കിവീസിനെ പിടിച്ചുകെട്ടി ഇന്ത്യ; ജയം 48 റണ്‍സിന്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറില്‍ സഞ്ജു സാംസണെയും (10), മൂന്നാം ഓവറില്‍ ഇഷാന്‍ കിഷനെയും (8) നഷ്ടമായ ഇന്ത്യ രണ്ടിന് 27 റണ്‍സെന്ന നിലയിലായിരുന്നു

author-image
Biju
New Update
new3

നാഗ്പുര്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 48 റണ്‍സിന് കീഴടക്കി ഇന്ത്യ. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (10).

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം കത്തിക്കയറിയ ഗ്ലെന്‍ ഫിലിപ്സ് ഇന്ത്യയെ ഏറെ നേരം വെള്ളംകുടിപ്പിച്ചു. ഒടുവില്‍ 14-ാം ഓവറില്‍ ഫിലിപ്സിനെ ശിവം ദുബെയുടെ കൈകളിലെത്തിച്ച അക്ഷര്‍ പട്ടേലാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 40 പന്തുകള്‍ നേരിട്ട ഫിലിപ്സ് ആറു സിക്സും നാല് ഫോറുമടക്കം 78 റണ്‍സെടുത്തു. ഇടയ്ക്ക് ഫിലിപ്സിനെ റണ്ണൗട്ടാക്കാനുള്ള അവസരം സഞ്ജു സാംസണ്‍ പാഴാക്കിയിരുന്നു.

ഡെവോണ്‍ കോണ്‍വെ (0), രചിന്‍ രവീന്ദ്ര (1) എന്നിവരെ ആദ്യ ഒമ്പത് പന്തുകള്‍ക്കുള്ളില്‍ നഷ്ടമായി തകര്‍ച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഫിലിപ്സ് - ടിം റോബിന്‍സണ്‍ സഖ്യം 30 പന്തില്‍ നിന്ന് 51 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത റോബിന്‍സണെ മടക്കി വരുണ്‍ ചക്രവര്‍ത്തി ഈ കൂട്ടുകെട്ട് പൊളിച്ചു.

എന്നാല്‍ പിന്നീട് ഫിലിപ്സ് കത്തിക്കയറുന്നതാണ് കണ്ടത്. നാലാം വിക്കറ്റില്‍ മാര്‍ക്ക് ചാപ്മാനെ കൂട്ടുപിടിച്ച് ഫിലിപ്സ് ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും ബുദ്ധിമുട്ടിലാക്കി. ഒടുവില്‍ അക്ഷര്‍ പട്ടേല്‍ ഫിലിപ്സിനെ മടക്കിയതോടെ ഇന്ത്യയ്ക്ക് ആശ്വാസമായി. ചാപ്മാനൊപ്പം 42 പന്തില്‍ നിന്ന് 79 റണ്‍സ് ചേര്‍ത്താണ് ഫിലിപ്സ് മടങ്ങിയത്. ചാപ്മാന്‍ 24 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 39 റണ്‍സെടുത്ത് പുറത്തായി.

ഡാരില്‍ മിച്ചലും (28), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും (20*) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യയ്ക്കായി ശിവം ദുബെയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശര്‍മയുടെയും റിങ്കു സിങ്ങിന്റെയും മികവില്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 238 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. വെറും 35 പന്തുകള്‍ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറില്‍ സഞ്ജു സാംസണെയും (10), മൂന്നാം ഓവറില്‍ ഇഷാന്‍ കിഷനെയും (8) നഷ്ടമായ ഇന്ത്യ രണ്ടിന് 27 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാറുമൊത്ത് അഭിഷേക് 47 പന്തില്‍ നിന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കിവീസ് വിറച്ചു. 11-ാം ഓവറില്‍ സൂര്യയെ പുറത്താക്കി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സമീപകാലത്ത് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന സൂര്യ 22 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് പുറത്തായത്. ഒരു സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

പിന്നാലെ 12-ാം ഓവറില്‍ അഭിഷേകും മടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിങ് റേറ്റ് താഴ്ന്നു. ഇതിനിടെ ശിവം ദുബെ (9) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 16 പന്തില്‍ നിന്ന് 25 റണ്‍സടിച്ച ഹാര്‍ദിക്കാകട്ടെ ഒരു സിക്‌സറിനുള്ള ശ്രമത്തില്‍ പുറത്താകുകയും ചെയ്തു.

ഒടുവില്‍ അവസാന ഓവറുകളില്‍ റിങ്കു സിങ് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 238-ല്‍ എത്തിച്ചത്. വെറും 20 പന്തുകള്‍ നേരിട്ട റിങ്കു മൂന്ന് സിക്‌സും നാല് ഫോറുമടക്കം 44 റണ്‍സോടെ പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചല്‍ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്.