/kalakaumudi/media/media_files/2025/09/15/pak-2025-09-15-14-00-40.jpg)
ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനു പിന്നാലെ ഹസ്തദാന വിവാദം ചൂടുപിടിക്കുകയാണ്. ഇന്ത്യക്കെതിരേ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) പാകിസ്ഥാന്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കളിക്കിടെ ടോസിനു ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും മുഖത്തോടു മുഖം നോക്കാനോ, ഹസ്തദാനം ചെയ്യാനോ തയ്യാറായിരുന്നില്ല.
മല്‍സരശേഷം ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഹസ്തദാനം ഉണ്ടായേക്കുമെന്നു കരുതിയെങ്കിലും അതുമുണ്ടായില്ല. വിജയം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ടീം നേരെ ഡ്രസിങ് റൂമില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഈ പ്രവര്‍ത്തിയില്‍ കടുത്ത രോഷവും അതൃപ്തിയും പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാന്‍.
പാകിസ്താന്‍ ടീം മാനേജര്‍ നവീദ് അക്രം ചീമ ഇന്ത്യക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റെവ് സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ ടീമിന്റെയും ഒഫീഷ്യലുകളുടെയും പ്രവര്‍ത്തിയില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
മല്‍സരത്തിനു ശേഷം ഇന്ത്യന്‍ ടീം തങ്ങള്‍ക്കു ഹസ്തദാനം നല്‍കാതെ ഗ്രൗണ്ട് വിട്ടതായും പിന്നാലെ ഡ്രസിങ് റൂമിന്റെ വാതിലടയ്ക്കുകയും ചെയ്തുവെന്നാണ് പിസിബിയുടെ പരാതിയിലുള്ളത്. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം ചെയ്യരുതെന്നു തങ്ങളോടു ആവശ്യപ്പെട്ടത് മാച്ച് റഫറിയാണെന്നും പിസിബിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ടോസിന്റെ സമയത്തു മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റാണ് ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്ദാനം ചെയ്യരുതെന്നു സല്‍മാന്‍ അലി ആഗയോടു നിര്‍ദേശിച്ചത്. മല്‍സരശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ പെരുമാറ്റം കളിയുടെ സ്പിരിറ്റിനു നിരക്കാത്തതാണ്. ഇതേ തുടര്‍ന്നാണ് പാകിസ്താന്‍ പ്രതിഷേധിച്ചത്. പോസ്റ്റ് മാച്ച് സമ്മാനദാന ചടങ്ങില്‍ നിന്നും സല്‍മന്‍ അലി ആഗ പിന്‍മാറുകയായിരുന്നു. മാത്രമല്ല, ഈ ചടങ്ങിലെ ഹോസ്റ്റും ഇന്ത്യക്കാരനായിരുന്നുവെന്നും (സഞ്ജയ് മഞ്ജരേക്കര്‍) പിസിബിയടെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.
ഇന്ത്യന്‍ ടീമുമായി മല്‍സരശേഷം ഹസ്തദാനം ചെയ്യാന്‍ പാകിസ്താന്‍ ടീം തയ്യാറായിരുന്നുവെന്നു പാക് കോച്ച് മൈക്ക് ഹെസന്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ടീം ഹസ്തദാനം ചെയ്യാന്‍ തയ്യാറാവാതെ മടങ്ങിയതില്‍ പ്രതിഷേധിച്ച് മാസ്റ്റ് മാച്ച് പരിപാടിയില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെ അയക്കാനും പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. കളി കഴിഞ്ഞ ശേഷം ഇന്ത്യന്‍ ടീമുമായി കൈ കൊടുക്കാനും ഇടപഴകാനും പാക് ടീം ആഗ്രഹിച്ചിരുന്നതായി കോച്ച് ഹെസന്‍ വ്യക്തമാക്കി.
ഞങ്ങള്‍ മല്‍സരം കഴിഞ്ഞതിനു ശേഷം ഇന്ത്യന്‍ ടീമുമായി ഹസ്തദാനം ചെയ്യാന്‍ തയ്യാറായിരുന്നു. പക്ഷെ ഞങ്ങളുടെ എതിരാളികള്‍ അതിനു തയ്യാറാവാതിരുന്നതില്‍ നിരാശയുമുണ്ട്. ഞങ്ങള്‍ അവര്‍ക്കു അടുത്തേക്കു പോവാനും കൈ കൊടുക്കാനുമുള്ള ഒരുങ്ങിയിരുന്നു. പക്ഷെ അപ്പോഴേക്കും ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നവരെല്ലാം ഡ്രസിങ് റൂമിലേക്കു പോയിക്കഴിഞ്ഞിരുന്നു.
ഒരു മല്‍സരത്തിലെ നിരാശാജനകമായ സംഭവമാണിത്. ഈ കളിയില്‍ ടീമിന്റെ പ്രകനത്തിലെ നിരാശ ഞങ്ങള്‍ക്കു ആദ്യമേയുണ്ടായിരുന്നു. പക്ഷെ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനു ഹസ്തദാനം നല്‍ാന്‍ തങ്ങള്‍ ഒരുക്കമായിരുന്നുവെന്നും ഹെസന്‍ വിശദമാക്കി.
ഹസ്തദാന വിവാദത്തില്‍ ഇന്ത്യന്‍ ടീമിനെതിരേ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതി നല്‍കിയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കളിക്കാര്‍ക്കുമെതിരേ പിഴയും വിലക്കുമുള്‍പ്പെടെയുള്ള ശിക്ഷാ നപടപടികള്‍ വരുമോയെന്നതാണ് ആരാധകരെ മുഴുവന്‍ ആശങ്കയിലാക്കുന്ന ചോദ്യം. പക്ഷെ അത്തരം ഭയമൊന്നും വേണ്ടെന്നതാണ് യാഥാര്‍ഥ്യം.
പാകിസ്ഥാന്‍ ടീമിനെ ബഹിഷ്‌കരിച്ചതിന്റെ പേരില്‍ ഇന്ത്യക്കെതിരേ നടപടിയൊന്നും എടുക്കാന്‍ കഴിയില്ല. കാരണം, മല്‍സരത്തിനു മുമ്പോ, ശേഷമോ ഇരുടീമിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്യണമെന്നു നിയമത്തില്‍ എവിടെയും പറയുന്നില്ല. കളിക്കാര്‍ക്കിടയിലെ സൗഹൃദത്തിന്റെ ഭാഗമായി പരമ്പരാഗതമായി പിന്തുടര്‍ന്നു പോരുന്ന ശീലം മാത്രമാണിത്. അതിനാല്‍ പാക് ടീം പരാതി നല്‍കിയാലും ഇന്ത്യ ഭയപ്പെടേണ്ടതില്ല.
ഇനി ഒമാനെതിരെ
ഏഷ്യാ കപ്പില്‍ രണ്ടു തുടര്‍ ജയങ്ങളുമായി സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയ ടീം ഇന്ത്യ മറ്റൊര ജയത്തോടെ ഗ്രൂപ്പുഘട്ടം അവസാനിപ്പിക്കാനുറച്ചായിരിക്കും ഒമാനെതിരേ ഇറങ്ങുക. ഈ വെള്ളിയാഴ്ച രാത്രി അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിലാണ് അസോസിയേറ്റ് ടീമുകളിലൊന്നായ ഒമാനുമായി ഇന്ത്യ ഏറ്റുമുട്ടുക.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലേതു പോലെ മറ്റൊരു വമ്പന്‍ ജയമായിരിക്കും ഒമാനെതിരേയും സൂര്യകുമാര്‍ യാദവും സംഘവും ലക്ഷ്യമിടുക. ആദ്യ രണ്ടു കളിയിലും ഒരേ പ്ലെയിങ് ഇലവനെ പരീക്ഷിച്ച ഇന്ത്യ അടുത്ത മല്‍സരത്തില്‍ ഉറപ്പായും ചില മാറ്റങ്ങള്‍ വരുത്തിയേക്കും. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.
ടോപ്പ് ത്രീയില്‍ മാറ്റം
ഒമാനെതിരേ ഇന്ത്യന്‍ ടോപ്പ് ത്രീയില്‍ മാറ്റം പ്രതീക്ഷിക്കാം. ഓപ്പണിങില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വെടിക്കെട്ട് ബാറ്ററര്‍ അഭിഷേക് ശര്‍മയും തന്നെ തുടരും. രണ്ടു പേര്‍ക്കും ആദ്യ മല്‍സരങ്ങളിലും കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനോ വലിയ ഇന്നിങ്സുകള്‍ കളിക്കാനോ സാധിച്ചിരുന്നില്ല.
ഈ കുറവ് നികത്താനുള്ള ഏറ്റവും മികച്ച അവസരമാവും ഒമാനുമായുള്ള മല്‍സരം. ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ നേടാനായിരിക്കു രണ്ടു പേരുടെയും ശ്രമം. മൂന്നാം നമ്പറിലായിരിക്കും ഇന്ത്യ വലിയൊരു മാറ്റം വരുത്തിയേക്കുക. കഴിഞ്ഞ രണ്ടു കളിയിലു നായകന്‍ സൂര്യകുമാര്‍ യാദവാണ് ഈ പൊസിഷനില്‍ കളിച്ചത്. മികച്ച പ്രകടനവും അദ്ദേഹം നടത്തി.
ഒമാനെതിരേ സൂര്യ ഈ റോള്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു വിട്ടുകൊടുത്തേക്കും. കാരണം കഴിഞ്ഞ രണ്ടു മല്‍സങ്ങളിലും സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സൂപ്പര്‍ ഫോര്‍ വരാനിരിക്കവെ അദ്ദേഹത്തിനു ബാറ്റിങില്‍ അവസരം നല്‍കിയേ തീരൂ.
ഒമാനെതിരേ വണ്‍ഡൗണായെത്തി കൂടുകല്‍ ബോളുകള്‍ കളിച്ച് മികച്ചൊരു ഇന്നിങ്സ് കളിക്കാനായാല്‍ ബാറ്ററെന്ന നിലയില്‍ അതു സഞ്ജുവിന്റെ ആത്മവിശ്വാസമുയര്‍ത്തും. സൂപ്പര്‍ ഫോറില്‍ ബാറ്റിങിലും അദ്ദേഹത്തിന്റെ സേവനം ടീമിനു ആവശ്യമായി വരും. അതിനാല്‍ സഞ്ജുവിനെ ഇന്ത്യക്കു തയ്യാറാക്കി നിര്‍ത്തിയേ തീരൂ. അതിനു ഒമാനേക്കാള്‍ എളുപ്പമുള്ള എതിരാളികളെയും ഇന്ത്യക്കു ലഭിക്കാനില്ല.
മധ്യനിര, ബൗളിങ്
സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പഴയ ബാറ്റിങ് പൊസിഷനായ നാലിലേക്കു തിരികെ പോവും. അഞ്ചാം നമ്പറില്‍ കളിക്കുക തിലക് വര്‍മയായിരിക്കും. ഒരുപക്ഷെ തിലകിനു ബാറ്റിങില്‍ കൂടുതല്‍ അവസരം നല്‍കാന്‍ തന്റെ ബാറ്റിങ് പൊസിഷനായ നാല് സൂര്യ നല്‍കിയാലും അദ്ഭുതപ്പെടാനില്ല.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കി പകരം ഫിനിഷറായ റിങ്കു സിങിനു ആറാമനായി ഇന്ത്യ അവസരം നല്‍കിയേക്കും. കഴിഞ്ഞ രണ്ടു കളിയിലും റിങ്കു ബെഞ്ചിലായിരുന്നു.
റിങ്കു കഴിഞ്ഞാല്‍ ഏഴാമനായി ഓള്‍റൗണ്ടര്‍ ശിവം ദുബെയെ പ്രതീക്ഷിക്കാം. ഹാര്‍ദിക്കിന്റെ അഭാവം നികത്താന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ബാറ്റിങിനൊപ്പം ബൗളിങിലും ദുബെയ്ക്കു കുറച്ചു ഓവറുകള്‍ നല്‍കാം.
എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുണ്ടാവും. തുടര്‍ന്നു രണ്ടു സ്പെഷ്ടസിസ്റ്റ് സ്പിന്നമാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കി പേസ് ബൗളിങ് ചുമതല അര്‍ഷ്ദീപ് സിങിനും ഇന്ത്യ നല്‍കിയേക്കും.
ഇന്ത്യന് സാധ്യതാ 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.