രാജ്‌കോട്ടിലെ ടീം ഇന്ത്യയില്‍ രാഹുലിന്റെ വിളയാട്ടം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും (38 പന്തില്‍ 34) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്

author-image
Biju
New Update
RAJKOT 2

രാജ്‌കോട്ട്: ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചു നല്‍കിയെങ്കിലും ടീമിനെ മുന്നില്‍നിന്നു നയിക്കാനുള്ള ചുമതല കെ.എല്‍.രാഹുല്‍ വിട്ടുനല്‍കിയില്ല. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ കെ.എല്‍.രാഹുലിന്റെ (92 പന്തില്‍ 112*) സെഞ്ചറിയുടെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ (53 പന്തില്‍ 56) അര്‍ധസെഞ്ചറിയുടെയും ബാറ്റിങ് കരുത്തില്‍ പൊരുതാവുന്ന സ്‌കോര്‍ എത്തിപ്പിടിച്ച് ഇന്ത്യ.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. ന്യൂസീലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം. ഏകദിനത്തിലെ എട്ടാം സെഞ്ചറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നിര്‍ണായകഘട്ടത്തില്‍ ക്രീസിലെത്തിയ രാഹുല്‍ കുറിച്ചത്. 11 ഫോറും ഒരു സിക്‌സുമാണ് രാഹുലിന്റെ ബാറ്റില്‍നിന്നു പിറന്നത്. 49ാം ഓവറില്‍ കൈല്‍ ജാമിസനെ സിക്‌സര്‍ പറത്തിയാണ് രാഹുല്‍ സെഞ്ചറി തികച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും (38 പന്തില്‍ 34) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറുകളില്‍ പതറിയെങ്കിലും പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 57ല്‍ എത്തി. 11ാം പന്തിലാണ് രോഹിത് ആദ്യ റണ്‍ നേടിയത്. അക്കൗണ്ട് തുറക്കാന്‍ ഇത്രയും ബോളുകള്‍ രോഹിത് നേരിട്ടത് ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രമാണ്. 2010ല്‍ സിംബാബ്വെയ്‌ക്കെതിരെ 13ാം പന്തിലാണ് രോഹിത് ആദ്യ റണ്‍സ് കുറിച്ചത്. എങ്കിലും പിന്നീട് നാല് ബൗണ്ടറികള്‍ താരം നേടി. 13ാം ഓവറില്‍ വില്‍ യങ്ങിന്റെ കൈകളില്‍ എത്തിച്ച് ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കാണ് രോഹിത്തിനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റില്‍ രോഹിത്തും ഗില്ലും ചേര്‍ന്ന് 70 റണ്‍സ് നേടി.

പിന്നാലെ ക്രീസിലെത്തിയത് മിന്നും ഫോമിലുള്ള വിരാട് കോലി.  എന്നാല്‍ രണ്ടാം വിക്കറ്റില്‍ 29 റണ്‍സ് മാത്രമാണ് ഗില്‍കോലി സഖ്യത്തിന് കൂട്ടിച്ചേര്‍ക്കാനായത്.   തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചറിയുമായി ഗില്‍ ഫോം തെളിയിച്ചെങ്കിലും അധികം വൈകാതെ മടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (17 പന്തില്‍ 8) മടങ്ങിയതോടെ കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിലും മിന്നും ഫോമിലായിരുന്ന കോലിയിലായിരുന്നു പിന്നീട് ഇന്ത്യന്‍ പ്രതീക്ഷ. രണ്ട് ബൗണ്ടറികളുമായി കോലി സൂചന നല്‍കിയെങ്കിലും നീണ്ട ഇന്നിങ്‌സ് കളിക്കാന്‍ താരത്തിനായില്ല. 29 പന്തില്‍ 23 റണ്‍സെടുത്ത കോലിയെ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍.രാഹുല്‍ രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കൂട്ടത്തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സെടുത്തു. ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും വിക്കറ്റു പോകാതെ കാത്തു. 44 പന്തില്‍ 27 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, 39ാം ഓവറില്‍ വീണതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 191ല്‍ എത്തിയിരുന്നു. എങ്കിലും മറുവശത്ത് കെ.എല്‍.രാഹുല്‍ നിലയുറപ്പിക്കുകയായിരുന്നു. ജഡേജയ്ക്കു പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി (21 പന്തില്‍ 20), ഹര്‍ഷിത് റാണ (4 പന്തില്‍ 2), മുഹമ്മദ് സിറാജ് (3 പന്തില്‍ 2*) എന്നിവരെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യന്‍ സ്‌കോര്‍ 280 കടത്തുകയായിരുന്നു. 49ാം ഓവറിലാണ് രാഹുലിന്റെ സെഞ്ചറി പിറന്നത്. 

ടോസ് നഷ്ടംടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മൈക്കല്‍ മൈക്കല്‍ ബ്രേസ്വെല്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പരുക്കേറ്റ് വാഷിങ്ടന്‍ സുന്ദറിനു പകരം നിതീഷ് കുമാര്‍ റെഡ്ഡി ഇലവനില്‍ സ്ഥാനം പിടിച്ചു. ഇതോടെ വാഷിങ്ടന് പകരക്കാരനായി സ്‌ക്വാഡില്‍ എത്തിയ ബദോനിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. ന്യൂസീലന്‍ഡ് ടീമില്‍ ജെയ്ഡന്‍ ലെനോക്‌സ് പ്ലേയിങ് ഇലവനിലെത്തി.