ഷ്യമാണിത്. 2023ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇന്ത്യ 209 റണ്‍സ് വിജയലക്ഷ്യം മറികടന്നിരുന്നു. 200 റണ്‍സില്‍ കൂടുതലുള്ള വിജയലക്ഷ്യം ഏറ്റവുമധികം പന്തുകള്‍ ബാക്കിയാക്കി വിജയിക്കുന്നതിലും ഇന്ത്യ റെക്കോര്‍ഡിട്ടു. 28 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനെതിരെ 205 റണ്‍സ് വിജയലക്ഷ്യം 24 പന്തുകള്‍ ബാക്കിനിര്‍ത്തി ജയിച്ച പാക്കിസ്ഥാന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്.

രണ്ടര വര്‍ഷക്കാലം ഇന്ത്യന്‍ ദേശീയ ടീമിനു പുറത്തായിരുന്ന ഇഷാന്‍ കിഷന്‍, തിരിച്ചുവരവിലെ രണ്ടാം മത്സരത്തിലാണ് ഉജ്വല ബാറ്റിങ്ങിലൂടെ കരുത്തുകാട്ടിയത്. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലും അംഗമായ ഇഷാന് ബാറ്റിങ്ങിലെ വണ്‍ഡൗണ്‍ സ്ഥാനം ഏറക്കുറെ ഉറപ്പിക്കാനും ഈ ഇന്നിങ്‌സിലൂടെ സാധിച്ചു. 23 ഇന്നിങ്‌സുകളുടെയും 468 ദിവസങ്ങളുടെയും കാത്തിരിപ്പിനുശേഷമാണ് ട്വന്റി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചറി പിറക്കുന്നത്. ഇഷാന്‍ 21 പന്തില്‍ 7ാം അര്‍ധ സെഞ്ചറി കുറിച്ചപ്പോള്‍ 23 പന്തുകളില്‍ സൂര്യ 22ാം അര്‍ധ സെഞ്ചറി പിന്നിട്ടു.

ഓപ്പണര്‍മാരായ സഞ്ജു സാംസണിനെയും (6) അഭിഷേക് ശര്‍മയെയും (0) ആദ്യ 2 ഓവറിനുള്ളില്‍ നഷ്ടമായ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 6 റണ്‍സ് എന്ന നിലയില്‍ പതറുമ്പോഴാണ് സൂര്യയും ഇഷാനും ക്രീസിലൊന്നിച്ചത്. 48 പന്തില്‍ 122 റണ്‍സ് നേടിയ ഇവരുടെ വെടിക്കെട്ട് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് അനായാസ വിജയത്തിലേക്കുള്ള വഴിവെട്ടി. 10ാം ഓവറിലെ ആദ്യ പന്തില്‍ ഇഷാന്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 128 റണ്‍സിലെത്തിയിരുന്നു. തുടര്‍ന്ന് 37 പന്തില്‍ 81 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍  ശിവം ദുബെ സഖ്യം നാലാം വിക്കറ്റിലും വെടിക്കെട്ട് തുടര്‍ന്നതോടെ ഇന്ത്യന്‍ ജയം പ്രതീക്ഷിച്ചതിലും നേരത്തെയായി.

നേരത്തേ അര്‍ഷ്ദീപ് സിങ്ങിനെതിരെ ആദ്യ ഓവറില്‍ 18 റണ്‍സ് അടിച്ചുകൂട്ടി ഡെവന്‍ കോണ്‍വേ നല്‍കിയ മിന്നല്‍ തുടക്കമാണ് ന്യൂസീലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ആദ്യ 2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപിനെ ഓപ്പണര്‍മാര്‍ തിരഞ്ഞിട്ട് ആക്രമിച്ചതോടെ 3 ഓവറില്‍ ന്യൂസീലന്‍ഡ് നേടിയത് 43 റണ്‍സ്.

കോണ്‍വേയെയും (19) ടിം സെയ്ഫര്‍ട്ടിനെയും (24) അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചെങ്കിലും രചിന്‍ രവീന്ദ്രയുടെയും (26 പന്തില്‍ 44) മിച്ചല്‍ സാന്റ്‌നറുടെയും (27 പന്തില്‍ 47 നോട്ടൗട്ട്) മികവില്‍ റണ്‍റേറ്റ് താഴാതെ കിവീസ് സ്‌കോറുയര്‍ത്തി. 4 ഓവറില്‍ 53 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് നിരാശപ്പെടുത്തിയപ്പോള്‍ കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും മാത്രമാണ് ബോളിങ്ങില്‍ മികച്ചുനിന്നത്. ജസ്പ്രീത് ബുമ്രയ്ക്കും അക്ഷര്‍ പട്ടേലിനും പകരം ഹര്‍ഷിത് റാണയും കുല്‍ദീപ് യാദവും ഇന്നലെ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഇടംനേടി.