സഞ്ജു അടിതുടങ്ങി; ഇന്ത്യയ്ക്ക് മികച്ച തുടക്കം

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാനിറങ്ങുന്നത

author-image
Biju
New Update
SANJU 6

മുംബൈ: ട്വന്റി20ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടം. ഏഴു പന്തില്‍ ഒന്‍പതു റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. രണ്ടു ബൗണ്ടറികള്‍ നേടിയ അഭിഷേകിനെ വില്‍ ജാക്‌സെറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാനിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. റെഹാന്‍ അഹമ്മദിനു പകരം ജെയ്മി ഓവര്‍ടന്‍ പ്ലേയിങ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിങ് ഇലവന്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍ ഫില്‍ സോള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെതല്‍, ടോം ബാന്റന്‍,സാം കറന്‍, വില്‍ ജാക്‌സ്, റെഹാന്‍ അഹമ്മദ്, ലിയാം ഡോസന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്.

ടൂര്‍ണമെന്റില്‍ ഉടനീളം നിറം മങ്ങിയെങ്കിലും അഭിഷേക് ശര്‍മയില്‍നിന്ന് ഇന്ന് അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ബോളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. സിംസാബ്വെയ്‌ക്കെതിരെ അര്‍ധസെഞ്ചറി നേടിയതൊഴികെ മറ്റെല്ലാ മത്സരങ്ങളിലും അഭിഷേകിനെ തളയ്ക്കാന്‍ എതിരാളികള്‍ക്കു കഴിഞ്ഞു. 3 തവണ പൂജ്യത്തിനു പുറത്തായ താരം 6 മത്സരങ്ങളില്‍ ആകെ 80 റണ്‍സ് മാത്രമാണു നേടിയത്. സൂപ്പര്‍ 8 റൗണ്ടില്‍ സഞ്ജു കത്തിക്കയറിയതുപോലെ അഭിഷേക് തനിസ്വരൂപം പുറത്തെടുത്താല്‍ ഇന്ത്യയുടെ കളി മാറും; കഥയും. ഒരു വര്‍ഷം മുന്‍പ് വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെ 54 പന്തില്‍ 135 റണ്‍സ് അടിച്ചെടുത്ത് ട്വന്റി20യിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച താരമാണ് അഭിഷേക്.

മറുവശത്ത്, 2 തവണ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ഈ ടൂര്‍ണമെന്റിലും മികച്ച ഫോമിലാണ്. ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സാണ് ടീമിന്റെ നെടുംതൂണ്‍. ഏഴാമനായി ഇറങ്ങി ടൂര്‍ണമെന്റില്‍ 191 റണ്‍സ് നേടിയ താരം നാലു തവണയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച് ആയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, ടോം ബാന്റന്‍, സാം കറന്‍ എന്നിവരുടെ ബാറ്റിങ് സ്ഥിരതയും ടീമിന്റെ കരുത്ത്. ഓപ്പണര്‍മാരായ ജോസ് ബട്ലറും ഫില്‍ സോള്‍ട്ടും താളം കണ്ടെത്താന്‍ വിഷമിക്കുന്നതാണ് ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യം.