വിരമിക്കലില്ല; നീലക്കുപ്പായത്തില്‍ ഛേത്രി ഇന്നിറങ്ങും

മുന്‍ നായകനും ഇന്ത്യയുടെ ഇതിഹാസ താരവുമായ സുനില്‍ ഛേത്രി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് നീലക്കുപ്പായത്തില്‍ തിരിച്ചെത്തുന്ന മത്സരമെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.

author-image
Biju
New Update
rhhg

ഷില്ലോങ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെ നേരിടും. ഷില്ലോംഗില്‍ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്മയം കാണാനാകും. 

മുന്‍ നായകനും ഇന്ത്യയുടെ ഇതിഹാസ താരവുമായ സുനില്‍ ഛേത്രി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് നീലക്കുപ്പായത്തില്‍ തിരിച്ചെത്തുന്ന മത്സരമെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.

അതുകൊണ്ട് തന്നെ മാലദ്വീപിനെതിരെ ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും മുന്‍ നായകനിലായിരിക്കും. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യന്‍ ജഴ്‌സി അഴിച്ചുവെച്ച് വിരമക്കല്‍ പ്രഖ്യാപിച്ച ഛേത്രിയെ കോച്ച് മനോലോ മാര്‍ക്വേസ് ടീമിലേക്ക് തിരികെ വിളിക്കുകയായിരുന്നു.

ഛേത്രി വരമിച്ചതിന് ശേഷം ഇന്ത്യക്ക് ഒറ്റക്കളിയില്‍പോലും ജയിക്കാന്‍ കഴിഞ്ഞില്ല. ഗോളടിക്കാന്‍ പകരക്കാരനെ കണ്ടെത്താന്‍കഴിയാതിരുന്നതോടെയാണ് നാല്‍പതുകാരനായ ഛേത്രിയെ മാര്‍ക്വേസ് ടീമിലേക്ക് തിരികെ കൊണ്ടു വന്നത്. 94 ഗോള്‍ നേടിയിട്ടുള്ള ഛേത്രിയുടെ നൂറ്റി അന്‍പത്തിരണ്ടാം മത്സരം ആയിരിക്കുമിത്.

ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഛേത്രി മാലദ്വീപിനെതിരെ കളിക്കുമെന്ന് ഇന്ത്യന്‍ കോച്ച് ഉറപ്പ് നല്‍കുന്നു. സന്നാഹമത്സമായിനാല്‍ ആറ് പകരക്കാര്‍ ഉള്‍പ്പടെ പതിനേഴ് താരങ്ങളെ കളിപ്പിക്കാം. ഈമാസം ഇരുപത്തിയഞ്ചിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യ സന്നാഹമത്സരത്തിന്
ഇറങ്ങുന്നത്.

ഷില്ലോംഗില്‍ ഇന്ത്യയുടെ ആദ്യ മത്സരംകൂടിയാണിത്. മോഹന്‍ ബഗാന്റെ ആഷിഖ് കുരുണിയന്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം. ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറ്റി ഇരുപത്തിയാറും മാലദ്വീപ് നൂറ്റി അറുപത്തിരണ്ടാം സ്ഥാനത്തുമാണ്. 

ഇന്ത്യന്‍ പരിശീലകനായി ആദ്യ ജയം ലക്ഷ്യമിട്ടാണ് എഫ് സി ഗോവ കോച്ചായ മനോലോ മാര്‍ക്വേസ് ഇറങ്ങുന്നത്. പരസ്പരം മത്സരിച്ച 21 മത്സരങ്ങളില്‍ ഇന്ത്യ 15 തവണ ജയിച്ചു. 2021ലെ സാഫ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഇരു ടീമും അവസാനം ഏറ്റുമുട്ടിയത്. സുനില്‍ ഛേത്രി ഇരട്ട ഗോള്‍ നേടിയ ആ മത്സരത്തില്‍ ഇന്ത്യ 3-1ന് ജയിച്ചു.

ഇന്ത്യന്‍ ടീം: അമരീന്ദര്‍ സിംഗ്, ഗുര്‍മീത് സിംഗ്, വിശാല്‍ കൈത്, ആശിഷ് റായ്, ബോറിസ് സിംഗ് തങ്ജാം, ചിംഗ്ലെന്‍സന സിംഗ് കോന്‍ഷാം, ഹ്‌മിംഗ്തന്‍മാവിയ, മെഹ്താബ് സിംഗ്, രാഹുല്‍ ഭേക്കെ, റോഷന്‍ സിംഗ് നൗറെം, സന്ദേശ് ജിംഗാന്‍, സുഭാഷിഷ് ബോസ്, ആഷിക് കുരുണിയന്‍, എഫ് ഓജം, ലാലെങ്മാവിയ, ലിസ്റ്റണ്‍ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സുരേഷ് സിംഗ് വാങ്ജാം, സുനില്‍ ഛേത്രി, ഫാറൂഖ് ചൗധരി, ഇര്‍ഫാന്‍ യാദ്വാദ്, മന്‍വീര്‍ സിംഗ്.

 

sunil chhetri