/kalakaumudi/media/media_files/2025/09/02/kafaa-2025-09-02-07-47-49.jpg)
ഹിസോര്‍: കാഫ നേഷന്‍സ് കപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഫിഫ റാങ്കിംഗില്‍ ഇരുപതാം സ്ഥാനക്കാരായ ഇറാനെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ച് ഞെട്ടിച്ചെങ്കിലും രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യതോല്‍വിയാണിത്. രണ്ടാം പകുതിയിലാണ് ഇറാന്‍ മൂന്ന് ഗോളുകളും നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇറാന്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. ഇന്ത്യ ആദ്യ മത്സരത്തില്‍ തജക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ മിന്നുന്ന സേവുകളും ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ രക്ഷാപ്രവര്‍ത്തനവുമാണ് ആദ്യ പകുതിയില്‍ ഇറാനെ ഗോള്‍ അടിക്കുന്നതില്‍ നിന്ന് തടഞ്ഞത്. ഗോള്‍രഹിതമായ ആദ്യ കുതിക്ക് ശേഷം 59-ാം മിനിറ്റില്‍ അമീര്‍ഹൊസെന്‍ ആണ് ഇറാന് ലീഡ് സമ്മാനിച്ചത്. ബോക്‌സിലേക്ക് വന്നൊരു ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രതിരോധത്തിന് പറ്റിയ പിഴവ് മുതലെടുത്താണ് അമീര്‍ഹൊസൈന്‍ ഇറാന് ലീഡ് സമ്മാനിച്ചത്.
ലീഡ് വഴങ്ങിയതോടെ ഖാലിദ് ജമീല്‍ ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി പ്രതിരോധം കടുപ്പിച്ചെങ്കിലും 89-ാം മിനിറ്റില്‍ അലി അലോപറിലൂടെ ഇറാന്‍ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍(90+6) മെഹ്ദി ടരേമിയിലൂടെ ഇറാന്‍ വിജയം ആധികാരികമാക്കി. ആദ്യ പകുതിയില്‍ മികച്ച പ്രതിരോധത്തിലൂടെ ശക്തരായ എതിരാളികളെ ഗോളടിക്കുന്നതില്‍ നിന്ന് തടഞ്ഞെങ്കിലും ഫൈനല്‍ തേര്‍ഡില്‍ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ ഇന്ത്യ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.
തജക്കിസ്ഥാനെതിരെ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഡാനിഷ് ഫാറും നിഖില്‍ പ്രഭുവും പ്ലേയിംഗ് ഇലവനില്‍ എത്തിയപ്പോള്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ സ്ഥാനം നിനിര്‍ത്തി. ആദ്യ മത്സരത്തില്‍ തജക്കിസ്ഥാനെ വീഴ്ത്തിയ ഇന്ത്യക്ക് ഇറാനെതിരായ തോല്‍വിയോടെ കാഫ നേഷന്‍സ് കപ്പിലെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചു. വ്യാഴാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തിയാല്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം സ്വന്തമാക്കാനാവും.
1959ല്‍ കൊച്ചിയില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യ ഇറാനെതിരെ അവസാനം ജയം നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു അന്നത്തെ ഇന്ത്യന്‍ ജയം. അതിനു മുമ്പ് 1951 ഏഷ്യന്‍ ഗെയിസില്‍ ഇന്ത്യ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്വര്‍ണം നേടിയിരുന്നു. 2018ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇന്ത്യയും ഇറാനും ഇതിന് മുമ്പ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഇന്ത്യ തോറ്റത്. ഏഷ്യന്‍ ടീമുകളടെ റാങ്കിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരാണ് ഇറാന്‍.