/kalakaumudi/media/media_files/2025/10/25/aus-3-2025-10-25-07-42-37.jpg)
സിഡ്നി: പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ അരങ്ങേറ്റവും സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും തിരിച്ചുവരവും ആഘോഷിക്കാന്‍ കൊതിച്ച് ഓസ്‌ട്രേലിയയില്‍ എത്തിയ ടീം ഇന്ത്യയെ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോല്‍പിച്ച ആതിഥേയര്‍ 3 മത്സര പരമ്പര 20നു സ്വന്തമാക്കി. പരമ്പര ഓസീസ് തൂത്തുവാരാതിരിക്കാന്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്കു ജയം അനിവാര്യമാണ്. ഇന്ന് സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന മത്സരം.
ഒരു ദിവസത്തെ മാത്രം ഇടവേളയിലാണ് ഇന്ത്യ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിയാണ് താരങ്ങള്‍ സിഡ്നിയില്‍ എത്തിയത്. അതുകൊണ്ടു തന്നെ പരിശീലനം ഒഴിവാക്കുകയും ചെയ്തു. ഒരുപക്ഷേ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പരമ്പരയുടെ 'ഫൈനല്‍' ആകുമായിരുന്ന പോരാട്ടത്തിനാണ് ഇത്തരത്തിലൊരു 'ടൈറ്റ്' ഷെഡ്യൂള്‍. മതിയായ പരിശീലനം ഇല്ലാതെയാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യയെ സംബന്ധിച്ച് 'ഫൈനല്‍' മത്സരം തന്നെയാണ് സിഡ്‌നിയില്‍ അരങ്ങേറാന്‍ പോകുന്നത്. അഭിമാനപോരാട്ടത്തിനൊപ്പം ടീമിലെ ചിലരുടെയെങ്കിലും ഭാവിയും ഇതു നിശ്ചയിക്കും.
പരമ്പരയില്‍ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ വിരാട് കോലിയില്‍ തന്നെയാണ് എല്ലാ കണ്ണുകളും. സിഡ്‌നിയില്‍ താരത്തിന് തിളങ്ങാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഒരു പക്ഷേ വിരാട് കോലിയുടെ പ്രഫഷനല്‍ ക്രിക്കറ്റ് കരിയറില്‍, ഓസ്‌ട്രേലിയന്‍ മണ്ണിലെ അവസാന പോരാട്ടമാകും ശനിയാഴ്ച സിഡ്‌നിയില്‍ അരങ്ങേറുക. ടീമില്‍ താരത്തിന്റെ ഭാവിയും മൂന്നാം ഏകദിനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും. അഡ്ലെയ്ഡില്‍ അര്‍ധസെഞ്ചറി തികച്ച രോഹിത്, ആശ്വാസത്തിലാണ്. മൂന്നാം മത്സരത്തിലും 'ഇംപാക്ട്' പ്രകടനം കാഴ്ചവച്ചാല്‍ രോഹിത്തിന് ടീമില്‍ തുടരാന്‍ വലിയ വെല്ലുവിളിയുണ്ടാകില്ല.
രണ്ടു മത്സരങ്ങളിലും തോറ്റ അതേ ടീമുമായി മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങാനുള്ള സാധ്യത വിരളമാണ്. പ്ലേയിങ് ഇലവനില്‍ രണ്ടു മാറ്റം ഏറെക്കുറെ ഉറപ്പാണ്. ബാറ്റിങ്ങില്‍ മോശം ഫോം തുടരുന്ന വാഷിങ്ടന്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും. ബാറ്റിങ് ഡെപ്ത്തിനു വേണ്ടിയാണ് ഓള്‍റൗണ്ടറായ വാഷിങ്ടനെ കളിപ്പിക്കുന്നതെങ്കിലും കുല്‍ദീപിനെ പോലൊരു സ്പിന്നറിന്റെ അഭാവം രണ്ടു മത്സരങ്ങളിലും പ്രകടമായിരുന്നു. അതുകൊണ്ടു തന്നെ കുല്‍ദീപ് പ്ലേയിങ് ഇലവനിലേക്കു തിരിച്ചെത്തിയേക്കും. പേസര്‍ ഹര്‍ഷിത് റാണയ്ക്കു പകരം പ്രസിദ്ധ് കൃഷ്ണയ്ക്കും സാധ്യതയുണ്ട്. രണ്ടാം ഏകദിനത്തില്‍ റണ്‍സ് വഴങ്ങിയ ഹര്‍ഷിതിന്റെ ബോളിങ്ങും ഇന്ത്യന്‍ തോല്‍വിക്ക് ഒരു കാരണമായിരുന്നു.
ധ്രുവ് ജുറേലാണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന മറ്റൊരു താരം. എന്നാല്‍ വിക്കറ്റ് കീപ്പറായി കെ.എല്‍.രാഹുലുള്ളപ്പോള്‍ സ്‌പെഷലിസ്റ്റ് ബാറ്റര്‍ മാത്രമായി ധ്രുവ് ജുറേലിനെ ടീമിലുള്‍പ്പെടുത്തുമോ എന്നു കണ്ടറിയണം. അങ്ങനെയെങ്കില്‍ ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കേണ്ടി വരും. ഓപ്പണിങ് സ്ലോട്ടില്‍ ഒഴിവില്ലാത്തതിനാല്‍ യശ്വസി ജയ്‌സ്വാളിന് ഇനിയും കാത്തിരിക്കേണ്ടി വരും.
ഓസീസ് ടീമിലും മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരിലൊരാള്‍ക്കു വിശ്രമം അനുവദിച്ചേക്കും. ആഷസ് തുടങ്ങാനിരിക്കെ രണ്ടും പേര്‍ക്കും വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. മൂന്നാം ഏകദിനത്തിന് തൊട്ടുമുന്‍പു സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ ജാക്ക് എഡ്വേര്‍ഡ്സിനും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും.
സാധ്യതാ പ്ലേയിങ് ഇലവന്‍:
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി/ധ്രുവ് ജുറല്‍, വാഷിങ്ടന്‍ സുന്ദര്‍ / കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ / പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് ഷോര്‍ട്ട്, മാറ്റ് റെന്‍ഷാ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കൊനോലി, മിച്ച് ഓവന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്/ജാക്ക് എഡ്വേര്‍ഡ്‌സ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
