നിറഞ്ഞാടി അഭിഷേകും സൂര്യയും; 10 ഓവറില്‍ കളിച്ച് ജയിച്ച് ഇന്ത്യ

12 പന്തില്‍ ഫിഫ്റ്റിയടിച്ച അഭിഷേകിന്റെ 'ആശാന്‍' യുവരാജാണ് ഒന്നാമത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2 ന് 94 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പവര്‍പ്ലേ സ്‌കോറാണിത്.

author-image
Biju
New Update
ABHISEKH

ഗുവാഹത്തി: സഞ്ജു സാംസണ്‍ കളിച്ച അതേ പിച്ചില്‍ തന്നെയാണോ ബാക്കി ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ചത് ബാക്കിയുള്ളവരുടെ ബാറ്റിങ് കണ്ടപ്പോള്‍ അതു മാത്രമായിരുന്ന സംശയം. സഞ്ജു ഒഴികെ ഇറങ്ങിയ ബാറ്റര്‍മാരെല്ലാം നിറഞ്ഞാടിയപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം വെറും 10 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. എട്ടു വിക്കറ്റ് ജയത്തോടെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മയും (20 പന്തില്‍ 68*), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (26 പന്തില്‍ 57*) അര്‍ധസെഞ്ചറി നേടി.

മറുപടി ബാറ്റിങ്ങില്‍, ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സഞ്ജു സാംസണ്‍ പുറത്തായത് ഒഴിച്ചാല്‍ മിന്നില്‍ വേഗത്തിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. മൂന്നാമനായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ (13 പന്തില്‍ 28) കഴിഞ്ഞ മത്സരത്തിലെ അതേ ഫോം തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് കുതിച്ചുപാഞ്ഞു. രണ്ടു സിക്‌സും മൂന്നു ഫോറുമായി ഇഷാന്‍ തകര്‍ത്തടിച്ചതോടെ മൂന്നാം ഓവറില്‍ ഇന്ത്യ 49 റണ്‍സിലെത്തി. നാലാം ഓവറില്‍ ഇഷ് സോദി ഇഷാനെ പുറത്താക്കിയെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ ക്രീസിലെത്തിയതോടെ അഭിഷേക് ശര്‍മ ടോപ് ഗിയറിലായി.

പിന്നീട് വെറും ബോള്‍ എറിഞ്ഞുകൊടുക്കുന്ന ചുമതല മാത്രമേ കിവീസ് ബോളര്‍മാര്‍ക്കുണ്ടായിരുന്നുള്ളൂ. ഇരു ബാറ്റര്‍മാരും തലവിലങ്ങും പ്രഹരിച്ചതോടെ ബോളര്‍മാര്‍ ഫുള്‍ടൈം എയറിലായി. വെറും 14 പന്തിലാണ് അഭിഷേക് അര്‍ധസെഞ്ചറി നേടിയത്. ട്വന്റി20 ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറിയാണിത്. 12 പന്തില്‍ ഫിഫ്റ്റിയടിച്ച അഭിഷേകിന്റെ 'ആശാന്‍' യുവരാജാണ് ഒന്നാമത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2 ന് 94 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പവര്‍പ്ലേ സ്‌കോറാണിത്.

ബുമ്ര, ബിഷ്‌ണോയ് റിട്ടേണ്‍സ്!ഒരു വര്‍ഷത്തിനു ശേഷം ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ രവി ബിഷ്‌ണോയി, ഒരു മത്സരത്തിന്റെ ഇടവേളയില്‍ ടീമിലേക്ക് എത്തിയ ജസ്പ്രീത് ബുമ്ര; ബോളര്‍മാര്‍ ഒത്തുപിടിച്ചപ്പോള്‍ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ ചെറിയ സ്‌കോറിലൊതുക്കി ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത കിവീസ്, നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്. 48 റണ്‍സെടുത്ത് ഗ്ലെന്‍ ഫിലിപ്‌സാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്‌ണോയ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ഷിത് റാണ ഒരു വിക്കറ്റെടുത്തപ്പോള്‍ ഒരാള്‍ റണ്ണൗട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനെ തുടക്കം മുതല്‍ പിഴച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയെ(2 പന്തില്‍ 1) അവര്‍ക്കു നഷ്ടമായി. ഹര്‍ഷിത് റാണയുടെ പന്തില്‍ കിടിലന്‍ ക്യാച്ചിലൂടെ ഹാര്‍ദിക് പാണ്ഡ്യയാണ് കോണ്‍വെയെ കൈയ്യിലൊതുക്കിയത്. രണ്ടാം ഓവറില്‍, മൂന്നാമനായി ഇറങ്ങിയ രചിന്‍ രവീന്ദ്രയുടെ (5 പന്തില്‍ 4) വിക്കറ്റ് ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തി. പവര്‍പ്ലേ അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് മറ്റൊരു ഓപ്പണര്‍ ടിം സീഫെര്‍ട്ടിന്റെ വിക്കറ്റ് ജസ്പ്രീത് ബുമ്രയും തെറിപ്പിച്ചു. പവര്‍പ്ലേ തീരുമ്പോള്‍ 3ന് 36 എന്ന നിലയിലായിരുന്നു കിവീസ്. ഈ പരമ്പരയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോറാണിത്.

നാലാം വിക്കറ്റില്‍ ഒന്നിച്ച ഗ്ലെന്‍ ഫിലിപ്‌സ്(40 പന്തില്‍ 48)മാര്‍ക് ചാപ്മാന്‍ (23 പന്തില്‍ 32) സഖ്യമാണ് ന്യൂസീലന്‍ഡിനെ വലിയ തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 52 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 9ാം ഓവറില്‍ കുല്‍ദീപ് യാദവിനെതിരെ 19 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 12ാം ഓവറില്‍ ചാപ്മാനെ സഞ്ജു സാംസന്റെ കൈകളില്‍ എത്തിച്ച് രവി ബിഷ്‌ണോയ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഡാരില്‍ മിച്ചല്‍(8 പന്തില്‍ 14) ഒരു സിക്‌സും ഒരു ഫോറുമായി നന്നായി തുടങ്ങിയെങ്കിലും 15ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ മിച്ചലിനെ പുറത്താക്കി.

തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ രവി ബിഷ്‌ണോയിയും വീഴ്ത്തി. 4 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്താണ് ബിഷ്‌ണോയ് ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ (17 പന്തില്‍ 27) ബാറ്റിങ്ങാണ് ന്യൂസീലന്‍ഡ് സ്‌കോര്‍ 150 കടത്തിയത്. കൈല്‍ ജാമിസന്‍ 3 റണ്‍സെടുത്തും മാറ്റ് ഹെന്റി ഒരു റണ്‍സെടുത്തും പുറത്തായപ്പോള്‍ ഇഷ് സോദി (2*), ജേക്കബ് ഡഫി (4*) എന്നിവര്‍ പുറത്താകാതെ നിന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കിവീസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങിയത്. പേസര്‍ അര്‍ഷ്ദീപ് സിങ്ങിനും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം അനുവദിച്ചപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തി. വരുണിനു പകരം രവി ബിഷ്‌ണോയ്ക്കും ഇടം ലഭിച്ചു. ന്യൂസീലന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ട്. കൈല്‍ ജാമിസന്‍ ടീമിലേക്കു തിരിച്ചെത്തിയപ്പോള്‍ സക്കറി ഫൗക്‌സ് പുറത്തായി.