/kalakaumudi/media/media_files/2025/12/21/suryaa-gill-2025-12-21-08-39-35.jpg)
മുംബൈ: വൈസ് ക്യാപ്റ്റനെ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയ വിചിത്ര സംഭവത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഇന്ന് സാക്ഷിയായത്. ശുഭ്മാന്‍ ഗില്‍ എന്ന ബാറ്ററുടെ കഴിവില്‍ തങ്ങള്‍ക്ക് ഒരു സംശയവും ഇല്ലെന്നും ടീം കോമ്പിനേഷന്‍ പരിഗണിച്ചാണ് ഗില്ലിനെ മാറ്റി നിര്‍ത്തിയത് എന്നും സെലക്ഷന്‍ കമ്മറ്റി തലവന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പറഞ്ഞു. എന്താണ് സഞ്ജു സാംസണിനെ തുണയ്ക്കുകയും ഗില്ലിന് പുറത്തേക്ക് വഴി തുറക്കുകയും ചെയ്ത ആ ടീം കോമ്പിനേഷന്‍?
'ഗില്‍ ഏത് വിധത്തിലുള്ള ക്വാളിറ്റി ബാറ്ററാണ് എന്ന് നമുക്കറിയാം. പക്ഷേ ഇപ്പോള്‍ റണ്‍സ് കണ്ടെത്തുന്നതില്‍ കുറവ് വന്നു. കഴിഞ്ഞ ലോകകപ്പിലും ഗില്ലിന് ടീമില്‍ ഇടംനേടാനായില്ല. അന്ന് നമ്മുടെ ടീം കോമ്പിനേഷന്‍ മറ്റൊന്ന് ആയിരുന്നു. കോമ്പിനേഷനാണ് പ്രഥമ പരിഗണന കൊടുക്കുന്നത്. 15 പേരെ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ചിലര്‍ക്ക് സ്ഥാനം നഷ്ടമാവും. ഈ സമയം അത് ഗില്ലായി. ടീം കോമ്പിനേഷന്‍ ആണ് ഞങ്ങള്‍ നോക്കുന്നത്. ഞങ്ങള്‍ക്ക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പറെ വേണമായിരുന്നു,' സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
ടീം കോമ്പിനേഷന്‍ ആണ് ഗില്ലിനെ ഒഴിവാക്കിയതിന്റെ കാരണമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പറഞ്ഞത്. 'ഗില്‍ നേരത്തെ ട്വന്റി20 സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററെ ടോപ് ഓര്‍ഡറില്‍ ഇറക്കണം. ലോവര്‍ ഓര്‍ഡറില്‍ റിങ്കു അല്ലെങ്കില്‍ വാഷിങ്ടണ്‍. അതുകൊണ്ടാണ് ടോപ് ഓര്‍ഡറില്‍ എക്‌സ്ട്രാ കീപ്പര്‍ എന്ന തീരുമാനത്തിലെത്തിയത്. ഗില്ലിന്റെ ഫോം ഒന്നും ഇതില്‍ വിഷയമായിട്ടില്ല,' സൂര്യ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി20യില്‍ സഞ്ജു പവര്‍പ്ലേയില്‍ മികച്ച സ്‌ട്രൈക്ക്‌റേറ്റില്‍ കളിച്ചതും ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റി പരിഗണിച്ചിട്ടുണ്ടാവണം. ഏതാനും ദിവസം മുന്‍പ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ സ്‌ക്വാഡില്‍ ഇടം നേടി.
ജിതേഷ് ശര്‍മയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല. ഇഷാനും സഞ്ജുവുമാണ് സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ സഞ്ജുവിന് ലോകകപ്പില്‍ ഓപ്പണര്‍ റോള്‍ ലഭിക്കും എന്ന് ഉറപ്പാണ്. ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങിനേയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
