പരമ്പര പിടിക്കുമോ ഇന്ത്യ?, എല്ലാ കണ്ണുകളും അഡ്ലെയ്ഡിലേക്ക്

ആദ്യ മത്സരത്തിലെ അനായാസ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഓസീസിനു നിലവിലെ ഫോം തുടര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും

author-image
Biju
New Update
india australia

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം മത്സരം ഇന്ന് അഡ്ലെയ്ഡില്‍ നടക്കുമ്പോള്‍ പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. മറുവശത്ത് ആദ്യ മത്സരത്തിലെ അനായാസ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഓസീസിനു നിലവിലെ ഫോം തുടര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. മത്സരം ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

ഓസീസ് പേസര്‍മാര്‍ക്കു മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെയാണ് പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കണ്ടത്. സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ ടീമിലെ എല്ലാ ബാറ്റര്‍മാരും പേസ് ബോളിങ്ങിനു മുന്നില്‍ നിന്നുവിയര്‍ത്തു. മഴ കൂടി ഓസീസ് പേസര്‍മാര്‍ക്ക് അനുകൂലമായതോടെ ഇന്ത്യ ചിത്രത്തിലേ ഇല്ലാതായി.

അഡ്ലെയ്ഡിലേക്കു വരുമ്പോഴും ടീം ഇന്ത്യയെ കാത്തിരിക്കുന്നത് മിച്ചല്‍ സ്റ്റാര്‍ക് ജോഷ് ഹെയ്‌സല്‍വുഡ് നേഥന്‍ എല്ലിസ് പേസ് ത്രയത്തിന്റെ പരീക്ഷണമാണ്. രോഹിത് ശുഭ്മന്‍ ഗില്‍ സഖ്യത്തിനു പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇവരെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്കു കാര്യങ്ങള്‍ പാതി എളുപ്പമാകും. മധ്യ ഓവറുകളില്‍ കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവരുടെ പ്രകടനവും ടീമിന് നിര്‍ണായകമാണ്.

അഡ്ലെയ്ഡ് മത്സരത്തിനു മുന്‍പു നടന്ന അവസാന പരിശീലന സെഷനില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ കൂടുതല്‍ സമയവും ചെലവഴിച്ചതു രോഹിത് ശര്‍മയ്‌ക്കൊപ്പമായിരുന്നു. മറ്റു താരങ്ങള്‍ എത്തുന്നതിനും 45 മിനിറ്റ് മുന്‍പ് നെറ്റ്‌സില്‍ എത്തിയ രോഹിത്, ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ശേഷം ഗംഭീറുമായി ഏറെനേരം സംസാരിച്ച രോഹിത്, ഫീല്‍ഡിങ് പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രൗണ്ടില്‍നിന്നു മടങ്ങിയത്.