/kalakaumudi/media/media_files/2026/01/12/kolhi-3-2026-01-12-08-41-32.jpg)
വഡോദര: 93 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ചെയ്‌സിങ്ങിന് ജീവന്‍ നല്‍കിയപ്പോള്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 301 റണ്‍സ് ആണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് മുന്‍പില്‍ വെച്ചത്. ഒരു ഓവര്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയ ലക്ഷ്യം മറികടന്ന് പരമ്പരയില്‍ 1-0ന് മുന്‍പിലെത്തി.
കരുതലോടെയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ചെയ്‌സിങ് ആരംഭിച്ചത്. എന്നാല്‍ പവര്‍പ്ലേയില്‍ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ആക്രമിച്ച് കളിക്കാനുള്ള ശ്രമത്തിന് ഇടയില്‍ രോഹിത്തിന് ടൈമിങ്ങില്‍ പിഴച്ചപ്പോള്‍ മിഡ് ഓഫില്‍ ബ്രേസ്വെല്ലിന്റെ കൈകളില്‍ ഒതുങ്ങി. 29 പന്തില്‍ നിന്ന് 26 റണ്‍സ് ആണ് രോഹിത് നേടിയത്. ഓപ്പണിങ്ങില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് ഒന്‍പത് ഓവറില്‍ 39 റണ്‍സ്.
പിന്നാലെ കോലിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 71 പന്തില്‍ നിന്ന് 56 റണ്‍സുമായി ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 27 ഓവറില്‍ 157 റണ്‍സ്. പിന്നാലെ കോഹ്ലിക്ക് കൂട്ടായി ശ്രേയസ് അയ്യര്‍ എത്തി. മറ്റൊരു ഏകദിന സെഞ്ചുറിയിലേക്ക് കൂടി കോഹ്ലി എത്തുകയാണെന്ന് തോന്നിച്ചു.
എന്നാല്‍ 40ാം ഓവറിലെ ആദ്യ പന്തില്‍ ജാമിസണ്‍ കോലിയെ മടക്കി. 91 പന്തില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സും സഹിതം 93 റണ്‍സ് ആണ് കോലി നേടിയത്. കോഹ്ലിയാണ് പ്ലേയര്‍ ഓഫ് ദ് മാച്ച്. കോലി പുറത്തായ അതേ ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജയേയും ജാമിസണ്‍ വീഴ്ത്തി. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരേയും നഷ്ടമായതോടെ ഇന്ത്യ സമ്മര്‍ദത്തിലായി.
47 പന്തില്‍ നിന്ന് 49 റണ്‍സ് ആണ് ശ്രേയസ് കണ്ടെത്തിയത്. എന്നാല്‍ ഒരു വശത്ത് രാഹുല്‍ ഉറച്ച് നിന്നതോടെ ഇന്ത്യക്ക് മറ്റ് അപകടങ്ങളിലേക്ക് വീഴാതെ വിജയ ലക്ഷ്യം മറികടക്കാനായി. 21 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുല്‍ 29 റണ്‍സോടെ പുറത്താവാതെ നിന്നത്. ഹര്‍ഷിത് റാണ 23 പന്തില്‍ രണ്ട് ഫോറും ഒരി സിക്‌സും പറത്തി നിര്‍ണായകമായ 29 റണ്‍സ് സ്‌കോര്‍ ചെയ്താണ് മടങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
