ഇന്ത്യക്ക് മേല്‍കൈ; കിവീസിന്‌ ഒരു വിക്കറ്റ് ശേഷിക്കെ 143 റണ്‍സ് ലീഡ്

നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ രണ്ടാം ഇന്നിംഗ്‌സില്‍ വരുതിയിലാക്കിയത്. ആദ്യ രണ്ടു വിക്കറ്റുകള്‍ ആകാശ്ദീപും വാഷിങ്ടണ്‍ സുന്ദറും പങ്കിട്ടു.

author-image
Prana
New Update
jadeja

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സില്‍ 28 റണ്‍സിന്റെ നേരിയ ലീഡ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ രണ്ടാം ഇന്നിംഗ്‌സില്‍ വരിഞ്ഞുകെട്ടി. ഇന്ന് കളി അവസാനിപ്പിക്കുമ്പോള്‍ സന്ദര്‍ശകര്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ്. ന്യൂസിലന്‍ഡിന് ഇപ്പോള്‍ 143 റണ്‍സിന്റെ ലീഡുണ്ട്. നാളെ വേഗത്തില്‍ ശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തി കരുതലോടെ ചേസ് ചെയ്യാനാവും ഇന്ത്യയുടെ ശ്രമം. എന്നാല്‍ സ്പിന്നിനെ വളരെയധികം പിന്തുണയ്ക്കുന്ന മുംബൈയിലെ പിച്ചില്‍ 143 റണ്‍സ് പോലും ചേസ് ചെയ്യുക എളുപ്പജോലിയെന്നു കരുതുക വയ്യ. നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ രണ്ടാം ഇന്നിംഗ്‌സില്‍ വരുതിയിലാക്കിയത്. ആദ്യ രണ്ടു വിക്കറ്റുകള്‍ ആകാശ്ദീപും വാഷിങ്ടണ്‍ സുന്ദറും പങ്കിട്ടു. ന്യൂസിലന്‍ഡിനായി 51 റണ്‍സെടുത്ത വില്‍ യങ് മാത്രമാണ് തിളങ്ങിയത്. ഗ്ലെന്‍ ഫിലിപ്‌സ് 26 റണ്‍സെടുത്തു. 
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 263 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ 28 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ മടങ്ങിയത്.
146 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 90 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ചാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍  ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്. 59 പന്തുകള്‍ നേരിട്ട ഋഷഭ് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 60 റണ്‍സെടുത്തു.
ആദ്യദിനംതൊട്ട് പന്ത് കുത്തിത്തിരിഞ്ഞ പിച്ചില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലാണ് കിവീസിനായി തിളങ്ങിയത്. 38 റണ്‍സോടെ പുറത്താകാതെ നിന്ന വാഷിങ്ടണ്‍ സുന്ദറും 30 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും ഭേദപ്പെട്ട പ്രകടനം നടത്തി.
ആദ്യദിനം ബൗളര്‍മാര്‍ നേടിയെടുത്ത മേല്‍ക്കൈ മുന്‍നിര ബാറ്റര്‍മാര്‍ കളഞ്ഞുകുളിച്ചിരുന്നു. മികച്ച സ്‌കോറിലേക്ക് പോകുകയായിരുന്ന ന്യൂസീലന്‍ഡിനെ സ്പിന്നര്‍മാര്‍ വരുതിയില്‍ നിര്‍ത്തിയെങ്കിലും ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായിരുന്നില്ല.
ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 65.4 ഓവറില്‍ 235 റണ്‍സിന് പുറത്തായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18), വിരാട് കോലി (4), രവീന്ദ്ര ജഡേജ (14) എന്നിവരാണ് പുറത്തായ മറ്റ് പ്രധാന താരങ്ങള്‍.

 

raveendra jadeja cricket test ravuchandra aswin India vs New Zealand