ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ; പരമ്പര പിടിക്കാന്‍ ടീമില്‍ നിര്‍ണായക മാറ്റം

ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് ടീമിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ മാറ്റങ്ങളില്ല

author-image
Biju
New Update
new2

ഇന്‍ഡോര്‍: മൂന്നാം ഏകദിന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇറങ്ങുന്നത്. ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് ടീമിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ മാറ്റങ്ങളില്ല.

ഇന്ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ തോല്‍വിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ടീം ഇന്ത്യയോ ആരാധകരോ തയാറല്ല. 6 വര്‍ഷമായി സ്വന്തം മണ്ണില്‍ ഒരു ഏകദിന പരമ്പര പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. മറുവശത്ത്, രണ്ടാം ഏകദിനത്തില്‍ നേടിയ ആധികാരിക ജയത്തിലൂടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തിയ ന്യൂസീലന്‍ഡിന്, ഇന്നു ജയിച്ചാല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ഏകദിന പരമ്പര എന്ന ചരിത്ര നേട്ടം സ്വന്തമാക്കാം.

2019ല്‍ ഓസ്‌ട്രേലിയയോടേറ്റ തോല്‍വിക്കു ശേഷം, സ്വന്തം നാട്ടില്‍ ഇതുവരെ ഒരു ഏകദിന പരമ്പര പോലും ടീം ഇന്ത്യ കൈവിട്ടിട്ടില്ല. ഹോം ഗ്രൗണ്ടിലെ സ്പിന്‍ ആധിപത്യവും ബാറ്റര്‍മാരുടെ ഫോമുമാണ് ഇന്ത്യയുടെ ഈ അപരാജിത കുതിപ്പിനു കാരണം. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ സ്പിന്‍നിര തീര്‍ത്തും നിരാശപ്പെടുത്തി. സ്‌പെഷലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും രണ്ടു മത്സരത്തിലും കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഇന്ത്യയുടെ പേസ് നിരയും സമ്മര്‍ദത്തിലായി. ബാറ്റിങ്ങില്‍ ടോപ് ഓര്‍ഡര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമ്പോഴും മധ്യനിരയില്‍ കെ.എല്‍.രാഹുലിന് ഒഴികെ മറ്റാര്‍ക്കും താളംകണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇന്ത്യന്‍ പിച്ചുകളില്‍ എത്തുമ്പോള്‍ അമാനുഷിക ഫോമിലേക്ക് ഉയരുന്ന ഡാരില്‍ മിച്ചലിന്റെ ബാറ്റിങ് കരുത്തില്‍ തന്നെയാണ് കിവീസിന്റെ പ്രതീക്ഷ. മിച്ചലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ അനായാസം നേരിട്ടു മുന്നേറുന്ന കിവീസ് ബാറ്റിങ് നിര ടീമിന് കരുത്തേകുന്നു. യുവ പേസര്‍മാരുമായി എത്തിയ കിവീസിന് ബോളിങ്ങില്‍ പ്രധാന ആശ്രയം കൈല്‍ ജെയ്മിസനാണ്. ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ നയിക്കുന്ന സ്പിന്‍ വിഭാഗം കൂടി ഫോം കണ്ടെത്തിയതോടെ കിവീസ് കൂടുതല്‍ കരുത്തരായി. 1989 മുതല്‍ ഇന്ത്യയില്‍ ഏകദിന പരമ്പര കളിക്കുന്ന കിവീസിന് ആദ്യമായി ഇവിടെയൊരു പരമ്പര ജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ന് ഇന്‍ഡോറില്‍ കാത്തിരിക്കുന്നത്.