/kalakaumudi/media/media_files/2026/01/23/new-4-2026-01-23-19-29-56.jpg)
റായ്പുര്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ രണ്ടു മാറ്റവുമായാണ് ഇന്ത്യന്‍ ഇറങ്ങുന്നത്. കൈവിരലിനു പരുക്കേറ്റ വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പുറത്തായപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചു. ഇവര്‍ക്കു പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. ന്യൂസീലന്‍ഡ് ടീമില്‍ മൂന്നു മാറ്റമുണ്ട്. ടിം റോബിന്‍സന്‍, കീല്‍ ജാമിസന്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് എന്നിവര്‍ പുറത്തായപ്പോള്‍ ടിം സീഫെര്‍ട്ട്, സക്കറി ഫോള്‍ക്‌സ്, മാറ്റ് ഹെന്റി എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തി.
ഓപ്പണിങ്ങില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ സഞ്ജു സാംസണ്‍, ടീമിലേക്കുള്ള തിരിച്ചുവരവില്‍ രണ്ടക്കം കാണാതെ മടങ്ങിയ ഇഷാന്‍ കിഷന്‍, അഅര്‍ധ സെഞ്ചറികളില്ലാതെ തുടര്‍ച്ചയായി 23 ഇന്നിങ്‌സുകള്‍ പിന്നിട്ട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്നു നടക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പലര്‍ക്കും ഇത് സെക്കന്‍ഡ് ചാന്‍സ് കൂടിയാണ്. ട്വന്റി20 ലോകകപ്പിനു 2 ആഴ്ച മാത്രം ബാക്കിനില്‍ക്കെ ആരാധകരുടെ വിശ്വാസവും പ്ലേയിങ് ഇലവനില്‍ സ്ഥാനവും ഉറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടം.
ബുധനാഴ്ച നാഗ്പുരില്‍ നടന്ന ആദ്യ ട്വന്റി20യിലെ 48 റണ്‍സ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അഭിഷേക് ശര്‍മയുടെ വിസ്മയിപ്പിക്കുന്ന ഫോമിലാണ് ടീമിന്റെ വലിയ പ്രതീക്ഷ. ഓപ്പണിങ്ങില്‍ അഭിഷേകിനൊപ്പം സഞ്ജുവും കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയ്ക്ക് ഇരട്ടി ആവേശത്തോടെ ലോകകപ്പിനൊരുങ്ങാം. ശ്രേയസ് അയ്യര്‍ക്കു പകരം നാഗ്പുരില്‍ പ്ലേയിങ് ഇലവനില്‍ ഇടംനേടിയ ഇഷാന്‍ കിഷനെ ഇന്ത്യ ഇന്നും മൂന്നാം നമ്പറില്‍ ഇറക്കും. എന്നാല്‍, ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനം ആശാവഹമായിരുന്നില്ല.
ഒരു റണ്ണിനിടെ 2 കിവീസ് വിക്കറ്റുകള്‍ വീഴ്ത്തി തുടങ്ങിയ ബോളിങ് നിരയ്ക്കു പിന്നീടു മൂര്‍ച്ച നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും അക്ഷര്‍ പട്ടേലുമെല്ലാം കൂടുതല്‍ റണ്‍സ് വഴങ്ങിയപ്പോള്‍ 4 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയ അര്‍ഷ്ദീപ് സിങ്ങിന്റേതായിരുന്നു മികച്ച പ്രകടനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
