മെല്‍ബണില്‍ ഇന്ത്യ പതറുന്നു; അഞ്ചിന് 164

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 474 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ അവസാന സെഷനില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ്.

author-image
Prana
New Update
boland kohli

ആസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 474 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ അവസാന സെഷനില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ്. ആറ് റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും നാല് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 82 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആസ്‌ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ഓസീസിനെ 474 റണ്‍സിന് ഓള്‍ഔട്ടാക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത രോഹിത്തിനെയും വണ്‍ഡൗണെത്തിയ രാഹുലിനെയും പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. 53 പന്തില്‍ 21 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. പിന്നാലെയെത്തിയ ജയ്‌സ്വാളും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 102 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി മുന്നോട്ടുപോവുകയായിരുന്നു.
നാലാം ദിവസം അവസാനിക്കാന്‍ പത്ത് ഓവര്‍ മാത്രം ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റിന് 153 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. 41-ാം ഓവറില്‍ ഓപണര്‍ ജയ്‌സ്വാള്‍ റണ്ണൗട്ടായതോടെയാണ് കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ടുപോയത്. 118 പന്തില്‍ 82 റണ്‍സെടുത്ത ജയ്‌സ്വാളിനെ പാറ്റ് കമ്മിന്‍സ് റണ്ണൗട്ടാക്കുകയായിരുന്നു.
തൊട്ടുപിന്നാലെ കോഹ്‌ലിയും ഔട്ടായി. 86 പന്തില്‍ 36 റണ്‍സെടുത്ത കോഹ്‌ലിയെ സ്‌കോട്ട് ബോളണ്ട് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിക്കുകയായിരുന്നു. അവസാന ഓവറുകള്‍ നേരിടാന്‍ നൈറ്റ് വാച്ച്മാനായി ക്രീസിലിറങ്ങിയ ആകാശ് ദീപാണ് ഇന്ത്യന്‍ നിരയില്‍ ഒടുവില്‍ പുറത്തായത്. 13 പന്തുകള്‍ നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാന്‍ അനുവദിക്കാതെ സ്‌കോട്ട് ബോളണ്ട് തന്നെ പുറത്താക്കി.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ആസ്‌ട്രേലിയ 474 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്‌സാണ് കരുത്തായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീതമെടുത്തു.

Yashasvi Jaiswal kohli border gavaskar trophy india vs australia