/kalakaumudi/media/media_files/2025/11/02/cup-2025-11-02-06-56-06.jpg)
നവി മുംബൈ: അലീസ ഹീലിയുടെ ഇന്‍വിന്‍സിബിള്‍ സംഘത്തിനെതിരായ അമന്‍ജോത് കൗറിന്റെ ആ വിന്നിങ് ഷോട്ട് നേടിയെടുത്തത് ഇന്ത്യന്‍ പെണ്‍പയ്ക്ക് ക്രിക്കറ്റ് ലോകം ഇതുവരെ നല്‍കാന്‍ മടിച്ച ആ വിശ്വാസമാണ്. ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനെ രാജ്യം ഇത്രത്തോളം ആഘോഷിച്ച ഒരു ദിനം ഉണ്ടായിട്ടില്ല.
സെഞ്ചൂറിയനും ലോര്‍ഡ്‌സും മറക്കാം, നവി മുംബൈയില്‍ ഭൂതകാലത്തിന്റെ വേട്ടയാടലുകളെ അവസാനിപ്പിക്കാന്‍ ഹര്‍മന്‍പ്രീത് കൗറിനും ടീമിനും അവസരമൊരുങ്ങുകയാണ്. മുന്നില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ആദ്യ ഫൈനലാണ്. പുതിയ ചാമ്പ്യന്മാരെ കാത്ത് ക്രിക്കറ്റ് ലോകം മുംബൈയിലെ മൈതാനത്തേക്ക് കണ്ണ് നട്ടിരിക്കും, രാവുണരുമ്പോള്‍ ആ സ്വപ്നനിമിഷം സാക്ഷാത്കരിച്ച ഇന്ത്യന്‍ ടീമിനെ കാണാനാകുമോ.
ഇന്ത്യ എത്തുന്നത് ആത്മവിശ്വാസത്തില്‍
ഓസ്‌ട്രേലിയയെ സെമിയില്‍ കീഴടക്കിയ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ ഇങ്ങനെ എഴുതി. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ഏത് ടീമും ലോകകപ്പ് കിരീടം അര്‍ഹിക്കുന്നുണ്ട് എന്ന്. അതെ, ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നാണ് ഇന്ത്യന്‍ വനിത ടീം ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്നത്. കയറ്റിറക്കങ്ങളുടെ യാത്ര തന്നെയായിരുന്നു. സ്വന്തം മണ്ണിലെ ലോകകപ്പില്‍ തുടരെ മൂന്ന് തോല്‍വികള്‍. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്. പ്രോട്ടിയാസിനോടും ഇംഗ്ലണ്ടിനോടും സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. പിന്നാലെ ന്യൂസിലന്‍ഡിനോട് ഒന്നൊന്നര തിരിച്ചുവരവ്, സെമി ഫൈനല്‍.
ഇക്കാലമത്രയും മുന്നില്‍ ഉയര്‍ന്നുനിന്ന ഓസ്‌ട്രേലിയ എന്ന അമാനുഷിക സംഘത്തെ മറികടന്നിരിക്കുന്നു. ലോകകപ്പിലുടനീളം കൃത്യമായൊരു ഇലവനെ നിര്‍ണയിക്കാന്‍ കഴിയാത്ത ഏക ടീമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഏറ്റവും നിര്‍ണായകമാകുക പവര്‍പ്ലേയാണ്. അത് ബാറ്റിങ് ആണെങ്കിലും ബൗളിങ്ങാണെങ്കിലും. സ്മൃതി മന്ദന-ഷഫാലി വര്‍മ കൂട്ടുകെട്ടില്‍ നിന്ന് മികച്ച തുടക്കത്തിനപ്പുറം ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. മരിസാന്‍ കാപ്പ്, അയബോംഗ ഖാക്ക, നൊന്‍കുലുലേക്കൊ മ്ലാബ ത്രയത്തെയായിരിക്കും ലോറ മുന്നിലേക്ക് നല്‍കുക. സ്മൃതിക്കും ഷഫാലിക്കും നോക്കൗട്ടുകളില്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒന്നും ഇതുവരെ ലോകകപ്പുകളിലുണ്ടായിട്ടില്ല.
സ്മൃതി മന്ദനയ്ക്ക് തന്റെ കരിയറിലെ ഏറ്റവും വലിയ അവസരമാണ് പില്‍ക്കാലത്തെ മോശം കണക്കുകളെ തിരുത്താന്‍. ഇന്ത്യയുടെ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍, 389 റണ്‍സുമായി റണ്‍വേട്ടയില്‍ പ്രോട്ടിയാസ് ക്യാപ്റ്റന് തൊട്ടുപിന്നിലുണ്ട്. ബാറ്റിങ് നിരയില്‍ മറ്റ് ആശങ്കകളില്ല. ഓസീസിനെതിരെ ബാറ്റെടുത്തവരെല്ലാം തിളങ്ങി. മൂന്നില്‍ ജമീമയെ ഉറപ്പിക്കാം, വിശ്വാസത്തിന്റേയും ചെറുത്തിനില്‍പ്പിന്റേയും പ്രതീകം. ഹര്‍മന്‍ ഫോമിലേക്ക് മടങ്ങിയെത്തി. റിച്ചയും ദീപ്തിയും അമന്‍ജോതും തങ്ങളുടെ റോളുകള്‍ കൃത്യമായി നിര്‍വഹിക്കുന്നു. ഫീല്‍ഡിങ്ങാണ് മെച്ചപ്പേടേണ്ട ഏക വിഭാഗം. ഇനി ബൗളിങ് നിരയിലേക്ക് വരാം.
ദക്ഷിണാഫ്രിക്കയെത്തുന്നത് ഇന്ത്യയേക്കാള്‍ വലിയ ദുരിതങ്ങളില്‍ നിന്ന് തിരിച്ചുവന്നിട്ടുള്ള ആത്മവിശ്വാസം കൊണ്ടാണ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പുറത്തായത് കേവലം 69 റണ്‍സിനാണ്, പിന്നീട് ഓസ്‌ട്രേലിയക്കെതിരെ 97 റണ്‍സിനും പുറത്തായി. പക്ഷേ, അതേ ഇംഗ്ലണ്ടിനെതിരെ 319 റണ്‍സ് സ്‌കോര്‍ ചെയ്ത്, 125 റണ്‍സിന്റെ വമ്പന്‍ ജയവുമായാണ് ഫൈനലുറപ്പിച്ചതും. ലോറ വോള്‍വാട്ടിനോടും മരീസാന്‍ കാപ്പിനോടും നന്ദി ലോറ തന്നെയാണ് ബാറ്റിങ്ങിലെ വജ്രായുധം, റണ്‍വേട്ടയില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ദുരത്തിലാണ് ലോറ നിലവില്‍, 470 റണ്‍സ് ഇതിനോടകം നേടി.
നവി മുംബൈയിലെ റണ്‍സ് വിളയുന്ന ചെമ്മണ്ണില്‍ കാര്യങ്ങള്‍ എളുപ്പമാകാന്‍ പവര്‍പ്ലേയില്‍ തന്നെ ആധിപത്യം സ്ഥാപിക്കണം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെന്നതില്‍ തര്‍ക്കമില്ല.വിശാഖപട്ടണത്ത് ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആദ്യ ആറ് ഓവറില്‍ തന്നെ പ്രോട്ടിയാസിന്റെ രണ്ട് വിക്കറ്റ് നേടാന്‍ ഇന്ത്യക്കായിരുന്നു. നവി മുംബൈയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നില്ല ഓസീസിനെതിരെ. പക്ഷേ, അവസാന 15 ഓവറില്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റുകളാണ്. ഓസീസ് അനായാസം 350 കടക്കുമെന്ന് തോന്നിച്ചിടത്തുനിന്നാണ് കളിതിരിച്ചുപിടിച്ചത്.
ഇതേ തന്ത്രമായിരിക്കണം ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാനും സഹായിക്കുക. വലം കയ്യന്‍ ബാറ്റര്‍മാരാല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്കന്‍ നിരയെ നേരിടുമ്പോള്‍ നിര്‍ണായകമാകുക ശ്രീ ചരണിയും രാധാ യാദവുമായിരിക്കും. രാധയാകുമോ സ്‌നേ റാണയാകുമോ അന്തിമ ഇലവനിലെത്തുക എന്നത് ആകാംഷയാണ്. ദീപ്തി പരിചയസമ്പത്തിലും കൃത്യതയിലും ഏറെ മുന്നിലാണ്, 17 വിക്കറ്റുമായ് ടൂര്‍ണമെന്റില്‍ ഒന്നാമത്, അടിപതറിയാലും തിരിച്ചുവരാനുള്ള മികവുണ്ട് ദീപ്തിക്ക്. സ്പിന്‍ ത്രയം തന്നെയായിരിക്കും നിര്‍ണായകം, പവര്‍പ്ലെയില്‍ രേണുകയും ക്രാന്തിയും.
ആദ്യ ബാറ്റ് ചെയ്‌തൊരു കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തുക, അത് 350ന് മുകളിലെങ്കില്‍ ഉചിതം. അല്ലെങ്കില്‍ മഞ്ഞ് വീഴുന്ന നവി മുംബൈയില്‍ പ്രതിരോധം എളുപ്പമാകില്ല. ഓസ്‌ട്രേലിയയുടെ ക്വാളിറ്റി ബൗളിങ് ലൈനപ്പിന് പോലും ഇന്ത്യയെ പിടിച്ചുകെട്ടാനായിരുന്നില്ല. റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുക എന്നത് ഇന്ത്യയുടെ ദൗര്‍ബല്യങ്ങളിലൊന്നായിരുന്നു ഇതുവരെ, പക്ഷേ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തോടെ അത് ശക്തിയായും മാറിയിരിക്കുന്നു. കെട്ടകാലം താണ്ടിയ പ്രോട്ടിയാസും പലകുറി വീണിടത്ത് നിന്ന് ഉയരാന്‍ ഇന്ത്യയും.
ഇവ ശ്രദ്ധിക്കണം
ഒന്ന് മരിസാന്‍ കാപ്പ് - സ്മൃതി മന്ദന. വനിത ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയിട്ടുള്ള താരം, മരിസാന്‍ കാപ്പ്. നിലവിലെ ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്ററും ഈ ലോകകപ്പില്‍ റണ്‍വേട്ടയില്‍ രണ്ടാമതുമുള്ള താരം, സ്മൃതി മന്ദന. ഇരുടീമുകള്‍ക്കും നിര്‍ണായകമായ പവര്‍പ്ലേ ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങള്‍ പേറുന്നവര്‍. ലോകകപ്പില്‍ മങ്ങിയ ഫോമില്‍ തുടര്‍ന്ന കാപ്പ്, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തന്റെ താളം കണ്ടെത്തിയിരിക്കുകയാണ്. മീഡിയം പേസറാണെങ്കിലും ഇരുവശത്തേക്കും പന്ത് സ്വിങ്ങ് ചെയ്യിക്കാനുള്ള കഴിവാണ് കാപ്പിനെ അണ്‍പ്രെഡിക്റ്റബിളും അപകടകാരിയാക്കുന്നതും.
മറുവശത്ത് അഗ്രസീവ് ക്രിക്കറ്റിന്റെ പുതിയ വേര്‍ഷനിലിറങ്ങുന്ന സ്മൃതിയും ലോകകപ്പിന്റെ തുടക്കത്തില്‍ തന്റെ മികവിനൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായ് രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു ശതകവും നേടി ഫോം വീണ്ടെടുത്തു. ന്യൂ ബോള്‍ ബൗളര്‍മാരെ അറ്റാക്ക് ചെയ്യുന്ന സ്മൃതിയേയാണ് സമീപകാലത്ത് കണ്ടിട്ടുള്ളത്. എന്നാല്‍, കാപ്പിനെതിരെ പെരുമയ്‌ക്കൊത്ത റെക്കോര്‍ഡ് താരത്തിനില്ല. എല്ലാക്കാലത്തും കരുതലോടെയാണ് കാപ്പിനെ സ്മൃതി നേരിട്ടിട്ടുള്ളത്. കാപ്പിന്റെ 116 പന്തുകള്‍ നേരിട്ട സ്മൃതി 72 റണ്‍സ് മാത്രമാണ് നേടിയത്, സ്‌ട്രൈക്ക് റേറ്റ് 62. ഒരു തവണ മാത്രമാണ് കാപ്പിന് മുന്നില്‍ കീഴടങ്ങിയത്.
അടുത്തത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് നയിക്കുന്ന മുന്‍നിരയെ ഇന്ത്യയുടെ ന്യുബോള്‍ ബൗളര്‍മാര്‍ എങ്ങനെ നേരിടുമെന്നതാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ വിശാഖപട്ടണത്ത് നേരിട്ടപ്പോള്‍ പ്രോട്ടിയാസ് മുന്‍നിരയെ 20 ഓവറിന് മുന്‍പ് പവലിയനിലേക്ക് മടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പക്ഷേ, വിശാഖപട്ടണമല്ല നവി മുംബൈ. ബാറ്റര്‍മാരുടെ വിളനിലമാണ് മുംബൈയിലെ വിക്കറ്റ്. 470 റണ്‍സുമായി ബാറ്റിങ് നിരയുടെ നട്ടെല്ലായ ലോറ തന്നെ മുന്നിലുണ്ട്, എന്നാല്‍ ലോറയുടെ പങ്കാളി തസ്മിന്‍ ബ്രിറ്റ്‌സ് സ്ഥിരതയില്ലാതെയാണ് ലോകകപ്പില്‍ തുടരുന്നത്. ഈ വര്‍ഷം അഞ്ച് സെഞ്ച്വറികള്‍ നേടിയെങ്കിലും ലോകകപ്പില്‍ ആ ഫോം ആവര്‍ത്തിക്കാനായിട്ടില്ല.
ലോറയ്ക്ക് ശേഷം കാപ്പ് മാത്രമാണ് മുന്‍നിരയില്‍ അല്‍പ്പമെങ്കിലും മികവ് പുലര്‍ത്തുന്നത്. ഇംഗ്ലണ്ടിന്റേയും ഓസ്‌ട്രേലിയയുടേയും ക്വാളിറ്റി ബൗളര്‍മാര്‍ക്ക് മുന്നില്‍ 100 റണ്‍സ് പോലും തികയ്ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, നവി മുംബൈയില്‍ അത്തരമൊരു തകര്‍ച്ച പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, ഇന്ത്യയുടെ പേസ് നിരയിലേക്ക് രേണുക സിങ് താക്കൂര്‍ കൂടിയെത്തുന്നതോടെ പ്രോട്ടിയാസിന് മുന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ഛയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.
മൂന്നാമത്തെ വെല്ലുവിളിയായി ചൂണ്ടിക്കാണിക്കാനുള്ള പ്രോട്ടിയാസിന്റെ പിന്‍നിരയും ഇന്ത്യയുടെ ഡെത്ത് ബൗളര്‍മാരും തമ്മിലുള്ള ബാറ്റിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 252 റണ്‍സ് പ്രതിരോധിക്കവെ ദക്ഷിണാഫ്രിക്കയെ 142-6 എന്ന നിലയിലേക്ക് വീഴ്ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പക്ഷേ, നദീന്‍ ക്ലാര്‍ക്കിന്റെ ഒറ്റ ഇന്നിങ്‌സിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. അതും നാല് ഓവറുകള്‍ ബാക്കി നില്‍ക്കെ. കേവലം 54 പന്തില്‍ 84 റണ്‍സെടുത്ത നദീനായിരുന്നു ഇന്ത്യയുടെ സെമി മോഹങ്ങള്‍ തുലാസിലാക്കിക്കൊണ്ടുള്ള തോല്‍വികളുടെ തുടക്കമിട്ടത്.
പ്രത്യേകിച്ചും നവി മുംബൈയിലെ ബാറ്റിങ് വിക്കറ്റിലേക്ക് എത്തുമ്പോള്‍ നദീന്‍ കൂടുതല്‍ അപകടകാരിയാകുമെന്ന് തീര്‍ച്ചയാണ്. 136 സ്‌ട്രൈക്ക് റേറ്റിലാണ് നദീന്‍ ലോകകപ്പില്‍ ബാറ്റ് വീശുന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരവും നദീനാണ്. വലം കയ്യന്‍ ബാറ്ററെ സമ്മര്‍ദത്തിലാക്കാന്‍ ഇടം കയ്യന്‍ സ്പിന്നര്‍മാരെ ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്നതാണ് ആകാംഷ. ശ്രീചരണി ഇലവനിലെ സ്ഥാനം ഉറപ്പിക്കുമ്പോള്‍ രാധാ യാദവിനാണ് മറ്റൊരു സാധ്യത. അതോ സ്‌നേ റാണയ്ക്കാകുമോ ഹര്‍മന്റെ അന്തിമ ഇലവനില്‍ ഇടമെന്നും കാത്തിരുന്ന് അറിയേണ്ടതുണ്ട്.
ജമീമയും ഹര്‍മനും നയിക്കുന്ന ഇന്ത്യയുടെ മധ്യനിര എങ്ങനെ മധ്യഓവറുകളെ നേരിടുമെന്നതാണ് അടുത്ത വെല്ലുവിളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ഒരു മധ്യനിര ബാറ്റര്‍പോലും 15 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ജമീമയും ഹര്‍മനും എതിരാളികള്‍ക്ക് പഴുതൊരുക്കാതെയാണ് ബാറ്റ് ചെയ്തത്. ഇതിന് പിന്നിലെ പ്രധാന കാരണം ഇരുവരുടേയും പക്കലുള്ള റേഞ്ച് ഓഫ് ഷോട്ട്‌സാണ്. പുതുകാലത്തിനൊപ്പം സഞ്ചരിക്കുന്ന ജമീമയും സ്‌കൂപ്പ് ഷോട്ടുകളും ഫീല്‍ഡിനെ കീറിമുറിച്ചുള്ള കട്ട് ഷോട്ടുകളും. മറുവശത്ത് ഹര്‍മന്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്ക് സ്‌കോര്‍ ചെയ്യാനുള്ള മികവുള്ള താരം. നദീനും മ്ലാബയും ട്രിയോണുമായിരിക്കും മധ്യ ഓവറുകളില്‍ ലോറയുടെ അസ്ത്രങ്ങളാകുക.
ഇനിയുള്ളത് ദീപ്തി ശര്‍മയും ദക്ഷിണാഫ്രിക്കയുടെ വലം കയ്യന്‍ ബാറ്റര്‍മാരുമായുള്ള ബാറ്റിലാണ്. ഇന്ത്യന്‍ നിരയിലെ ഏറ്റവും പരിചയസമ്പത്തുള്ള ബൗളറാണ് ദീപ്തി, ഇതുവരെ ലോകകപ്പില്‍ 17 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരില്‍ അനബല്‍ സതര്‍ലന്‍ഡിനൊപ്പം ഒന്നാമതാണ്. പക്ഷേ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 54 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ 73 റണ്‍സും വഴങ്ങി. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് നാല് വിക്കറ്റുകളുമാണ്. ദീപ്തി ഫൈനലില്‍ തന്റെ മികവിലേക്ക് പൂര്‍ണമായും ഉയരേണ്ടതുണ്ട്.
കാത്തിരിക്കുന്നത് വന്‍ പാരിതോഷികം
ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയാല്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികമെന്ന് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് കിരീടം നേടിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ 125 കോടി രൂപ സമ്മാനമായി നല്‍കനുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ ബിസിസിഐക്ക് അനുകൂല നിലപാടാണുള്ളത്. ഈ സാഹചര്യത്തില്‍ വനിതാ താരങ്ങള്‍ക്കുള്ള സമ്മാനത്തുകയുടെ കാര്യത്തിലും വിവേചനുമുണ്ടാകില്ലെന്നാണ് കരുതുന്നത്.
പ്രഖ്യാപനം വൈകാന്‍ കാരണം
എന്നാല്‍ ലോകകപ്പ് കിരീടം നേടുന്നതിന് മുമ്പ് പാരിതോഷികം പ്രഖ്യാപിക്കുന്നത് അനുചിതമാകും എന്നതിനാലാണ് പാരിതോഷികത്തിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സമ്മാനത്തുക എന്തായാലും പുരുഷ ടീമിന് നല്‍കിയതില്‍ നിന്ന് ഒട്ടും കുറയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷംയ രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ലോകകപ്പിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടാല്‍ അതിന്റെ പത്തിരട്ടിയിലേറെയാണ് താരങ്ങള്‍ക്ക് സ്വന്തമാവുക.
വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്.
2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയപ്പോള്‍ 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്. ഹോം ഗ്രൗണ്ടില്‍ മൂന്നാം തവണ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. അജയ്യരെന്ന വിശേഷണമുള്ള ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കക്ക് കരുത്താകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
