/kalakaumudi/media/media_files/2025/06/22/ind-vs-eng-test-2025-06-22-18-18-12.webp)
ind vs eng test
ബിര്‍മിങാം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനെ ചരിത്രനേട്ടം കാത്തിരിപ്പുണ്ട് . കളി നടക്കുന്ന എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് ആയിട്ടില്ല. ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.
ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴിലും ഇന്ത്യ തോറ്റു. 1962-ല്‍ നേടിയ സമനില മാത്രമാണ് വലിയ നേട്ടം. ആ വേദിയില്‍ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 92 റണ്‍സിനാണ് പുറത്തായത്. 16 ഇന്നിങ്സുകളില്‍ 300-ന് മുകളില്‍ സ്‌കോര്‍ ചെയ്തത് രണ്ടുതവണ മാത്രം. 390 റണ്‍സാണ് ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. തിരിച്ചടികള്‍മാത്രം നേരിട്ട വേദിയിലേക്കാണ് ആദ്യമത്സരത്തിലെ തോല്‍വിയുടെ പ്രതിസന്ധിയില്‍ ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്നത്.
പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. അവസാന പത്ത് ടെസ്റ്റുകളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നു. പേസര്‍മാര്‍ 227 വിക്കറ്റാണ് തെറിപ്പിച്ചത്. സ്പിന്നര്‍മാര്‍ക്ക് കിട്ടിയത് 53 വിക്കറ്റ് മാത്രം.
സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ബുംറയെ മാറ്റിനിര്‍ത്തിയാല്‍ ആദ്യടെസ്റ്റില്‍ മറ്റ് ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം മോശമായിരുന്നു . ഇംഗ്ലണ്ട് ജോഫ്ര ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.