വൈഭവ് വെടിക്കെട്ടിന് അവസാനമില്ല, അടിച്ചുകൂട്ടിയത് 10 സിക്‌സുകള്‍; ഇന്ത്യയ്ക്കു വമ്പന്‍ വിജയം

ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 27 ഓവറില്‍ 174 റണ്‍സായി വെട്ടിച്ചുരുക്കിയ രണ്ടാം യൂത്ത് ഏകദിനത്തില്‍ 21 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്.

author-image
Biju
New Update
kali1

ബെനോനി: കൗമാര താരം വൈഭവ് സൂര്യവംശിയുടെ 'ഇടിവെട്ട്' ബാറ്റിങ്ങും, ദക്ഷിണാഫ്രിക്കയിലെ ബെനോനിയിലെ ഇടിമിന്നലും ചേര്‍ന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം. ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 27 ഓവറില്‍ 174 റണ്‍സായി വെട്ടിച്ചുരുക്കിയ രണ്ടാം യൂത്ത് ഏകദിനത്തില്‍ 21 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 20ന് സ്വന്തമാക്കി. 24 പന്തില്‍ 68 റണ്‍സടിച്ച വൈഭവ് സൂര്യവംശിയാണു കളിയിലെ താരം.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 49.3 ഓവറില്‍ 245 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങില്‍ തുടക്കം മുതല്‍ ബൗണ്ടറികള്‍ പായിച്ച ക്യാപ്റ്റന്‍ വൈഭവ് 10 സിക്‌സുകളാണ് അതിര്‍ത്തി കടത്തിയത്. സിംഗിളുകള്‍ ഒഴിവാക്കി, ബൗണ്ടറികള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു വൈഭവിന്റെ ബാറ്റിങ്. ഇന്നിങ്‌സിന്റെ ആദ്യ പന്തു തന്നെ സിക്‌സര്‍ തൂക്കിയ വൈഭവ് നാലു റണ്‍സ് മാത്രമാണ് ഓടിയെടുത്തത്. ഇടിമിന്നല്‍ കാരണം രണ്ടു തവണയാണു കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

ഇന്ത്യയുടെ വിജയലക്ഷ്യം 174 ആക്കി ചുരുക്കിയതോടെ വേദാന്ത് ത്രിവേദി (57 പന്തില്‍ 31), അഭിഗ്യാന്‍ കുണ്ടു (42 പന്തില്‍ 48) എന്നിവര്‍ തകര്‍ത്തുകളിച്ചാണു ടീമിന്റെ വിജയമുറപ്പിച്ചത്. മലയാളി ഓപ്പണര്‍ ആരണ്‍ ജോര്‍ജ് 19 പന്തില്‍ 20 റണ്‍സടിച്ചു പുറത്തായി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജേസണ്‍ റൗള്‍സ് സെഞ്ചറി നേടി. 113 പന്തുകള്‍ നേരിട്ട താരം 114 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇന്ത്യയ്ക്കായി കിഷന്‍ സിങ് നാലും ആര്‍.എസ്. അംബരീഷ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം മുഹമ്മദ് ഇനാന്‍ ഏഴോവറുകളില്‍ 47 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.