/kalakaumudi/media/media_files/2025/11/16/kol-2025-11-16-14-16-35.jpg)
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഒരുക്കിയ പിച്ചില്‍ തോല്‍വി അറിഞ്ഞ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം മുപ്പത് റണ്‍സിന് തോല്‍വി വഴങ്ങുകായിരുന്നു.
124 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് നാലാം പന്തു മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിത്തുടങ്ങി. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കുന്നതിനിടെ യശസ്വി ജയ്‌സ്വാളിനെയും (0), കെ.എല്‍ രാഹുലിനെയും (1) മടക്കി മാര്‍ക്കോ യാന്‍സന്‍ ഇന്ത്യയെ ഞെട്ടിച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ - ധ്രുവ് ജുറെല്‍ സഖ്യം 32 റണ്‍സ് ചേര്‍ത്തതോടെ ടീമിന് പ്രതീക്ഷ കൈവന്നു. എന്നാല്‍ സൈമണ്‍ ഹാര്‍മറിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ജുറെല്‍ വിക്കറ്റ് കളഞ്ഞതോടെ ടീമിന്റെ തകര്‍ച്ച തുടങ്ങി. 34 പന്തില്‍ നിന്ന് 13 റണ്‍സായിരുന്നു ജുറെലിന്റെ സമ്പാദ്യം. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ ഋഷഭ് പന്തും (2) പുറത്തായി. അഞ്ചാം വിക്കറ്റില്‍ ജഡേജയെ കൂട്ടുപിടിച്ച് സുന്ദര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. 26 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ടും ഹാര്‍മര്‍ പൊളിച്ചു. 26 പന്തില്‍ നിന്ന് 18 റണ്‍സുമായി ജഡേജ പുറത്ത്. പിന്നാലെ നിലയുറപ്പിച്ചിരുന്ന വാഷിങ്ടണ്‍ സുന്ദറിനെ ഏയ്ഡന്‍ മാര്‍ക്രം മടക്കിയതോടെ ഇന്ത്യ ആറിന് 72 റണ്‍സെന്ന നിലയിലായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍മറും രണ്ടു വിക്കറ്റ് നേടിയ യാന്‍സനും ചേര്‍ന്നാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്.
നേരത്തേ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 153 റണ്‍സില്‍ അവസാനിച്ചിരുന്നു. അര്‍ധ സെഞ്ചുറിയുമായി പ്രതിരോധം തീര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയുടെ ഇന്നിങ്‌സാണ് പ്രോട്ടീസ് സ്‌കോര്‍ 150 കടത്തിയത്. 136 പന്തുകള്‍ നേരിട്ട ബവുമ 55 റണ്‍സോടെ പുറത്താകാതെ നിന്നു. നാല് ബൗണ്ടറിയടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
ഏഴിന് 93 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി ബവുമയും ഒമ്പതാമന്‍ കോര്‍ബിന്‍ ബോഷും മികച്ച പ്രതിരോധം പുറത്തെടുത്തതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടി. എട്ടാം വിക്കറ്റില്‍ 79 പന്തില്‍ നിന്ന് ഈ സഖ്യം 44 റണ്‍സ് ചേര്‍ത്തു. 37 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ബോഷിന്റെ കുറ്റി തെറിപ്പിച്ച് ഒടുവില്‍ ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സൈമണ്‍ ഹാര്‍മറിനെയും കേശവ് മഹാരാജിനെയും മടക്കി മുഹമ്മദ് സിറാജ് 153 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും സിറാജും രണ്ടു വിക്കറ്റ് വീതമെടുത്തു.
ലീഡ് വഴങ്ങി രണ്ടാമിന്നിങ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വട്ടംകറക്കിയിരുന്നു. മുഹമ്മദ് സിറാജിന് പന്തുകൊടുക്കാതെ തുടക്കംമുതല്‍തന്നെ സ്പിന്നര്‍മാരെ കൊണ്ടുവന്ന തന്ത്രം വിജയിച്ചു. രണ്ടാം ദിനം വീണ ഏഴുവിക്കറ്റും സ്പിന്നര്‍മാര്‍ പങ്കിട്ടെടുത്തു.
റയാന്‍ റിക്കെള്‍ട്ടണ്‍ (11), എയ്ഡന്‍ മാര്‍ക്രം (നാല്), വിയാന്‍ മുള്‍ഡര്‍ (11), ടോണി ഡി സോര്‍സി (രണ്ട്), ട്രിസ്റ്റന്‍ സ്റ്റബ്സ് (അഞ്ച്), കെയ്ല്‍ വെറെയ്ന്‍ (ഒമ്പത്), മാര്‍ക്കോ യാന്‍സന്‍ (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
