/kalakaumudi/media/media_files/2025/08/30/thaji-2025-08-30-10-29-01.jpg)
ഹിസോര്‍: 'ഇത്രയും നാള്‍ എവിടെയായിരുന്നു ഈ കളി'യെന്നു ചോദിക്കും വിധം അതിമനോഹരമായ ഫുട്‌ബോള്‍ കളിച്ച ഇന്ത്യയ്ക്ക് കാഫ നേഷന്‍സ് കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ തജിക്കിസ്ഥാനെതിരെ 21 വിജയം. അന്‍വര്‍ അലി (5ാം മിനിറ്റ്), സന്ദേശ് ജിങ്കാന്‍ (13) എന്നിവരാണ് പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിലെ സ്‌കോറര്‍മാര്‍.
23ാം മിനിറ്റില്‍ ഷാറോം സാനിയേവ് തജിക്കിസ്ഥാനായി ഒരു ഗോള്‍ മടക്കിയെങ്കിലും 2ാം പകുതിയില്‍ ഗോള്‍ വഴങ്ങുന്ന പതിവു ശീലം വെടിഞ്ഞ് ഇന്ത്യ വിജയമാഘോഷിച്ചു. 70ാം മിനിറ്റില്‍ തജിക്കിസ്ഥാനു കിട്ടിയ പെനല്‍റ്റി സ്‌പോട്ട് കിക്ക് തടുത്തിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കളത്തിലെ ഇന്ത്യയുടെ മേധാവിത്വം അടിവരയിട്ടുറപ്പിച്ചു. തജിക്കിസ്ഥാനെതിരെ 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഒരു മത്സരം ജയിക്കുന്നത്. 2008ല്‍ എഎഫ്‌സി ചാലഞ്ച് കപ്പില്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവിലായിരുന്നു ഇതിനു മുന്‍പത്തെ വിജയം. സെപ്റ്റംബര്‍ ഒന്നിന് ഇറാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും മുഹമ്മദ് ഉവൈസിനും കോച്ച് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കിയിരുന്നു. 4ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്റെ ഗോള്‍ ശ്രമത്തോടെയാണു കളിയുടെ തുടക്കം. ആഷിഖിന്റെ നീക്കം തജിക്കിസ്ഥാന്‍ ഗോളി മുഹ്‌റിദ്ദീന്‍ ഹസാനോവ് തടുത്തെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ മുഹമ്മദ് ഉവൈസിന്റെ അസിസ്റ്റ് ഫലം കണ്ടു. ഉവൈസിന്റെ ലോങ് ത്രോയില്‍ നിന്ന് അന്‍വര്‍ അലി ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടി.
പുതിയ കോച്ച് ഖാലിദ് ജമീലിന്റെ മാസ്റ്റര്‍പീസായ ലോങ് ത്രോയില്‍നിന്നായി, അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍!. 13ാം മിനിറ്റില്‍ സന്ദേശ് ജിങ്കാനും ഗോള്‍ നേടിയതോടെ ഇന്ത്യ 20ന് മുന്നില്‍. ഇത്തവണ ഗോളിനു വഴിയൊരുക്കിയത് അന്‍വര്‍ അലി. അന്‍വറിന്റെ ലോങ് ഷോട്ടില്‍നിന്ന് ബോക്‌സില്‍ രാഹുല്‍ ഭീകെയുടെ ഹെഡര്‍. ഇതു തജിക്കിസ്ഥാന്‍ ഗോളി തടുത്തെങ്കിലും പന്തു കിട്ടിയതു സന്ദേശ് ജിങ്കാന്. ജിങ്കാന്റെ കൂറ്റനടി തടുക്കാനാളില്ലാതെ തജിക്കിസ്ഥാന്റെ വലയില്‍.
23ാം മിനിറ്റില്‍ ഷാറോം സാനിയേവിലൂടെ തജിക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കി. സുരേഷ് സിങ്ങിനെ വെട്ടിച്ചു ബോക്‌സിലേക്കു വന്ന സാനിയേവ് സന്ദേശ് ജിങ്കാനെയും കബളിപ്പിച്ച് പന്തു വലയിലേക്കു തള്ളി (21). രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ 3 മാറ്റങ്ങളാണു വരുത്തിയത്.
സുരേഷ് സിങ്, ജീക്‌സണ്‍ സിങ്, ലാലിയന്‍സുവാല ഛാങ്‌തെ എന്നിവര്‍ക്കു പകരമായി ഡാനിഷ് ഫാറൂഖ്, നിഖില്‍ പ്രഭു, നവോറം മഹേഷ് എന്നിവര്‍ കളത്തിലിറങ്ങി. 2ാം പകുതിയില്‍ ഗോള്‍ വഴങ്ങുന്ന നാണക്കേട് ഒഴിവാക്കാന്‍ ഇത്തവണ കരുതലോടെയാണ് ഇന്ത്യ കളിച്ചത്. പ്രതിരോധത്തിനു മാത്രം തുനിയാതെ ഇടവിട്ട ആക്രമണങ്ങള്‍ക്കും കൗണ്ടര്‍ അറ്റാക്കുകള്‍ക്കും അവര്‍ ശ്രമിച്ചു.
ഗോള്‍ തിരിച്ചടിക്കാനുള്ള ആതിഥേയരുടെ കഠിന പരിശ്രമങ്ങള്‍ക്കിടെയാണ് ഇന്ത്യ പെനല്‍റ്റി വഴങ്ങിയത്. എന്നാല്‍, സോയ്‌റോവ് എടുത്ത ഈ സ്‌പോട്ട് കിക്ക് ഗുര്‍പ്രീത് തടുത്തു. ഇന്‍ജറി ടൈം വരെ പിന്നെയും ഗോള്‍ശ്രമങ്ങളുണ്ടായെങ്കിലും അതിലൊന്നും കുലുങ്ങാതെ ഗുര്‍പ്രീതും ഇന്ത്യന്‍ താരങ്ങളും ഏറെക്കാലമായി കൊതിക്കുന്ന വിജയമധുരം നുണഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
