/kalakaumudi/media/media_files/2025/12/27/shefali-2025-12-27-08-37-58.jpg)
തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ട്വന്റി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20യില്‍ ഇന്ത്യന്‍ ബോളര്‍മാരുടെ മിന്നും പ്രകടനവും പിന്നാലെ ഷഫാലി വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ആരാധകരെ കാത്തിരുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 112 റണ്‍സ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 40 പന്തുകള്‍ ശേഷിക്കെ ഇന്ത്യന്‍ വനിതകള്‍ ജയിച്ചുകയറി. 42 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്‌സും സഹിതം 79 റണ്‍സ് അടിച്ചെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്.
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ സ്മൃതി മന്ഥാനയ്ക്കും ജെമിമയ്ക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിളങ്ങാനായില്ല. ഒരു റണ്‍സ് എടുത്ത മന്ഥാനയെ കവിഷ ദില്‍ഹരി വിക്കറ്റിന് മുന്‍പില്‍ കുടുക്കി. പിന്നാലെ ഒന്‍പത് റണ്‍സ് എടുത്ത് നില്‍ക്കെ ജെമിമയെ കവിഷ ക്ലീന്‍ ബൗള്‍ഡാക്കി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 18 പന്തില്‍ നിന്ന് 21 റണ്‍സോടെ പുറത്താവാതെ നിന്നു. ഈ ജയത്തോടെ അഞ്ച് ടി20കളുടെ പരമ്പര ഇന്ത്യന്‍ വനിതകള്‍ 3-0ന് സ്വന്തമാക്കി കഴിഞ്ഞു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ തകര്‍ത്തത് രേണുക സിങ്ങും ദീപ്തി ശര്‍മയും ചേര്‍ന്നാണ്.
രേണുക സിങ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുതു. രേണുകയുടെ ഒരു ഓവര്‍ മെയ്ഡനാണ്. ദീപ്തി ശര്‍മ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ശ്രീലങ്കന്‍ വനിതകള്‍ക്ക് ഇന്ത്യക്ക് മേല്‍ സമ്മര്‍ദം സൃഷ്ടിക്കാനായില്ല. ഇനിയുള്ള രണ്ട് ടി20 മത്സരങ്ങളും ഗ്രീന്‍ഫീല്‍ഡ് സറ്റേഡിയത്തില്‍ വെച്ച് തന്നെയാണ് നടക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
