/kalakaumudi/media/media_files/2026/02/04/under3-2026-02-04-21-07-21.jpg)
ഹരാരെ: അണ്ടര്‍-19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 311 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം 41 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ ഈ വിജയത്തിന് അടിത്തറ പാകിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത 50 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 41 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്‌കോര്‍: 310/ 3 (41 ഓവര്‍). ആരോണാണ് മത്സരത്തിലെ താരം.
സമ്മര്‍ദമേറിയ സെമിഫൈനലില്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ആരോണ്‍ ജോര്‍ജ് സെഞ്ചുറിയോടെ കളം നിറഞ്ഞു. 104 പന്തുകളില്‍നിന്ന് 15 ഫോറുകളും 2 സിക്സറുകളും അടക്കം 115 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആരോണ്‍ പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. വൈഭവ് സൂര്യവംശി (33 പന്തില്‍ 68), നായകന്‍ ആയുഷ് മാത്രെ (59 പന്തില്‍ 62) എന്നിവരും ഇന്ത്യന്‍ നിരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
ഓപ്പണിങ്ങില്‍ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ചേര്‍ന്ന് വെറും 9.3 ഓവറില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം നല്‍കി. ആയുഷ് മാത്രെയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 114 റണ്‍സിന്റെ മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ ജയം ഉറപ്പാക്കി. ടീം സ്‌കോര്‍ 300-ലെത്തിയതോടെ വാഹിദുള്ള സദ്രാന്റെ പന്തില്‍ നസീഫുള്ള അമീരിക്ക് ക്യാച്ച് നല്‍കി ആരോണ്‍ മടങ്ങി. പത്തോവറിലധികം ബാക്കിനില്‍ക്കേ, പത്ത് റണ്‍സ് മാത്രം മതിയായിരുന്നു അപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍. പിന്നീടെത്തിയ വേദാന്ത് ത്രിവേദിയും മല്‍ഹോത്രയും ചേര്‍ന്ന് വിജയ കടനമ്പ പൂര്‍ത്തിയാക്കി.
നേരത്തേ ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്‍ മികച്ച പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് അവര്‍ അടിച്ചുകൂട്ടി. ഫൈസല്‍ ഷിനോസാദ (110), ഉസൈറുള്ള നിയാസായ് (101) എന്നിങ്ങനെ രണ്ട് തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 148 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 93 പന്തുകളില്‍നിന്ന് 15 ഫോറുകള്‍ ഉള്‍പ്പെടുന്നതാണ് ഷിനോസാദയുടെ ഇന്നിങ്സെങ്കില്‍, 86 പന്തില്‍ 12 ഫോറും രണ്ട് സിക്സും ചേര്‍ന്നതാണ് ഉസൈറുള്ളയുടെ ഇന്നിങ്സ്. ഇന്ത്യന്‍ നിരയില്‍ ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
