ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 337 റണ്‍സ് വിജയം

ജസ്പ്രീത് ബുമ്രയ്ക്കു പകരം ടീമിലെത്തിയ പേസര്‍ ആകാശ്ദീപ് രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തി കളി പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ നാലു വിക്കറ്റുകള്‍ കൂടി ചേരുമ്പോള്‍ ബര്‍മിങ്ങാമില്‍ 10 വിക്കറ്റുകളാണ് ആകാശ്ദീപ് വീഴ്ത്തിയത

author-image
Biju
New Update
innnnn

ബര്‍മിങ്ങാം: സമനിലയുറപ്പിക്കാന്‍ അഞ്ചാം ദിനം ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റര്‍മാരെ തകര്‍ത്തെറിഞ്ഞ് അര്‍ഹിച്ച വിജയം ഇന്ത്യയ്ക്കു നേടിക്കൊടുത്ത് ബോളര്‍മാര്‍. രണ്ടാം ടെസ്റ്റില്‍  337 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ചറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചറിയും സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണു കളിയിലെ താരം. അവസാന ദിനത്തിന്റെ ആദ്യ സെഷനില്‍ കുറച്ചു നേരം കളി മുടങ്ങിയെങ്കിലും മഴ ദൈവങ്ങളും ഇംഗ്ലണ്ടിനെ കാത്തില്ല. 

ജസ്പ്രീത് ബുമ്രയ്ക്കു പകരം ടീമിലെത്തിയ പേസര്‍ ആകാശ്ദീപ് രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തി കളി പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ നാലു വിക്കറ്റുകള്‍ കൂടി ചേരുമ്പോള്‍ ബര്‍മിങ്ങാമില്‍ 10 വിക്കറ്റുകളാണ് ആകാശ്ദീപ് വീഴ്ത്തിയത്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 271 റണ്‍സെടുത്തു പുറത്തായി.

99 പന്തില്‍ 88 റണ്‍സെടുത്ത ജെയ്മി സ്മിത്താണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചറി നേടിയ ജെയ്മി സ്മിത്തിന്റെ പുറത്താകലോടെ തന്നെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിച്ചിരുന്നു. ഒലി പോപ് (50 പന്തില്‍ 24), ഹാരി ബ്രൂക്ക് (32 പന്തില്‍ 23), ബെന്‍ സ്റ്റോക്‌സ് (73 പന്തില്‍ 33), ക്രിസ് വോക്‌സ് (ഏഴ്), ബ്രൈഡന്‍ കാഴ്‌സ് (48 പന്തില്‍ 38), ജോഷ് ടോങ് (രണ്ട്) എന്നിവരാണ് അവസാന ദിനം പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍. 

മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. ഒലി പോപിനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കി പേസര്‍ ആകാശ് ദീപാണ് അവസാന ദിനം ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ നല്‍കിയത്. ബെന്‍ സ്റ്റോക്‌സും ജെയ്മി സ്മിത്തും സമനിലയ്ക്കായി പ്രതിരോധിച്ചു നിന്നതോടെ ഇന്ത്യ അപകടം മണത്തു. എന്നാല്‍ സ്പിന്നര്‍ വാഷിങ്ടന്‍ സുന്ദറിന്റെ 41ാം ഓവറില്‍ സ്റ്റോക്‌സിനു പിഴച്ചു. പന്തിനു മേല്‍ നിയന്ത്രണം നഷ്ടമായപ്പോള്‍ സ്റ്റോക്‌സ് എല്‍ബിഡബ്ല്യു ആയി മടങ്ങി.

56ാം ഓവറില്‍ ജെയ്മി സ്മിത്തിനെ ആകാശ്ദീപ് വാഷിങ്ടന്‍ സുന്ദറിന്റെ കൈകളിലെത്തിച്ചു. പിന്നീട് ബാക്കിയുള്ളത് വാലറ്റക്കാര്‍ മാത്രം. ഒരു സിക്‌സും അഞ്ചു ഫോറുകളും ബൗണ്ടറിയിലേക്കു പായിച്ച ബ്രൈഡന്‍ കാഴ്‌സ് പ്രതിരോധിച്ചെങ്കിലും ആകാശ്ദീപിന്റെ 69ാം ഓവറില്‍ താരം പുറത്തായി. നാലാം ദിനം ബാറ്റിങ് അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ബെന്‍ ഡക്കറ്റ് (15 പന്തില്‍ 25), സാക് ക്രൗലി (പൂജ്യം), ജോ റൂട്ട് (16 പന്തില്‍ ആറ്) എന്നിവര്‍ നാലാം ദിനം തന്നെ പുറത്തായിരുന്നു.  

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റു വിജയമാണു നേടിയത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 11 എന്ന നിലയിലായി. മൂന്നാം ടെസ്റ്റ് ജൂലൈ  പത്തിന് ലോഡ്‌സ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. 

India England match