പരമ്പര പിടിക്കാന്‍ ഇന്ത്യ, കിവീസിന് ജയിച്ചേ മതിയാകൂ; ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇന്ന് ജീവന്‍മരണപ്പോരാട്ടം

ഇന്നേവരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതുവരെ കളിച്ച പതിനാറ് ഏകദിന പരമ്പരയിലും ജയം ഇന്ത്യക്കൊപ്പം.

author-image
Biju
New Update
team india

ഇന്‍ഡോര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് നിര്‍ണായക മൂന്നാം ഏകദിനം ഇന്ന്. ഇന്‍ഡോറില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ടി20 ലോകകപ്പിന് മുന്‍പുള്ള അവസാന ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഇന്‍ഡോറില്‍ നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ന്യൂസിലന്‍ഡിന് മുന്നിലുള്ളത്. 2024ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി കിവീസ് ചരിത്രം തിരുത്തിയിരുന്നു.

ഇന്നേവരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിവീസിനെതിരെ ഏകദിന പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതുവരെ കളിച്ച പതിനാറ് ഏകദിന പരമ്പരയിലും ജയം ഇന്ത്യക്കൊപ്പം. വഡോദരയില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചപ്പോള്‍, രാജ്‌കോട്ടില്‍ ഏഴ് വിക്കറ്റ് ജയത്തോടെ ന്യൂസിലന്‍ഡിന്റെ മറുപടി.

ഇന്‍ഡോറില്‍ പരമ്പര പിടിക്കാന്‍ ഇറങ്ങുമ്പോള്‍ ആയുഷ് ബദോണിക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കിട്ടിയേക്കും. പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രണ്ടാം മത്സരത്തില്‍ കളിച്ച നീതീഷ് കുമാര്‍ റെഡ്ഡിക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിരുന്നില്ല. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ഗില്ലിനൊപ്പം രോഹിത് ശര്‍മ്മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍കൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര ശക്തം. ബൗളിംഗ് നിരയില്‍ പരീക്ഷണത്തിന് സാധ്യതയില്ല. പോയവര്‍ഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡ്. ഉഗ്രന്‍ ഫോമിലുളള ഡാരില്‍ മിച്ചലിന്റെ ബാറ്റിലേക്കാണ് കിവീസ് ഉറ്റുനോക്കുന്നത്.

ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരുടെ പ്രകടനവും നിര്‍ണായകവും. കെയ്ല്‍ ജെയ്മിസണ്‍ നയിക്കുന്ന ബൗളിംഗ് നിര ഇന്ത്യന്‍ ബാറ്റര്‍മാരെ നിയന്ത്രിക്കതിനെ ആശ്രയിച്ചാവും മത്സരത്തിന്റെ ഗതി. ബാറ്റര്‍മാരെ കൈയയച്ച് സഹായിക്കുന്നതാണ് ഇന്‍ഡോറിലെ വിക്കറ്റ്. ഇന്നും റണ്‍മഴയാണ് ഇന്‍ഡോറില്‍ പ്രതീക്ഷിക്കുന്നത്.