/kalakaumudi/media/media_files/2025/12/24/india-srilaanka-2025-12-24-07-03-00.jpg)
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി 20 യില്‍ ഇന്ത്യക്ക് അനായാസ ജയം. ഷെഫാലി വര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. 34 പന്തില്‍ 11 ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ പുറത്താകാതെ 69 റണ്‍സ് നേടിയ ഷെഫാലിയുടെ പ്രകടനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 129 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജെമീമ റോഡ്രിഗസ് 26 ഉം സ്മൃതി മന്ദാന 14 ഉം ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ 10 ഉം റണ്‍സ് നേടി. ശ്രീലങ്കന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ തന്നെ ഒരു സിക്‌സും ഒരു ഫോറും നേടിയ മന്ദാന മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് ഷെഫാലിയുടെ വെടിക്കെട്ടാണ് വിശാഖപട്ടണം സ്റ്റേഡിയം കണ്ടത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാഅണ് 128 റണ്‍സെടുത്തത്. ഹര്‍ഷിത സമരവിക്രമ 33 ഉം ക്യാപ്റ്റന്‍ ചമാരി അത്താപത്തു 31 ഉം ഹസിനി പെരേര 22 ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ശ്രീ ചരണിയും വൈഷ്ണവി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരത്തിലും ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്നത്തെ ഏഴ് വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യ 2 - 0ത്തിന് പരമ്പരയില്‍ മുന്നിലെത്തി. അടുത്ത മൂന്ന് മത്സരങ്ങള്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
