/kalakaumudi/media/media_files/2025/12/24/karyavattom-2025-12-24-07-07-44.jpg)
തിരുവനന്തപുരം: കായിക പ്രേമികള്‍ക്ക് ആവേശമായി ലോക ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കേരളത്തിലെത്തുന്നു. ഇന്ത്യ - ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായിട്ടാണ് ടീമുകള്‍ നാളെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. ഡിസംബര്‍ 26, 28, 30 തീയതികളിലായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാകും മത്സരങ്ങള്‍ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിര്‍ണായകമായ മൂന്ന് മത്സരങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. നാളെ വൈകുന്നേരം 5.40 ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ടീമുകള്‍ക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 25 ന് ഉച്ചയ്ക്ക് 2:00 മുതല്‍ 5:00 വരെ ശ്രീലങ്കന്‍ ടീമും, വൈകിട്ട് 6:00 മുതല്‍ രാത്രി 9:00 വരെ ഇന്ത്യന്‍ ടീമും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.
വനിതാ ക്രിക്കറ്റിന് കൂടുതല്‍ പ്രോത്സാഹനവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനെക്കുറിച്ചറിയാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വെബ്സൈറ്റും സാമൂഹിക മാധ്യമ പേജുകളും സന്ദര്‍ശിക്കുക. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് 125 രൂപയാണ് ഇവര്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പൊതുജനങ്ങള്‍ക്ക് 250 രൂപ നിരക്കില്‍ ജനറല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി സീറ്റുകള്‍ക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു
ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ലോകോത്തര താരങ്ങള്‍ തലസ്ഥാനത്ത് എത്തുന്നത് കായിക പ്രേമികള്‍ക്ക് ഇരട്ടി മധുരമാകും. ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് സ്വന്തം മണ്ണില്‍ മികച്ച പിന്തുണ നല്‍കാന്‍ വലിയൊരു ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. വനിതാ ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഗ്രീന്‍ഫീല്‍ഡില്‍ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങള്‍ അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍, വെള്ളം, ആഹാര പദാര്‍ത്ഥങ്ങള്‍, പടക്കങ്ങള്‍, സിഗരറ്റ്, ലൈറ്റര്‍, തീപ്പെട്ടികള്‍, ലഹരി പദാര്‍ത്ഥങ്ങള്‍,ബാഗ്, കുട, ഹെല്‍മറ്റ്, കാമറ എന്നിവ സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ല. സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ ഓരോരുത്തരും ടിക്കറ്റില്‍ രേഖപ്പെടുത്തിയ ഗേറ്റുകള്‍ വഴി കൃത്യസമയത്ത് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രദ്ധിക്കണമെമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
