ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: കാര്യവട്ടത്ത് നാളെ പരിശീലനം

നാളെ ഉച്ചയ്ക്ക് 2 മുതല്‍ 5 മണി വരെ ശ്രീലങ്കന്‍ ടീം പരിശീലനത്തിനിറങ്ങും. വൈകീട്ട് 6 മണി മുതല്‍ രാത്രി 9 വരെ ഇന്ത്യന്‍ ടീം പരിശീലനം നടത്തും. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിന് കേരളത്തിന്റെ തലസ്ഥാനം വേദിയാവുന്നത്.

author-image
Biju
New Update
karakara

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ നാളെ പരിശീലനത്തിനിറങ്ങും. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം പരിശീലനത്തിനിറങ്ങുന്നത്. ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരയുടെ അവസാന മൂന്ന് മത്സരങ്ങള്‍ കളിക്കാനാണ് ടീം തിരുവനന്തപുരത്തെത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നു മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കുന്നത്. ഡിസംബര്‍ 26, 28, 30 തീയതികളിലായി കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

നാളെ ഉച്ചയ്ക്ക് 2 മുതല്‍ 5 മണി വരെ ശ്രീലങ്കന്‍ ടീം പരിശീലനത്തിനിറങ്ങും. വൈകീട്ട് 6 മണി മുതല്‍ രാത്രി 9 വരെ ഇന്ത്യന്‍ ടീം പരിശീലനം നടത്തും. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിന് കേരളത്തിന്റെ തലസ്ഥാനം വേദിയാവുന്നത്. ലോക കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ തലസ്ഥാന നഗരിയില്‍ എത്തുന്നതാണ് ക്രിക്കറ്റ് സ്നേഹികളെ ആവേശത്തിലാഴ്ത്തുന്നത്. ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റന്‍.

ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ സൂപ്പര്‍ നായികയായ ജെമീമ റോഡ്രിഗ്രസ്, ഫൈനലിലെ താരം ഷഫാലി വര്‍മ്മ എന്നിവരും കേരളത്തിന്റെ ക്രീസില്‍ ബാറ്റ് വീശും. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷും കൂടി ക്രീസിലിറങ്ങുന്നതോടെ കാര്യവട്ടത്ത് മികച്ചൊരു ക്രിക്കറ്റ് വിരുന്നു തന്നെയാണ് കായിക സ്നേഹികള്‍ പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിശാഖ പട്ടണത്താണ് നടന്നത്. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ 2 -0ന് പരമ്പരയില്‍ മുന്നിലാണ്.

ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, സ്നേഹ റാണ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ദീപ്തി ശര്‍മ, ഹര്‍ലീന്‍ ഡിയോള്‍, രേണുക സിംഗ്, കമാലിനി.