/kalakaumudi/media/media_files/2026/01/10/scot-2026-01-10-23-27-47.jpg)
ബുലവായോ: നാല് ബാറ്റര്‍മാരുടെ അര്‍ധസെഞ്ചറി, നാല് അര്‍ധസെഞ്ചറി കൂട്ടുകെട്ടുകള്‍; കൗമാര താരങ്ങളുടെ ബാറ്റിങ് കരുത്തില്‍ സ്‌കോട്ലന്‍ഡിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇന്ത്യ അണ്ടര്‍19 ടീമിന് കൂറ്റന്‍സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. അര്‍ധസെഞ്ചറി നേടിയ വൈഭവ് സൂര്യവംശി (50 പന്തില്‍ 96), ആരോണ്‍ ജോര്‍ജ് (58 പന്തില്‍ 61), വിഹാന്‍ മല്‍ഹോത്ര (81 പന്തില്‍ 77), അഭിഗ്യാന്‍ കുണ്ഡു (48 പന്തില്‍ 55) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യന്‍ മികച്ച സ്‌കോര്‍ നേടിയത്. ആര്‍.എസ്.അംബരിഷ് 28 റണ്‍സും ക്യാപ്റ്റന്‍ ആയുഷ് മാത്രെ 22 റണ്‍സുമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പതിവു പോലെ വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് നല്‍കിയത്. 27 പന്തില്‍ അര്‍ധസെഞ്ചറി നേടിയ താരം, 50 പന്തില്‍ 96 റണ്‍സെടുത്താണ് പുറത്തായത്. ഏഴു സിക്‌സുകളും ഒന്‍പതു ഫോറുമാണ് വൈഭവിന്റെ ബാറ്റില്‍നിന്നു പിറന്നത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും വൈഭവും ചേര്‍ന്ന് 70 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 19 പന്തില്‍ 22 റണ്‍സെടുത്ത ആയുഷ് ഏഴാം ഓവറിലാണ് പുറത്തായത്.
പിന്നീടെത്തിയ മലയാളി താരം ആരോണ്‍ ജോണ്‍, വൈഭവിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും 78 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. സെഞ്ചറിക്ക് വെറും നാല് റണ്‍സകലെ വൈഭവ് വീണതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ആരോണ്‍വിഹാന്‍ കൂട്ടുകെട്ടും നാലാം വിക്കറ്റില്‍ വിഹാന്‍അഭിഗ്യാന്‍ കൂട്ടുകെട്ടും മികച്ച രീതിയില്‍ മുന്നേറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അനായാസം 300 കടന്നു. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടക്കാതെ 374ല്‍ ഒതുങ്ങിയത്. സ്‌കോട്ലന്‍ഡിനായി ഒലി ജോണ്‍സ് നാല് വിക്കറ്റ് വീഴ്ത്തി. 15 മുതല്‍ സിംബാബ്വെയില്‍ വച്ചാണ് അണ്ടര്‍ 19 ഏകദിന ലോകകപ്പ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
