പെര്‍ത്തില്‍ പിടിമുറുക്കി ഇന്ത്യ; വന്‍ ലീഡിലേക്ക്

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 104 റണ്‍സിന് കൂടാരം കയറ്റി നിര്‍ണായകമായ 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി കളത്തിലിറങ്ങിയ ഇന്ത്യ ഇന്ന് കളിയവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടം കൂടാതെ 172 റണ്‍സെന്ന ശക്തമായ നിലയിലാണ്.

author-image
Prana
New Update
jaiswal rahul

ര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 104 റണ്‍സിന് കൂടാരം കയറ്റി നിര്‍ണായകമായ 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി കളത്തിലിറങ്ങിയ ഇന്ത്യ ഇന്ന് കളിയവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടം കൂടാതെ 172 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഓസീസ് പേസ് ആക്രമണത്തിനു മുന്നില്‍ ക്ഷമയുടെ പര്യായമായി മാറിയ യശസ്വി ജയ്‌സ്വാള്‍ - കെ.എല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ആകെ ലീഡ് 218 റണ്‍സായി. 90 റണ്‍സുമായി ജയ്‌സ്വാളും 62 റണ്‍സുമായി രാഹുലുമാണ് ക്രീസില്‍. 193 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടങ്ങുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. 153 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറികളടക്കമാണ് രാഹുല്‍ 62 റണ്‍സെടുത്തത്. ഓസീസ് മണ്ണില്‍ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടെന്ന റെക്കോഡിലാണ് ജയ്‌സ്വാള്‍-  രാഹുല്‍ സഖ്യം. രണ്ടു സെഷന്‍ പൂര്‍ണമായും ഓസീസ് പേസ് ആക്രമണത്തെ പ്രതിരോധിച്ചാണ് ഇരുവരും ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ഇതിനു മുമ്പ് ഒരു ഇന്ത്യന്‍ ജോഡി ആസ്‌ട്രേലിയയില്‍ രണ്ട് സെഷനുകള്‍ അതിജീവിച്ചത് 2018ലാണ്. ചേതേശ്വര്‍ പുജാര- വിരാട് കോഹ്‌ലി സഖ്യമായിരുന്നു അത്. ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചിട്ടും പാറ്റ് കമ്മിന്‍സിന് രാഹുല്‍ - ജയ്‌സ്വാള്‍ കൂട്ടുകെട്ട് പൊളിക്കാനായില്ല.
നേരത്തേ ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 104 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ, 46 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. ഏഴിന് 67 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ്ങാരംഭിച്ച ഓസീസ് 37 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. അഞ്ചു വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഓസീസിനെ തകര്‍ത്തത്. ഹര്‍ഷിത് റാണ മൂന്നും സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 112 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 10ാം വിക്കറ്റില്‍ ജോഷ് ഹെയ്‌സല്‍വുഡിനെ കൂട്ടുപിടിച്ച് 25 റണ്‍സ് കൂട്ടിച്ചേര്‍ത്ത സ്റ്റാര്‍ക്കാണ് ഓസീസിനെ 100 കടത്തിയത്.

 

Bumrah Yashasvi Jaiswal india vs australia KL Rahul border gavaskar trophy