ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയത്തിലേക്ക് ഇന്ത്യ

മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. ഒലി പോപ് (50 പന്തില്‍ 24), ഹാരി ബ്രൂക്ക് (32 പന്തില്‍ 23) എന്നിവരാണ് അവസാന ദിനം പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍.

author-image
Biju
New Update
INDIa

ബര്‍മിങ്ങാം: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു വിജയ പ്രതീക്ഷയേകി ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റു വീണു. ലഞ്ചിന് പിരിയുമ്പോള്‍ 40.3 ഓവറില്‍ 153 റണ്‍സെടുത്ത് ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. 53 പന്തില്‍ 32 റണ്‍സുമായി ജെയ്മി സ്മിത്തും ക്രിസ് വോക്‌സുമാണു ക്രീസില്‍. 73 പന്തില്‍ 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയില്‍ ഒടുവില്‍ പുറത്തായത്. സ്പിന്നര്‍ വാഷിങ്ടന്‍ സുന്ദറിന്റെ പന്തില്‍ സ്റ്റോക്‌സ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 

മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. ഒലി പോപ് (50 പന്തില്‍ 24), ഹാരി ബ്രൂക്ക് (32 പന്തില്‍ 23) എന്നിവരാണ് അവസാന ദിനം പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍. പേസര്‍ ആകാശ്ദീപിനാണു രണ്ടു വിക്കറ്റുകളും. നാലാം ദിനം ബാറ്റിങ് അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ബെന്‍ ഡക്കറ്റ് (15 പന്തില്‍ 25), സാക് ക്രൗലി (പൂജ്യം), ജോ റൂട്ട് (16 പന്തില്‍ ആറ്) എന്നിവര്‍ നാലാം ദിനം തന്നെ പുറത്തായിരുന്നു.  

രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സെഞ്ചറി നേടി. എട്ട് സിക്‌സുകളും 13 ഫോറുകളും ബൗണ്ടറി കടത്തിയ ഗില്‍ 162 പന്തുകളില്‍ 161 റണ്‍സാണെടുത്തത്. രവീന്ദ്ര ജഡേജ (69), ഋഷഭ് പന്ത് (65), കെ.എല്‍. രാഹുല്‍ (55) എന്നിവര്‍ അര്‍ധ സെഞ്ചറികളുമായി തിളങ്ങി. മലയാളി താരം കരുണ്‍ നായര്‍ 26 റണ്‍സ് മാത്രമെടുത്തു പുറത്തായി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 180 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 587 റണ്‍സടിച്ചപ്പോള്‍, ഇംഗ്ലണ്ടിന്റെ മറുപടി 407 ല്‍ അവസാനിച്ചു. ഡബിള്‍ സെഞ്ചറി തികച്ച ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 387 പന്തുകള്‍ നേരിട്ട ഗില്‍ 269 റണ്‍സ് അടിച്ചെടുത്തു.

 

India vs England