ബ്രിസ്‌ബൺ:ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങളെ തിരിച്ചയച്ചു.മൂന്നാം ടെസ്റ്റ് നടക്കവെയാണ് ഇന്ത്യയുടെ ടീം മാനേജ്‌മെന്റിന്റെ നിർണായക തീരുമാനം.നേരത്തെ,ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു.ഇവർക്കൊപ്പം മൂന്ന് റിസർവ് താരങ്ങളായി യാഷ് ദയാൽ, മുകേഷ് കുമാർ,നവ്ദീപ് സൈനി എന്നിവരെയാണ് പ്രഖ്യാപിച്ചത്.മൂവരും ഫാസ്റ്റ് ബൗളർമാരാണ്.
ബുംറ,മുഹമ്മദ് സിറാജ്,ആകാശ് ദീപ്,പ്രഷിത് കൃഷ്ണ,ഹർഷിത് റാണ എന്നിങ്ങനെ അഞ്ച് ഫാസ്റ്റ് ബൗളർമാരാണ് 18 പേരടങ്ങുന്ന ടീമിലുണ്ടായിരുന്നത്. പാർട്ട് ടൈം ഫാസ്റ്റ് ബൗളറായി നിതീഷ് കുമാറും ഇവർക്കൊപ്പം ചേർന്നു. പ്രധാന ടീമിൽ ആറ് ഫാസ്റ്റ് ബൗളർമാർ ഉള്ളപ്പോൾ,ഇന്ത്യ മൂന്ന് റിസർവ് ഫാസ്റ്റ് ബൗളർമാരെ അധികമായി എടുത്തത് പലരെയും അത്ഭുതപ്പെടുത്തി. നിലവിൽ ഇന്ത്യയിൽ വിജയ് ഹസാരെ ട്രോഫി എന്ന പേരിൽ ഒരു പ്രാദേശിക ഏകദിന പരമ്പര നടക്കുന്നുണ്ട്.മുകേഷ് കുമാർ,യാഷ് ദയാൽ,നവ്ദീപ് സൈനി എന്നിവരെയെല്ലാം ഇതിലേക്ക് പങ്കെടുക്കാനാണ് തിരിച്ചയച്ചത്.ഇവരുടെ ആവശ്യമില്ലെന്ന് ഇന്ത്യൻ മാനേജ്‌മെൻ്റ് തീരുമാനിച്ചതാണ് ഇതിന് പ്രധാന കാരണം.