/kalakaumudi/media/media_files/2025/09/28/womens-2025-09-28-09-19-02.jpg)
ബെംഗളൂരു: വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ മഴയെ തുടര്‍ന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സാണ് നേടിയത്. 54 റണ്‍സ് നേടിയ സോഫി ഡിവൈനാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 40.2 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹര്‍ലീന്‍ ഡിയോള്‍ (74), ഹര്‍മന്‍പ്രീത് കൗര്‍ (69) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പ്രതിക റാവല്‍ (15) ഉമ ചേത്രി (38) സഖ്യം 54 റണ്‍സ് ചേര്‍ത്തു. പ്രതികയെ പുറത്താക്കി ജെയ് കെര്‍, കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. പത്ത് ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് ഉമ മടങ്ങി. പിന്നീട് ഹര്‍ലീന്‍ - ഹര്‍മന്‍പ്രീത് സഖ്യം 132 റണ്‍സ് കൂട്ടിചേര്‍ത്തു. 34-ാം ഓവറില്‍ ഹര്‍ലീന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. തുടര്‍ന്നെത്തിയ റിച്ച ഘോഷ് (9), ജമീമ റോഡ്രിഗസ് (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ഹര്‍മന്‍പ്രീത് കൂടി മടങ്ങിയതോടെ ആറിന് 230 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ അമന്‍ജോത് കൗര്‍ (2), ദീപ്തി ശര്‍മ (5) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ ഡിവൈനിന് പുറമെ മാഡി ഗ്രീന്‍ (പുറത്താവാതെ 49), അമേലിയ കേര്‍ (40) എന്നിവരും കിവീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. സൂസി ബേറ്റ്സ് (19), ജോര്‍ജിയ പ്ലിമര്‍ (3), ബ്രൂക്ക് ഹാലിഡേ (11), ഇസബെല്ല ഗേസ് (2), ജെസ് കേര്‍ (12), ഫ്ളോറ ഡെവോണ്‍ഷെയര്‍ (1) എന്നിവരുടെ വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
