/kalakaumudi/media/media_files/2026/02/02/colombo2-2026-02-02-09-10-26.jpg)
ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് അനിശ്ചിതത്വം മുറുകുന്നു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നിശ്ചയിച്ചിട്ടുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും, പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ഐസിസി പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് തിരിക്കുമെന്നും മാച്ച് റഫറി മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്വിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശിനെ ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാക് നീക്കം. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും ബഹിഷ്‌കരിക്കില്ലെന്നും ഫെബ്രുവരി 7-ന് നെതര്‍ലന്‍ഡ്സിനെതിരെ പാകിസ്ഥാന്‍ ആദ്യ മത്സരം കളിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഏഷ്യ കപ്പിലെ സംഘര്‍ഷങ്ങളും പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ നയതന്ത്ര വിള്ളലുകളും പാക് തീരുമാനത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു.
പാകിസ്ഥാന്റെ പിന്മാറ്റം തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യന്‍ ടീം കൃത്യസമയത്ത് കൊളംബോയിലെത്തി പരിശീലനം നടത്തും. മത്സരത്തലേന്നുള്ള പതിവ് വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പങ്കെടുക്കും. ഫെബ്രുവരി 15-ന് ടീം സ്റ്റേഡിയത്തിലെത്തും. പാകിസ്ഥാന്‍ എത്തിയില്ലെങ്കില്‍ മാച്ച് റഫറിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇന്ത്യ ഗ്രൗണ്ടില്‍ തുടരും. ഇതോടെ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റുകള്‍ ലഭിക്കും.
പാകിസ്ഥാന്റെ നിലപാടിനെതിരെ ഐസിസി അതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ കാരണങ്ങളാല്‍ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കുന്നത് ലോക ക്രിക്കറ്റിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഐസിസി ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരത്തിന് പിസിബി ശ്രമിക്കണം. ദൂരവ്യാപകഫലങ്ങള്‍ പിസിബി കണക്കിലെടുക്കുമെന്ന് പ്രതീക്ഷയെന്നുമാണ് ഐസിസി പ്രതികരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
