/kalakaumudi/media/media_files/2026/01/19/mrf-2026-01-19-08-18-57.jpg)
ഇന്‍ഡോര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 41 റണ്‍സ് തോല്‍വി വഴങ്ങി ഇന്ത്യ. കിവീസ് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറില്‍ 296 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ പരമ്പര 21ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. ന്യൂസീലന്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര തിരിച്ചുപിടിച്ചത്.
ആറു വര്‍ഷമായി സ്വന്തം മണ്ണില്‍ ഒരു ഏകദിന പരമ്പര പോലും തോല്‍ക്കാത്ത ഇന്ത്യയുടെ വിജയത്തുടര്‍ച്ചയ്ക്കും ഇതോടെ അവസാനമായി. മറുപടി ബാറ്റിങ്ങില്‍ 108 പന്തുകള്‍ നേരിട്ട കോലി 124 റണ്‍സെടുത്താണു പുറത്തായത്. 91 പന്തുകളില്‍നിന്നായിരുന്നു കോലിയുടെ സെഞ്ചറി നേട്ടം. മൂന്ന് സിക്‌സുകളും പത്ത് ഫോറുകളും താരം ബൗണ്ടറി കടത്തി. മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ (11), ശ്രേയസ് അയ്യര്‍ (മൂന്ന്), കെ.എല്‍. രാഹുല്‍ (ഒന്ന്) എന്നിവര്‍ക്കു തിളങ്ങാനാകാതെ പോയതാണ് മത്സരത്തില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായത്.
നിതീഷ് കുമാര്‍ റെഡ്ഡിയും (57 പന്തില്‍ 53), ഹര്‍ഷിത് റാണയും (43 പന്തില്‍ 52) അര്‍ധ സെഞ്ചറി നേടി പുറത്തായി. വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ ഏഴിന് 277 എന്ന നിലയില്‍നിന്ന് 296 റണ്‍സെടുക്കുമ്പോഴേക്കും ഇന്ത്യ ഓള്‍ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് അടിച്ചെടുത്തത്. മധ്യനിര താരങ്ങളായ ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും സെഞ്ചറിക്കരുത്തിലാണ് കിവീസ് വമ്പന്‍ സ്‌കോറിലെത്തിയത്. 131 പന്തുകള്‍ നേരിട്ട ഡാരില്‍ മിച്ചല്‍ മൂന്നു സിക്‌സുകളും 15 ഫോറുകളും സഹിതം 137 റണ്‍സെടുത്തു. 88 പന്തുകളില്‍ 106 റണ്‍സാണ് ഗ്ലെന്‍ ഫിലിപ്‌സ് അടിച്ചെടുത്തത്.
58 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ കിവീസിനെ സുരക്ഷിതമായ സ്‌കോറിലേക്കെത്തിച്ചത് ഡാരില്‍ മിച്ചല്‍ ഫിലിപ്‌സ് സഖ്യമാണ്. ഇരുവരും ചേര്‍ന്ന് 219 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ ഹെന്റി നിക്കോള്‍സിനെ അര്‍ഷ്ദീപ് സിങ്ങും തൊട്ടുപിന്നാലെ ഡെവോണ്‍ കോണ്‍വെയെ ഹര്‍ഷിത് റാണയും പുറത്താക്കിയത് ഇന്ത്യയ്ക്കു പ്രതീക്ഷയായിരുന്നു. പിന്നീടായിരുന്നു കിവീസ് ബാറ്റര്‍മാരുടെ രക്ഷാപ്രവര്‍ത്തനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
