/kalakaumudi/media/media_files/2025/03/09/C2p53uZ3Iz8RfldjCri5.jpg)
രാജ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് ടി20യില്‍ വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മാസ്റ്റേഴ്‌സ് ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം ഡ്വയിന്‍ സ്മിത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് അനാായസം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും വിജയത്തിന് ഏഴു റണ്‍സകലെ വീണു.
34 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും പറത്തി 79 റണ്‍സടിച്ച ഡ്വയിന്‍ സ്മിത്തും 24 പന്തില്‍ 52 റണ്‍സടിച്ച വില്യം പെര്‍ക്കിന്‍സും 13 പന്തില്‍ 38 റണ്‍സടിച്ച ലെന്‍ഡല്‍ സിമണ്‍സുമാണ് ഇന്ത്യയെ വിറപ്പിച്ചത്. സ്‌കോര്‍ ഇന്ത്യ മാസ്റ്റേഴ്‌സ് 20 ഓവറില്‍ 253-3, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് 20 ഓവറില്‍ 246-6.
ഓപ്പണിംഗ് വിക്കറ്റില്‍ പെര്‍കിന്‍സും സ്മിത്തും ചേര്‍ന്ന് വിന്‍ഡീസിനായി 8.4 ഓവറില്‍ 121 റണ്‍സടിച്ചു.പെര്‍കിന്‍സിനെ വീഴ്ത്തിയ പവന്‍ നേഗിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ പിന്നീട് വന്ന ലെന്‍ഡല്‍ സിമണ്‍സും മോശമാക്കിയില്ല. 13 പന്തില്‍ 38 റണ്‍സടിച്ച സിമണ്‍സിനെയും നേഗി തന്നെ വീഴ്ത്തി.
ഇതിനുശേഷവും അടി തുടര്‍ന്ന ഡ്വയിന്‍ സ്മിത്തിന്റെ മികവില്‍ ഒരുഘട്ടത്തില്‍ 13 ഓവറില്‍ 183 -2 എന്ന സ്‌കോറിലായിരുന്ന വിന്‍ഡീസ് മാസ്റ്റേഴ്‌സ് അനായാസം ലക്ഷ്യം കാണുമെന്ന് കരുതിയെങ്കിലും സ്മിത്തിനെ സ്റ്റുവര്‍ട്ട് ബിന്നി ബൗള്‍ഡാക്കിയത് അവരുടെ അടിതെറ്റിച്ചു.
പിന്നാലെ ജൊനാഥന്‍ കാര്‍ട്ടറെയും(11, കിര്‍ക് എഡ്വേര്‍ഡ്‌സിനെയും കൂടി ബിന്നി മടക്കിയതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു.ഒടുവില്‍ ഡിയോനരൈനും(20 പന്തില്‍28) ആഷ്ലി നഴ്‌സും(12 പന്തില്‍ 21) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇര്‍ഫാന്‍ പത്താനെറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആദ്യ പന്തില്‍ ഫോറും അടുത്ത പന്തുകളില്‍ വൈഡും നോ ബോളും വീണ്ടും ബൗണ്ടറിയും വഴങ്ങിയെങ്കിലും അവസാന മൂന്ന് പന്തുകളില്‍ 5 റണ്‍സും ഒരു വിക്കറ്റുമെടുത്ത പത്താന്‍ ഒടുവില്‍ ഇന്ത്യന്‍ ജയം ഉറപ്പിച്ചു.
നേരത്തെ ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭാവത്തിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിലാണ് 253 റണ്‍സ് അടിച്ചെടുത്തത്. 35 പന്തില്‍ 63 റണ്‍സെടുത്ത അംബാടി റായുഡുവാണ് ഇന്യയുടെ ടോപ് സ്‌കോറര്‍.