/kalakaumudi/media/media_files/2026/01/18/veez-2026-01-18-08-37-34.jpg)
ബുലവായോ: ഇടയ്ക്ക് തിമിര്‍ത്തു പെയ്ത മഴയില്‍ കളി മുടങ്ങിയപ്പോള്‍ ഡ്രസിങ് റൂമിലിരുന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ചില തീരുമാനങ്ങള്‍ എടുത്തിരിക്കണം. എന്തു തന്നെയായാലും മഴയ്ക്കു ശേഷം കളി പുനഃരാരംഭിച്ചപ്പോള്‍ മാത്രെയുടെ തന്ത്രങ്ങളെല്ലാം ഏറ്റു. അഭിമാന പോരാട്ടത്തില്‍ ബംഗ്ലദേശിനെ പരാജയപ്പെടുത്തുകയും ചെയ്തു. അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനെതിരായ മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം മഴയെ തുടര്‍ന്ന് 29 ഓവറില്‍ 165 റണ്‍സായി ചുരുക്കുകയായിരുന്നു. എന്നാല്‍ 28.3 ഓവറില്‍ 146 റണ്‍സിന് ബംഗ്ലദേശ് ഓള്‍ഔട്ടായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ വിഹാന്‍ മല്‍ഹോത്രയുടെ ബോളിങ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണാകമായത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ നാലു പോയിന്റായ ഇന്ത്യ, സൂപ്പര്‍ സിക്‌സ് റൗണ്ടിലേക്കു പ്രവേശനം ഉറപ്പാക്കി. ആദ്യ മത്സരത്തില്‍ യുഎസിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.
മറുപടി ബാറ്റിങ്ങില്‍, ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സവാദ് അബ്രാറിന്റെ (5) വിക്കറ്റ് ഹെനില്‍ പട്ടേല്‍ വീഴ്ത്തിയെങ്കിലും രണ്ടാം വിക്കറ്റില്‍ റിഫാത്ത് ബേഗും (37 പന്തില്‍ 37), അര്‍ധസെഞ്ചറി നേടിയ ക്യാപ്റ്റന്‍ അസീസുല്‍ ഹക്കീം തമീം (72 പന്തില്‍ 51) ചേര്‍ന്ന് ബംഗ്ലദേശിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് 56 റണ്‍സെടുത്തു. റിഫാത്ത് പുറത്തായതിനു പിന്നാലെ കലാം സിദ്ദിക്കി അലീനും (23 പന്തില്‍ 15) ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. 17.2 ഓവറില്‍ ബംഗ്ലദേശ് 2ന് 90 എന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് മഴ എത്തിയത്. ഒരു മണിക്കൂറിലേറെ മഴ തുടര്‍ന്നതോടെ ബംഗ്ലദേശിന്റെ ലക്ഷ്യം 29 ഓവറില്‍ 165 റണ്‍സായി ചുരുക്കുകയായിരുന്നു.
കളി പുനഃരാരംഭിച്ച ശേഷം ബംഗ്ല ബാറ്റിങ്ങിന്റെ താളം തെറ്റി. വിഹാന്‍ മല്‍ഹോത്രയെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനം നിര്‍ണായകമാകുകയും ചെയ്തു. ബംഗ്ല ഇന്നിങ്‌സിന്റെ 22-ാം ഓവറില്‍ പന്തെറിയാന്‍ എത്തിയ വിഹാന്‍, ആ ഓവറില്‍ തന്നെ അലീനെ വീഴ്ത്തി. പിന്നീട് തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ കൂടി വിഹാന്‍ വീഴ്ത്തിയോടെ ബംഗ്ലദേശ് ബാറ്റിങ് നിര തകരുകയായിരുന്നു. അഞ്ച് ഓവറുകള്‍ക്കിടെയാണ് ബംഗ്ലദേശിന്റെ അവസാന ഏഴു വിക്കറ്റുകളും വീണത്. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ബംഗ്ലദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ബോളെറിഞ്ഞ ഹെനില്‍ പട്ടേല്‍ റണ്‍ പോലും എടുക്കാന്‍ സമ്മതിക്കാതെ ഇക്ബാല്‍ ഹുസൈന്‍ ഇമോന്റെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 18 റണ്‍സിന്റെ മിന്നും ജയം.
അഭിഗ്യാന്റെ വൈഭവം!രണ്ടക്കം കടന്നത് ആകെ നാലു ബാറ്റര്‍മാര്‍; എങ്കിലും രണ്ട് അര്‍ധസെഞ്ചറികളുടെ ബലത്തില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനെതിരായ മത്സരത്തില്‍ വീഴാതെ പിടിച്ചുനിന്ന് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48.4 ഓവറില്‍ 238 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മഴയെ തുടര്‍ന്നു മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. ഓപ്പണര്‍ വൈഭവ് സൂര്യവംശി (67 പന്തില്‍ 72), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഗ്യാന്‍ കുണ്ഡു (112 പന്തില്‍ 80) എന്നിവരുടെ അര്‍ധസെഞ്ചറി കരുത്തിലാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നത്. ഇവരെ കൂടാതെ കനിഷ്‌ക് ചൗഹാന്‍ (26 പന്തില്‍ 28), പതിനൊന്നാമനായി ഇറങ്ങിയ ദീപേഷ് ദേവേന്ദ്രന്‍ (6 പന്തില്‍ 11) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അല്‍ ഫഹദാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയുമായെത്തിയ ഇന്ത്യ, ആദ്യ മത്സരത്തില്‍ കുഞ്ഞന്‍ ടീമായ യുഎസിനോടും വിറച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം മത്സരത്തിലും പരാജയപ്പെടുന്നത്. പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയുടെ ആദ്യ മൂന്നു വിക്കറ്റുകള്‍ വീണു. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (12 പന്തില്‍6), വേദാന്ത് ത്രിവേദി (0), വിഹാന്‍ മല്‍ഹോത്ര (24 പന്തില്‍ 7) എന്നിവര്‍ പെട്ടെന്നു മടങ്ങിയതോടെ 9.5 ഓവറില്‍ 3ന് 53 എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ ഒന്നിച്ച വൈഭവ് സൂര്യവംശി- അഭിഗ്യാന്‍ കുണ്ഡു സഖ്യമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്.
പതിവുരീതിയിലല്ലെങ്കിലും ഒരുവശത്ത് വൈഭവ് റണ്‍റേറ്റ് താഴാതെ കാത്തപ്പോള്‍ മറുവശത്ത് അഭിഗ്യാന്‍, ക്ഷമയോടെ ബാറ്റുവീശി ക്രീസില്‍ നങ്കൂരമിടുകയായിരുന്നു. ലോകകപ്പില്‍ അര്‍ധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് നേടിയ 14 വയസ്സുകാരനായ വൈഭവ്, യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡും തകര്‍ത്തു. 67 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ വൈഭവ്, 27 ഓവറില്‍ പുറത്തായതോടെയാണ് കൂട്ടകെട്ട് തകര്‍ന്നത്. നാലാ വിക്കറ്റില്‍ വൈഭവ്-അഭിഗ്യാന്‍ സഖ്യം 62 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
പിന്നീട് ക്രീസിലെത്തിയവരും റണ്‍സ് കണ്ടെത്താന്‍ പാടുപ്പെട്ടെങ്കിലും ഒരുവശത്ത് നിലയുറപ്പിച്ച അഭിഗ്യാന്‍ കുണ്ഡു ഇന്ത്യയെ പൊരുതാവുന്ന നിലയില്‍ എത്തിക്കുകയായിരുന്നു. 112 പന്തിലാണ് താരം 80 റണ്‍സെടുത്ത്. ആറാം വിക്കറ്റില്‍ കനിഷ്‌ക് ചൗഹാനുമായി ചേര്‍ന്ന് 54 റണ്‍സും കൂട്ടിച്ചേര്‍ത്തു. 47-ാം ഓവറില്‍ ഒന്‍പതാമനായാണ് അഭിഗ്യാന്‍ പുറത്തായത്. ബംഗ്ലദേശ് നിരയില്‍ ഫഹദിനു പുറമെ ഇക്ബാല്‍ ഹുസൈന്‍ ഇമോന്‍, അസീസുല്‍ ഹക്കീം തമീം എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ഷെയ്ഖ് പവേസ് ജിബോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
