/kalakaumudi/media/media_files/2025/11/25/kabadi-2025-11-25-08-45-09.jpg)
ധാക്ക: ഇന്ത്യന്‍ വനിതാ കബഡി ടീം ലോകകപ്പ് കിരീടം നിലനിര്‍ത്തി ചരിത്രമെഴുതി. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയിയെ 35-28 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റില്‍ ആകെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്. പരാജയമറിയാതെ മുന്നേറിയ ഇന്ത്യന്‍ ടീം, സെമിഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
അതേസമയം, ചൈനീസ് തായ്പേയ് ആതിഥേയരായ ബംഗ്ലാദേശിനെ 25-18 എന്ന സ്‌കോറിന് മറികടന്നാണ് ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍, നിര്‍ണായകമായ കലാശപ്പോരില്‍ ഇന്ത്യയുടെ കൃത്യതയാര്‍ന്ന പ്രകടനത്തിനു മുന്നില്‍ ചൈനീസ് തായ്പേയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.
ഇന്ത്യന്‍ വനിതാ ടീമിന്റെ ഈ ശ്രദ്ധേയമായ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. 'കബഡി ലോകകപ്പ് 2025 നേടി രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ച ഇന്ത്യന്‍ വനിതാ കബഡി ടീമിന് അഭിനന്ദനങ്ങള്‍! അവര്‍ മികച്ച ധൈര്യവും, വൈദഗ്ധ്യവും, അര്‍പ്പണബോധവും പ്രകടിപ്പിച്ചു. അവരുടെ ഈ വിജയം കബഡിയെ പിന്തുടരാനും, വലിയ സ്വപ്നങ്ങള്‍ കാണാനും, ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടാനും എണ്ണമറ്റ യുവജനങ്ങളെ പ്രചോദിപ്പിക്കും,' പ്രധാനമന്ത്രി 'എക്‌സി'ല്‍ കുറിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായും ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. 'നമ്മുടെ വനിതാ കബഡി ടീം ചരിത്രം രചിക്കുമ്പോള്‍ ഇത് അത്യധികം അഭിമാനകരമായ നിമിഷമാണ്. വനിതാ കബഡി ലോകകപ്പ് 2025 നേടിയ ടീമിന് എന്റെ അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ കായിക പ്രതിഭകള്‍ക്ക് മറ്റാരും രണ്ടാമതല്ല എന്ന് നിങ്ങളുടെ മഹത്തായ വിജയം വീണ്ടും ഉറപ്പിക്കുന്നു. നിങ്ങളുടെ ഭാവി പ്രയാണത്തിന് എന്റെ എല്ലാ ആശംസകളും- അമിത് ഷാ എക്‌സില്‍ കുറിച്ചു.
ഈ വിജയം വനിതാ കബഡി മേഖലയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയുടെ സാക്ഷ്യമാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജയ് താക്കൂര്‍ അഭിപ്രായപ്പെട്ടു. 'ഫൈനലിലേക്കുള്ള അവരുടെ ആധിപത്യപരമായ പ്രയാണവും തുടര്‍ന്ന് നേടിയ ട്രോഫിയും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വനിതാ കബഡി എത്രമാത്രം വളര്‍ന്നു എന്ന് കാണിക്കുന്നു.
ബംഗ്ലാദേശ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് തന്നെ ഈ കായികവിനോദത്തിന്റെ ആഗോള സ്വീകാര്യതയുടെ തെളിവാണ്, ഈ മുന്നേറ്റം വരും വര്‍ഷങ്ങളിലും തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി രണ്ടാം തവണയും ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ച ഈ വിജയം, കബഡി ലോകത്ത് ഇന്ത്യയുടെ പരമാധികാരം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതായെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
