/kalakaumudi/media/media_files/2025/11/07/vicket-2025-11-07-07-04-19.jpg)
ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 48 റണ്‍സ് വിജയം. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ 18.2 ഓവറില്‍ 119 ന് ഓള്‍ഔട്ടാക്കിയാണ് ഇന്ത്യ പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. അഞ്ചാം മത്സരം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ പ്രതിരോധത്തിലാകുകയായിരുന്നു.
വാഷിങ്ടന്‍ സുന്ദര്‍ മൂന്നു വിക്കറ്റുകളും അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കും ഓരോ വിക്കറ്റു വീതമുണ്ട്. 24 പന്തില്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ് മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുന്‍നിരയ്‌ക്കൊപ്പം മധ്യനിരയും വാലറ്റവും വലിയ പോരാട്ടം നടത്താതെ കീഴടങ്ങിയതോടെ ഓസ്‌ട്രേലിയ ബുദ്ധിമുട്ടിയാണ് 100 പിന്നിട്ടത്. മാത്യു ഷോര്‍ട്ട് (19 പന്തില്‍ 25), മാര്‍കസ് സ്റ്റോയ്‌നിസ് (19 പന്തില്‍ 17), ടിം ഡേവിഡ് (9 പന്തില്‍ 14) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു സ്‌കോറര്‍മാര്‍.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്. 39 പന്തില്‍ 46 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ (21 പന്തില്‍ 28), ശിവം ദുബെ (18 പന്തില്‍ 22), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 20), അക്ഷര്‍ പട്ടേല്‍ (11 പന്തില്‍ 21) എന്നിവരും തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു മികച്ച തുടക്കമാണു ലഭിച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ ഏഴാം ഓവറില്‍ അഭിഷേക് ശര്‍മയെ സ്പിന്നര്‍ ആദം സാംപ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. ശിവം ദുബെയെ വണ്‍ഡൗണായി ഇറക്കി നോക്കിയ പരീക്ഷണവും വലിയ ക്ലിക്കായില്ല. ഒരു സിക്‌സും ഒരു ഫോറും ബൗണ്ടറി കടത്തിയ ദുബെ നേഥന്‍ എലിസിന്റെ പന്തില്‍ ബോള്‍ഡായി.
12.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്. നേഥന്‍ എലിസിന്റെ 15ാം ഓവറിലെ ആദ്യ പന്തില്‍ ഗില്‍ ബോള്‍ഡായി. രണ്ടു സിക്‌സുകള്‍ പറത്തിയ സൂര്യകുമാര്‍ യാദവിന് വലിയ ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചില്ല. 10 പന്തുകള്‍ മാത്രം നേരിട്ട താരത്തെ സേവ്യര്‍ ബാര്‍ട്‌ലെറ്റിന്റെ പന്തില്‍ ടിം ഡേവിഡ് പുറത്താക്കുകയായിരുന്നു. തിലക് വര്‍മയും (അഞ്ച്), സഞ്ജുവിന്റെ പകരക്കാരനായി ടീമിലെത്തിയ ജിതേഷ് ശര്‍മയും (മൂന്ന്) അതിവേഗം മടങ്ങിയത് ഇന്ത്യന്‍ മധ്യനിരയെ പ്രതിരോധത്തിലാക്കി.
12 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറിനെയും നേഥന്‍ എലിസാണു മടക്കിയത്. ഒരു സിക്‌സും ഒരു ഫോറും ബൗണ്ടറി കടത്തിയ അക്ഷര്‍ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെനിന്നു. ഓസ്‌ട്രേലിയയ്ക്കായി നേഥന്‍ എലിസും ആദം സാംപയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇന്ത്യ പ്ലേയിങ് ഇലവന്‍ അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ജിതേഷ് ശര്‍മ, ശിവം ദുബെ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ മാത്യു ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിഷ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ജോഷ് ഫിലിപെ, മാര്‍കസ് സ്റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ബെന്‍ ഡ്വാര്‍ഷൂസ്, നേഥന്‍ എലിസ്, ആദം സാംപ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
