അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

മഴ കാരണം മത്സരം 37 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ 36.2 ഓവറില്‍ 135 റണ്‍സിന് കിവീസ് പുറത്തായി

author-image
Biju
New Update
UNDER2

ബുലവായോ: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ടീം ഇന്ത്യ. കരുത്തരായ ന്യൂസീലന്‍ഡിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് ഡിഎല്‍എസ് പ്രകാരം വിജയലക്ഷ്യം 130 റണ്‍സാക്കി വെട്ടിച്ചുരുക്കിയപ്പോള്‍, 13.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

മഴ കാരണം മത്സരം 37 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ 36.2 ഓവറില്‍ 135 റണ്‍സിന് കിവീസ് പുറത്തായി. 48 പന്തില്‍ 37 റണ്‍സെടുത്തു പുറത്താകാതെ നിന്ന കാലും സാംസണാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. സെല്‍വിന്‍ സഞ്ജയ് (30 പന്തില്‍ 28), ജേക്കബ് കോട്ടര്‍ (47 പന്തില്‍ 23) എന്നിവരാണ് ന്യൂസീലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വിജയലക്ഷ്യം 130 ആക്കി പുനര്‍നിശ്ചയിച്ചതോടെ അനായാസമായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഏഴു റണ്‍സെടുത്ത മലയാളി താരം ആരോണ്‍ ജോര്‍ജിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും വൈഭവ് സൂര്യവംശിക്കൊപ്പം ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ചേര്‍ന്നത് കളിയുടെ ഗതി മാറ്റി. ആയുഷ് അര്‍ധ സെഞ്ചറി നേടി. 27 പന്തുകളില്‍ ആറു സിക്‌സുകള്‍ അടക്കം 53 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്. മൂന്നു സിക്‌സുകളും രണ്ട് ഫോറുകളും അതിര്‍ത്തി കടത്തി വിട്ട വൈഭവ് 40 റണ്‍സാണു നേടിയത്.

ഇരുവരും പുറത്തായ ശേഷമെത്തിയ വിഹാല്‍ മല്‍ഹോത്ര (17), വേദാന്ത് ത്രിവേദി (13) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്.141 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം. 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍.എസ്. അംബരിഷാണു കളിയിലെ താരം.